പ്രതിവർഷം 10 കോടി ദിർഹം ബജറ്റിൽ വകയിരുത്തി To advertise here, അബുദാബി : ഏത് അടിയന്തരസാഹചര്യങ്ങളെയും നേരിടാൻ രാജ്യത്തെ മുൻനിരസേനയെ സജ്ജമാക്കാനുള്ള വൻപദ്ധതിയുമായി അബുദാബി സർക്കാർ. ആരോഗ്യരംഗം, ആംബുലൻസ് സർവീസുകൾ, സുരക്ഷാ ഏജൻസികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 20,000 പേർക്ക് പ്രത്യേകപരിശീലനം നൽകാനാണ് തീരുമാനം. ഇതിനായി പ്രതിവർഷം 10 കോടി ദിർഹം ബജറ്റിൽ വകയിരുത്തി. അബുദാബിയിൽ നടന്ന ദേശീയ അടിയന്തര പ്രതികരണ ഫോറമായ ഇസ്തിജാബയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. യു.എ.ഇ.യുടെ ദേശീയ സന്നദ്ധ സേനാപദ്ധതിയായ ജാഹിസിയയാണ് പരിപാടി സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ആദ്യമെത്തുന്ന ആരോഗ്യേതര മേഖലകളിലെ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഭാഗമാകും. ആശുപത്രി ജീവനക്കാർ, എമർജൻസി മെഡിക്കൽ സർവീസുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിലെ 20,000 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനംനൽകുക. അന്താരാഷ്ട്ര അംഗീകാരമുള്ള പരിശീലനപദ്ധതിയായിരിക്കുമിത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പത്തിലേറെ പ്രമുഖ സർവകലാശാലകളും പരിശീലനകേന്ദ്രങ്ങളും പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. യു.എ.ഇ.യിലുടനീളം അടിയന്തര പ്രതികരണ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിൽ ഇസ്തിജാബ ഫോറം സംഘടിപ്പിക്കും. അബുദാബിയിൽ ആരംഭിച്ച പരിപാടി ചൊവ്വാഴ്ച അജ്മാനിലും ബുധനാഴ്ച ഫുജൈറയിലും പരിപാടി നടക്കും. വരുന്ന ഞായറാഴ്ച ദുബായിലാണ് ഫോറം സമാപിക്കുക. സാധാരണ പരിശീലനത്തിനുപകരം പ്രായോഗികമായി അറിവ് പകരുന്നരീതിയിലാണ് സിലബസ്. ഇതിന്റെ ഭാഗമായി യഥാർഥസാഹചര്യങ്ങൾപോലെ മോക്ക് ഡ്രില്ലുകളും വിവിധ ഏജൻസികൾ ചേർന്നുള്ള സംയുക്തപരിശീലനവും നൽകും. യു.എ.ഇ.യുടെ സന്നദ്ധതയെയും മുൻകരുതലുകളെയും യൂറോപ്യൻ സെന്റർ ഫോർ ഡിസാസ്റ്റർ മെഡിസിൻ പ്രസിഡന്റ് പ്രൊഫ. റോബർട്ടോ മുഗവേറോ പ്രശംസിച്ചു. സ്ഥാപനങ്ങളുടെ സംയോജിതപ്രവർത്തനം, ശേഷി വർധിപ്പിക്കൽ, പരിശീലനരീതികളുടെ ഏകീകരണം എന്നിവയിൽ യു.എ.ഇ. ലോകത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ. ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ അടിയന്തരസാഹചര്യങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച ചർച്ചകളും ഫോറത്തിൽ നടക്കുന്നുണ്ടെന്ന് ജാഹിസിയ സി.ഇ.ഒ. ഡോ. അദേൽ അൽ ഷംരി വ്യക്തമാക്കി. വിവിധമേഖലകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകൾ, ശില്പശാലകൾ എന്നിവയും വരുംദിവസങ്ങളിൽ നടക്കും.

യു.എ.ഇ.യിലെ 20,000 മുൻനിര പ്രവർത്തകർക്ക് ലോകോത്തര നിലവാരത്തിൽ പരിശീലനം
M
MathrubhumiSource Link
about 1 month ago