120-ലേറെ അന്താരാഷ്ട്ര കരാറുകൾ ഒപ്പിട്ടു To advertise here, ദുബായ് : രാജ്യത്തെ എല്ലാമേഖലകളും ശക്തവും കാര്യക്ഷമവുമാണെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷം എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പൗരന്മാരുടെയും താമസക്കാരുടെയും രാജ്യത്തോടുള്ള സ്നേഹത്തെ അദ്ദേഹം പ്രശംസിച്ചു. വിവിധ വെല്ലുവിളികളിൽനിന്ന് ഊർജമുൾക്കൊണ്ട് യു.എ.ഇ. കൂടുതൽ ശക്തമാകും, പൂർണ കാര്യക്ഷമതയോടെ പ്രവർത്തിക്കും. ഫെബ്രുവരി 28-ന് ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം 2,300-ലധികം ഡ്രോണുകളും മിസൈലുകളും രാജ്യം നേരിട്ടു. അവയിൽ മിക്കതും തടഞ്ഞു -അദ്ദേഹം കുറിച്ചു. നമ്മുടെ ജനങ്ങളെയോർത്ത് അഭിമാനിക്കുന്നു, നമ്മുടെ ഭൂമിയിലെ എല്ലാനിവാസികളെയും ഓർത്ത് അഭിമാനിക്കുന്നു, വ്യത്യസ്ത സാഹചര്യങ്ങളെ നേരിടുന്നതിൽ മത്സരശേഷി, തുറന്ന മനസ്സ്, ശക്തി എന്നിവയിൽ അധിഷ്ഠിതമായ നമ്മുടെ വികസന മാതൃകയിൽ അഭിമാനിക്കുന്നു. നിലവിലെ സാഹചര്യങ്ങൾക്കിടയിലും രാജ്യം അതിന്റെ നേട്ടങ്ങൾ സംരക്ഷിക്കുകയും മുന്നോട്ടു പോകുകയും ചെയ്യുന്നു -ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. അടുത്ത അഞ്ചുവർഷത്തേക്ക് യു.എ.ഇ.യുടെ ബഹിരാകാശ മേഖലാതന്ത്രത്തിന് മന്ത്രിസഭ അംഗീകാരംനൽകി. ഈ മേഖലയിൽ ആഗോളസ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമഗ്ര ആരോഗ്യ സംരക്ഷണസംവിധാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയോജിത വൈദ്യശാസ്ത്രത്തിനായുള്ള ദേശീയപദ്ധതിക്കും മന്ത്രിസഭ അംഗീകാരംനൽകി. കൂടാതെ ഊർജം, നിക്ഷേപം, സമ്പദ് വ്യവസ്ഥ, നയതന്ത്രം, മാനുഷിക പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായി 120-ലധികം അന്താരാഷ്ട്ര കരാറുകളും ധാരണാപത്രങ്ങളും മന്ത്രിസഭ അംഗീകരിച്ചതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

യു.എ.ഇ.യുടെ എല്ലാമേഖലകളും ശക്തം -ശൈഖ് മുഹമ്മദ്
M
MathrubhumiSource Link
about 1 month ago