തരിശുനിലങ്ങളിൽ പച്ചക്കറി കൃഷി തുടങ്ങി To advertise here, അങ്കമാലി : ഊട്ടുനേർച്ചയ്ക്ക് വിഷരഹിത ഉത്പന്നങ്ങൾകൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ വിളമ്പാൻ തയ്യാറെടുത്ത് അങ്കമാലി യൂദാപുരം പള്ളി. ഒക്ടോബറിൽ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ഊട്ടുനേർച്ചയിൽ മൂന്നുലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുക്കും. രാവിലെമുതൽ തുടങ്ങുന്ന ഈട്ടുനേർച്ച രാത്രിവരെ നീളും. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് ഇനിമുതൽ ജൈവപച്ചക്കറി കൊണ്ടുള്ള വിഭവങ്ങളായിരിക്കും ഊട്ടുനേർച്ചയിൽ വിളമ്പുക. ഇതിനായി പള്ളിയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി ആരംഭിച്ചു. തരിശുനിലങ്ങൾ കണ്ടെത്തി അവിടെയാണ് കൃഷിചെയ്യുന്നത്. കൂടാതെ പള്ളിയിൽ പതിവായി വരുന്നവരുടെ വീടുകളിലും ജൈവ പച്ചക്കറികൃഷി നടത്തും. വിവിധതരം പച്ചക്കറികൾ, വാഴ, കപ്പ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഊട്ടുനേർച്ചയുടെ തലേദിവസം പള്ളിയിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് കപ്പകൃഷി ചെയ്യുന്നത്. കൃഷിയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി യൂദാപുരം പരിസ്ഥിതി ക്ലബ്ബും രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കൃഷി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മിഷൻ സെക്രട്ടറി അഡ്വ. സെറീനാജോർജ് അധ്യക്ഷയായി. യൂദാപുരം പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ, തുറവൂർ കൃഷി ഓഫീസർ മരിയറ്റ് ജോസ്, പഞ്ചായത്തംഗങ്ങളായ സി.ഒ. ജോസഫ്, രജനിബൈജു, ഫാ. നെൽസൺ ജോബ്, ഫാ. മെർട്ടൻ ഡിസിൽവ, ഒ.ജി. കിഷോർ, കിഷോർ പാപ്പാളി, വില്യംസ് പ്ലാസിഡ്, ഹെർബർട്ട് ജെയിംസ്, എ.ജെ. സെബാസ്റ്റ്യൻ, ലില്ലിജയൻ തുടങ്ങിയവർ പങ്കെടുത്തു.
