ബീജിങ്: ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്യാനായി യൂബർ, ഓല തുടങ്ങിയ കമ്പനികളും അവരുടെ ആപ്പുകളും നമുക്കുണ്ട്. എന്നാൽ, അങ്ങനെ ബുക്ക് ചെയ്യുന്ന ടാക്‌സിയിൽ നിങ്ങനെ കൊണ്ടുപോകാൻ എത്തുന്നത് ഒരു 'പ്രേതമാണെങ്കിലോ!'. 2016-ൽ ചൈനയിലാണ് ഇത്തരത്തിൽ ഓൺലൈനായി യാത്രക്കാരെ പറ്റിച്ച് പണം തട്ടിയിരുന്ന ഒരു കൂട്ടം 'പ്രേത ഡ്രൈവർമാർ' ഉണ്ടായിരുന്നത്. സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്ത് ഓൺലൈൻ സേവനങ്ങളുടെ വിശ്വാസ്യതയെ എങ്ങനെ തകർക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഈ കേസ്. To advertise here, സംഭവം ഇങ്ങനെ: 2016-ൽ ചൈനയിലെ റൈഡ്-ഹെയ്‌ലിങ് ആപ്പുകളിലാണ് വിചിത്രവും അസ്വസ്ഥത ഉളവാക്കുന്നതുമായ ഒരു തട്ടിപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. യൂബർ (Uber) വഴി റൈഡുകൾ ബുക്ക് ചെയ്ത യാത്രക്കാർ അസാധാരണമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അവരെ പിക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ട ഡ്രൈവർമാരുടെ പ്രൊഫൈലുകളിലെ വികൃതമായതോ സോംബികളെപ്പോലെ ഉള്ളതോ ആയ മുഖങ്ങളാണ് യാത്രക്കാരെ അസ്വസ്ഥരാക്കിയത്. സാങ്കേതിക തകരാറോ തമാശയോ ആണ് ഇതെന്നാണ് അവർ ആദ്യം കരുതിയത്. പിന്നീട് ഇത് സ്ഥിരമായതോടെ യാത്രക്കാർ ജാഗ്രത കൈക്കൊണ്ടു. വൈകാതെ ഇതൊരു ആസൂത്രിതമായ തട്ടിപ്പായിരുന്നു എന്ന് തെളിഞ്ഞു. ഈ 'പ്രേത ഡ്രൈവർമാർ' അമാനുഷിക ശക്തികളല്ല, മറിച്ച് സിസ്റ്റത്തിലെ പഴുതുകൾ മുതലെടുക്കുന്ന യഥാർത്ഥ ഡ്രൈവർമാരായിരുന്നു. യാത്രക്കാരെ പേടിപ്പിച്ച് റൈഡുകൾ റദ്ദാക്കിക്കുക എന്നതായിരുന്നു ഇവരുടെ ‘ലളിതമായ’ ലക്ഷ്യം. അതിലൂടെ വണ്ടി ഓടിക്കാതെ തന്നെ ക്യാൻസലേഷൻ ഫീസ് കൈക്കലാക്കാൻ അവർക്ക് കഴിഞ്ഞു. ടിയാൻജിൻ, ക്വിങ്ദാവോ, ചെങ്ദു, ബീജിങ്, ഷാങ്ഹായ്, സുഷൗ തുടങ്ങി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്കാലത്തെ റിപ്പോർട്ടുകൾ പ്രകാരം മനുഷ്യമനസിന്റെ ഭയവിഹ്വലതകളെ മുതലെടുത്ത് നടത്തിയിരുന്ന ഒരു തട്ടിപ്പായിരുന്നു ഇത്. ഒരു യാത്രക്കാരൻ റൈഡ് ബുക്ക് ചെയ്യുമ്പോൾ, ഡ്രൈവറുടെ ഫോട്ടോയും കാറിന്റെ വിവരങ്ങളും നമ്പർ പ്ലേറ്റും ആപ്പിൽ കാണിക്കും. ഇവിടെ പല കേസുകളിലും ഡ്രൈവർമാർ മനഃപൂർവ്വം അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഡ്രൈവർമാർ തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ എഡിറ്റ് ചെയ്തതോ വികൃതമായതോ അല്ലെങ്കിൽ ഹൊറർ തീമിലുള്ളതോ ആക്കിമാറ്റി. റൈഡ്-ഷെയറിങുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ, ഇത്തരം പ്രൊഫൈലുകൾ കണ്ടാൽ ഉടൻതന്നെ മിക്ക ഉപയോക്താക്കളും റൈഡ് റദ്ദാക്കുമായിരുന്നു. പിക്ക്അപ്പിന് മുൻപ് റൈഡ് റദ്ദാക്കുന്നത് ഒരു ചെറിയ തുക (പലപ്പോഴും ഏതാനും ചൈനീസ് യുവാൻ) ഫീസായി ഈടാക്കാൻ കാരണമാകും എന്നതുകൊണ്ടുതന്നെ ഇത് യാത്രക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. അതേസമയം, 'പ്രേത ഡ്രൈവർമാർക്ക്' ഇത് വലിയ ലാഭവും നൽകി. തുക കുറവാണെങ്കിലും, വലിയ തോതിൽ നടന്നതാണ് ഈ തട്ടിപ്പിനെ ലാഭകരമാക്കിയത്. ഒരു ദിവസം പലതവണ ഇത് ആവർത്തിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് ഒരു യാത്ര പോലും പൂർത്തിയാക്കാതെ പണം സമ്പാദിക്കാൻ കഴിഞ്ഞു. തട്ടിപ്പ് അവിടെയും അവസാനിച്ചില്ല. യാത്രക്കാരിൽ ചിലരെങ്കിലും പേടിക്കുകയോ റൈഡ് റദ്ദാക്കുകയോ ചെയ്തിരുന്നില്ല, അവർക്കായി മറ്റ് തന്ത്രങ്ങളും ഈ ഡ്രൈവർമാർ കരുതിയിരുന്നു. യാത്രക്കാർ കാറിൽ കയറുന്നതിന് മുൻപ് തന്നെ യാത്ര ആരംഭിക്കുക എന്നതായിരുന്നു ഒരു രീതി. ഈ 'ഗോസ്റ്റ് റൈഡുകൾ' വഴി യാത്ര പൂർത്തിയാക്കിയതായി രേഖപ്പെടുത്തി പണം ഈടാക്കാൻ ഡ്രൈവർമാർക്ക് കഴിഞ്ഞു. റൈഡ് സ്വീകരിച്ച ശേഷം വരാതിരിക്കുക എന്നതായിരുന്നു മറ്റൊരു തന്ത്രം. കാത്തിരുന്ന് മടുക്കുന്ന യാത്രക്കാരൻ ഒടുവിൽ റൈഡ് റദ്ദാക്കുകയും വീണ്ടും ഫീസ് നൽകി വേറെ റൈഡ് ബുക്ക് ചെയ്യുകയും ചെയ്യു. ചില റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൽ ഡ്രൈവറുടെ കാർ യാത്രക്കാരുടെ അടുത്തേക്ക് വരുന്നതായോ അല്ലെങ്കിൽ കടന്നുപോകുന്നതായോ കാണിക്കും, എന്നാൽ അവിടെ വാഹനമൊന്നും ഉണ്ടാവുകയുമില്ല. 'അതൊരു രാത്രിയായിരുന്നു, മാപ്പിലെ ഡ്രൈവറുടെ ലൊക്കേഷൻവെച്ച് അദ്ദേഹം ഉടൻ എത്തുമെന്ന പ്രതീക്ഷയിൽ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് മാപ്പിൽ ഡ്രൈവർ എന്നെ കടന്നുപോയതായി കാണിച്ചു, പക്ഷേ, അവിടെ കാറൊന്നും ഉണ്ടായിരുന്നില്ല. ആ റോഡ് വളരെ ഇടുങ്ങിയതായിരുന്നു, ഞാൻ കാണാതെ ഒരു കാർ എന്നെ കടന്നുപോകുക എന്നത് അസാധ്യമായിരുന്നു.' ഷാൻഡോങ് പ്രവിശ്യയിൽനിന്നുള്ള ഒരു യാത്രക്കാരൻ ഫിനാൻഷ്യൽ ടൈംസി നോട് പറഞ്ഞു. ചൈനയിൽ യൂബർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സമയത്താണ് ഈ പ്രശ്‌നം ശ്രദ്ധിക്കപ്പെട്ടത്. 2016 ഓഗസ്റ്റിൽ, യൂബർ തങ്ങളുടെ ചൈനയിലെ പ്രവർത്തനങ്ങൾ പ്രാദേശിക കമ്പനിയായ ദിദി ചുക്‌സിംഗുമായി (Didi Chuxing) ലയിപ്പിച്ചു, ഇതോടെ വിപണിയിലെ യൂബറിന്റെ സ്വതന്ത്രമായ പ്രവർത്തനം അവസാനിച്ചു. ഈ ലയനം നടക്കുന്ന സമയത്ത് പോലും, വലിയതും വികേന്ദ്രീകൃതവുമായ ഒരു ഡ്രൈവർ ശൃംഖല കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾ ഈ 'ഗോസ്റ്റ് ഡ്രൈവർ' പ്രശ്‌നം എടുത്തുകാണിച്ചു. യൂബർ പരസ്യമായി ഈ പ്രശ്‌നം അംഗീകരിച്ചു. തട്ടിപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ യൂബർ, പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിക്കാൻ തുടങ്ങിയതായും കമ്പനി സ്ഥിരീകരിച്ചു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി യൂബർ ചൈനയിൽ ഡ്രൈവർമാർക്കായി ഫേഷ്യൽ റെക്കഗ്‌നിഷൻ (facial recognition) സംവിധാനം ഏർപ്പെടുത്തിയിരുന്നു. വണ്ടി ഓടിക്കുന്ന വ്യക്തി രജിസ്റ്റർ ചെയ്ത അക്കൗണ്ട് ഉടമ തന്നെയാണെന്ന് ഉറപ്പാക്കാനായിരുന്നു ഇത് രൂപകൽപന ചെയ്തത്. എന്നാൽ, ഐഡന്റിറ്റി വെരിഫിക്കേഷൻ കൊണ്ട് മാത്രം പ്ലാറ്റ്ഫോമിലെ ഇത്തരം കൃത്രിമത്വങ്ങൾ തടയാൻ കഴിയില്ലെന്ന് ഡ്രൈവർമാർ നടത്തിയ ഈ തട്ടിപ്പ് തെളിയിച്ചു. തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകുന്നുണ്ടെന്നും പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ തെളിവുകൾ ശേഖരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ഈ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് വിപുലമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒന്നിലധികം നഗരങ്ങളിൽ സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ചത് ഡ്രൈവർമാർ ഇത്തരം രീതികൾ പരസ്പരം പങ്കുവെക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്യുന്നുണ്ടോ എന്ന ആശങ്കയ്ക്ക് ഇടവെച്ചു. റൈഡ്-ഹെയിലിങ് വ്യവസായത്തിലെ വലിയൊരു പ്രശ്‌നത്തിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഡ്രൈവറിലും സിസ്റ്റത്തിലും ഉള്ള വിശ്വാസത്തെയാണ് പ്രഥമമായും ആശ്രയിക്കുന്നത്. ആ വിശ്വാസം തകരുമ്പോൾ ചെറിയ തട്ടിപ്പുകൾ പോലും ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിക്കും. ഓരോ യാത്രക്കാരനും ഉണ്ടായ സാമ്പത്തികനഷ്ടം കുറവാണെങ്കിലും, ആ അനുഭവം തന്നെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. പേടിപ്പെടുത്തുന്ന ചിത്രങ്ങൾ, കാണാതാകുന്ന ഡ്രൈവർമാർ, അവിശ്വസനീയമായ ചാർജുകൾ എന്നിവ ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. കഴിഞ്ഞ വർഷങ്ങളിൽ റൈഡ്-ഹെയിലിങ് കമ്പനികൾ തങ്ങളുടെ സിസ്റ്റങ്ങൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. എങ്കിലും, ചൈനയിലെ 'പ്രേത ഡ്രൈവർമാർ' സാങ്കേതിക വിദ്യയെ അപ്രതീക്ഷിതമായി എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വിചിത്രമായ ഉദാഹരണമായി ഇപ്പോഴും നിലകൊള്ളുന്നു. വെറുമൊരു തട്ടിപ്പ് എന്നതിലുപരി തട്ടിപ്പുകാർ അവലംബിച്ച രീതിയാണ് ഇതിനെ ശ്രദ്ധേയമാക്കിയത്. ഭയവും ആശയക്കുഴപ്പവും ഉപയോഗിച്ച്, ലളിതമായ ക്യാൻസലേഷൻ സൗകര്യത്തെ ഡ്രൈവർമാർ ലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റി. എത്ര സുരക്ഷിതമായ ഡിജിറ്റൽ ലോകമാണെങ്കിലും, മനുഷ്യൻ സ്വാർഥലാഭങ്ങൾക്കായി അവിടെയും പഴുതുകൾ കണ്ടെത്തുമെന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു ഈ സംഭവം.

യൂബറിലെ ‘പ്രേത ഡ്രൈവർമാർ’; സോംബി പ്രൊഫൈലുകൾ, പൂർത്തിയാവാത്ത യാത്രകൾ; ചുരുളഴിഞ്ഞത് ഓൺലൈൻ തട്ടിപ്പ്
M
MathrubhumiSource Link
about 1 month ago