കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടി നടത്തിയ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമാ വ്യവസായത്തിലെ നീതിന്യായ സംവിധാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വിമൻ ഇൻ സിനിമ കളക്ടീവ് (WCC). ഹൈക്കോടതി നിർദ്ദേശങ്ങളും പുതിയ സിനിമാ നയങ്ങളും നിലവിലുണ്ടെങ്കിലും സിനിമാ മേഖലയിൽ യാതൊരു മാറ്റവുമില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. പ്രവർത്തനരഹിതമായ സംവിധാനങ്ങളാണ് കുറ്റവാളികൾക്ക് ധൈര്യം നൽകുന്നതെന്നും ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. To advertise here, സിനിമാ സെറ്റുകളിൽ ഇന്റേണൽ കമ്മിറ്റി നിർബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഡബ്ല്യു.സി.സിയുടെ പോരാട്ടത്തിന്റെ ഫലമായാണ് ലഭിച്ചത്. എന്നാൽ, സ്വന്തം കൺമുന്നിൽ നടന്ന ഗൗരവമേറിയ അതിക്രമത്തെക്കുറിച്ച് ഐ.സി അംഗങ്ങൾ 'അറിഞ്ഞില്ല' എന്ന് പറയുന്നത് വ്യവസായത്തിലെ അധികാരകേന്ദ്രങ്ങൾ ഐ.സിയെ എത്രത്തോളം നിശബ്ദമാക്കുന്നു എന്നതിന്റെ തെളിവാണ്. ഇത്രയും ഗൗരവമേറിയ ഒരു സംഭവം സെറ്റിൽ നടന്നിട്ടും ഐ.സി എന്തുകൊണ്ട് നടിയെ ബന്ധപ്പെട്ടില്ലെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു. സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ഇപ്പോഴും ഐ.സിയെ ഒരു അനാവശ്യ ഭാരമായാണ് കാണുന്നത്. ഈ സംവിധാനം ശക്തരുടെ കൈകളിലെ വെറുമൊരു ഉപകരണമായി ചുരുങ്ങിയിരിക്കുകയാണെന്നും അവർ വിമർശിച്ചു. ഹേമ കമ്മിറ്റി നിർദ്ദേശിച്ച പരാതി പരിഹാര ട്രിബ്യൂണൽ പുതിയ സിനിമാ നയം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണെന്ന് പുനഃപരിശോധിക്കേണ്ട നിർണ്ണായക സമയമാണിതെന്ന് ഡബ്ല്യു.സി.സി ഓർമ്മിപ്പിക്കുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ മുൻഗണനയാക്കി ഐ.സിയും പോഷ് (POSH) നിയമവും കർശനമായി നടപ്പിലാക്കിയില്ലെങ്കിൽ അനീതി തുടരുമെന്നും, കുറ്റവാളികൾ തങ്ങളെ ആർക്കും തൊടാനാകില്ലെന്ന് വിശ്വസിക്കുമെന്നും ഡബ്ല്യു.സി.സി മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെ കാത്തുനിൽക്കാതെ നേരിട്ട് പോലീസിനെ സമീപിച്ച യുവനടിയുടെ ധീരതയെ ഡബ്ല്യു.സി.സി അഭിനന്ദിച്ചു. അതിജീവിതമാർക്ക് പിന്തുണയും വിശ്വാസവും കൃത്യമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളുമാണ് ആവശ്യം. സിനിമാ മേഖലയ്ക്ക് ഇനിയും അജ്ഞതയുടെയും നിഷ്ക്രിയത്വത്തിന്റെയും പിന്നിൽ ഒളിക്കാനാകില്ലെന്നും, ഏവർക്കും സുരക്ഷിതവും അന്തസ്സുള്ളതുമായ ഒരു തൊഴിലിടം സൃഷ്ടിക്കുന്നതിനായി പോരാടാൻ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞുകൊണ്ടാണ് ഡബ്ല്യു.സി.സി തങ്ങളുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്. Content Highlights: The Women in Cinema Collective (WCC) has criticized the systemic failure and inefficiency of Internal Committees in the Malayalam film industry following serious allegations against director Ranjith, urging for a complete overhaul of workplace safety mechanisms. Published: 02 Apr 2026, 05:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രഞ്ജിത്തിനെതിരായ നടിയുടെ പരാതി: ഇന്റേണൽ കമ്മിറ്റി നോക്കുകുത്തിയെന്ന് ഡബ്ല്യു.സി.സി
M
MathrubhumiSource Link
about 1 month ago