ഉദ്ഘാടനം നാളെ To advertise here, മുംബൈ മെട്രോശൃംഖല 90 കിലോമീറ്റർ പിന്നിടുന്നു വർഷാവസാനത്തോടെ 120 കിലോമീറ്ററാകും മുംബൈ : രണ്ട് മെട്രോപാതകളുടെ ആദ്യഘട്ടംകൂടി ഗതാഗതത്തിനായി തുറുന്നു കൊടുക്കുന്നു. അന്ധേരിയിലെ ഡി.എൻ. നഗറിനും മാൻഖൂർഡിലെ മാണ്ഡലെയ്ക്കും ഇടയിലുള്ള പാതയും ദഹിസറിനും മീരാറോഡിനും ഇടയിലുള്ള പാതയുമാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ മുംബൈ മെട്രോ ശൃംഖല 90 കിലോമീറ്റർ പിന്നിടും. മൊത്തം 10 കിലോമീറ്റർ പാതയാണ് പുതിയതായി തുറക്കുന്നത്. ഇപ്പോൾ നഗരത്തിൽ 80 കിലോമീറ്റർ പ്രവർത്തനക്ഷമമായ മെട്രോ ലൈനുകളുണ്ട്. ഈ വർഷം അവസാനത്തോടെ 40-50 കിലോമീറ്റർ മെട്രോ ലൈൻകൂടി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലൈൻ 9 (ദഹിസർ ഈസ്റ്റ് മുതൽ മീര ഭയിന്തർവരെ), ലൈൻ 4, 4എ (വഡാല മുതൽ താനെ വരെ), ലൈൻ 5 (താനെ മുതൽ ഭിവൺഡി വരെ), ലൈൻ 6 (ലോഖണ്ഡവാല മുതൽ വിക്രോളി വരെ) എന്നിവകൂടി തുറക്കുന്നതോടെ മെട്രോ ശൃംഖല 120 കിലോമീറ്റർ പിന്നിടും. പ്രതിദിനം 70 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുന്ന മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖല പൂർണമായും വടക്ക്, തെക്ക് ഭാഗങ്ങളിലാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പുതിയ ബിസിനസ് കേന്ദ്രങ്ങൾ വന്നതോടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് കൂടുതൽ പൊതുഗതാഗതസൗകര്യങ്ങൾ ആവശ്യമുള്ളതായി വന്നു. ഈ പ്രദേശങ്ങൾക്കായിട്ടാണ് പ്രധാനമായും മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2008-ൽ നിർമാണം ആരംഭിച്ച് ആറ് വർഷങ്ങൾക്കുശേഷം 2014-ൽ വെർസോവ-അന്ധേരി-ഘട്‌കോപ്പർ പാത തുറന്നതോടെയാണ് മുംബൈയിൽ ആദ്യമായി മെട്രോ സർവീസിന് തുടക്കമാകുന്നത്. വെസ്റ്റേൺ എക്സ്‌പ്രസ് ഹൈവേയുടെ ഇരുവശത്തുമുള്ള ദഹിസറിനെ അന്ധേരിയുമായി ബന്ധിപ്പിക്കുന്ന പാതകളാണ് പിന്നീട് വന്നത്. പുതിയപാതകൾ റെഡ് ലൈൻ 9: ദാഹിസർ ഈസ്റ്റ് മുതൽ മീരാ ഭയിന്തർ വരെയുള്ള പാതയിൽ എട്ട് സ്റ്റേഷനുകൾ - ദഹിസർ, പാണ്ഡുരംഗ്‌വാഡി, മീരാഗാവ്, കാശിഗാവ്, സായ്ബാബ നഗർ, മെറിഡിയ നഗർ, ഷാഹിദ് ഭഗത് സിങ് ഗാർഡൻ, സുഭാഷ് ചന്ദ്ര ബോസ് സ്റ്റേഡിയം. നീളം: 10.4 കിലോമീറ്റർ. ചെലവ്: 6,607 കോടി രൂപ. ദാഹിസർ മുതൽ കാശിഗാവ് വരെ പാത തയ്യാറായിക്കഴിഞ്ഞു. അതിന്റെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച. 4.5 കിലോമീറ്ററാണ് അന്ന് ഗതാഗതത്തിനായി തുറക്കുന്നത്. രണ്ടാംഘട്ടം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും. യെല്ലോലൈൻ 2ബി: മാണ്ഡലെ മുതൽ ചെമ്പൂർ വരെയുള്ള പാത. ആദ്യഘട്ടം 5.39 കിലോമീറ്റർ. ഡയമണ്ട്ഗാർഡൻ, ശിവാജിചൗക്ക്, ബി.എസ്.എൻഎൽ, മാൻഖൂർഡ്, മാണ്ഡലെ എന്നീ അഞ്ച് സ്റ്റേഷനുകൾ. 23.64 കിലോമീറ്റർ ദൂരമാണ് മുഴുവൻ പാതയ്ക്കുള്ളത്. 20 സ്റ്റേഷനുകളാണ് ആകെയുള്ളത്. ചെലവ് 10,986 കോടി രൂപ. ബാക്കിയുള്ള ഭാഗം ഈ വർഷം തന്നെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
