അഹല്യാനഗറിൽ സ്ത്രീ മരിച്ചു To advertise here, പുണെ : മഹാരാഷ്ട്രയിൽ ഉഷ്ണതരംഗം രൂക്ഷമായതോടെ, മാർച്ച് ഒന്നിനും ഏപ്രിൽ 19 നും ഇടയിൽ സംസ്ഥാനത്ത് 31 സൂര്യാഘാത കേസുകൾ സ്ഥിരീകരിച്ചു. ഒരു സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്തു. വിദർഭയിലും മധ്യ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20 തിങ്കളാഴ്ച അമരാവതിയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില 43.4 ഡിഗ്രി സെൽഷ്യസും അകോലയിൽ 43.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മഹാരാഷ്ട്രയിലുടനീളമുള്ള 15 കാലാവസ്ഥാ കേന്ദ്രങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട് പുണെയിൽ തിങ്കളാഴ്ചത്തെ പരമാവധി താപനില 39.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, അകോലയിൽ ഏഴ് സൂര്യാഘാത കേസുകൾ റിപ്പോർട്ട് നന്ദുർബാർ (5), രത്നഗിരി (4), ഗഡ്ചിരോളി (2), ജൽന (2), പാൽഘർ (2), റായ്ഗഢ് (2), സതാറ (2). ഗോണ്ടിയ, ജൽഗാവ്, നാസിക്, പുണെ, താനെ ജില്ലകളിൽനിന്ന് ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച അഹല്യനഗർ ജില്ലയിൽ നിന്നാണ് സംശയാസ്പദമായ മരണം റിപ്പോർട്ട് ചെയ്തത്. പാർണർ താലൂക്കിലെ ധവൽപുരി ഗ്രാമത്തിലെ മാൽവാഡിയിൽ നിന്നുള്ള കർഷകയായ ഹർഷദ ചൗധരി (45) ഉച്ചകഴിഞ്ഞ് കടുത്ത ചൂടിൽ തന്റെ വയലിൽ പുല്ല് അരിയുന്നതിനിടെയാണ് മരിച്ചത്, കുഴഞ്ഞുവീണ ഹർഷദയെ ഭർത്താവ് ധവൽപുരിയിലെ ഗ്രാമീണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. മരണകാരണം ചൂടേറ്റതാണെന്ന് പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂട് മൂലമുണ്ടാകുന്ന രോഗങ്ങൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് . സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ച സമയത്ത് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ആവശ്യമായ മുൻകരുതലുകൾ എടുക്കാനും നിർദേശിക്കുന്നതായും സംസ്ഥാന ആരോഗ്യ സേവന ജോയിന്റ് ഡയറക്ടർ ഡോ. സന്ദീപ് സാൻഗാലെ പറഞ്ഞു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കർഷകർ പോലുള്ള പുറം ജോലിക്കാർ, നിർമാണത്തൊഴിലാളികൾ, തെരുവ് തൊഴിലാളികൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ഉള്ളവർ മുൻകരുതലുകളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
