രണ്ട് മെട്രോ പാതകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രണ്ട് മെട്രോ പാതകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

M
MathrubhumiSource Link
മെട്രോ ലൈൻ ഒൻപത്, മെട്രോ ലൈൻ രണ്ട് ബിയുടെ ആദ്യഘട്ടം To advertise here, രാവിലെ ആറ് മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും. പ്രതിദിനം 209 സർവീസുകൾ മുംബൈ : ദഹിസർ ഈസ്റ്റിനെ കാശിഗാവുമായി ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ ഒൻപതിന്റെയും മെട്രോ ലൈൻ രണ്ട് ബിയുടെ ആദ്യഘട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. മെട്രോ ലൈൻ ഒൻപതിന്റെ ഉദ്ഘാടനത്തോടെ മുംബൈ നഗരത്തിലെ പ്രാന്തപ്രദേശവും താനെ നഗരത്തിന്റെ ഒരുഭാഗവും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള മെട്രോ ബന്ധം സ്ഥാപിതമായി. മുംബൈയിലെ ഹാർബർ ലൈനിൽ മെട്രോ ലൈൻ രണ്ട് ബിയുടെ ആദ്യഘട്ടം മണ്ടാലെ മുതൽ ചെമ്പൂർ വരെയാണ്. രണ്ട് സർവീസുകളും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തെങ്കിലും ബുധനാഴ്ച മുതലാണ് രണ്ട് ലൈനുകളിലും പതിവ് സർവീസുകൾ ആരംഭിക്കുക. ഇതോടെ മുംബൈയിൽ പ്രവർത്തനക്ഷമമായ ആറ് മെട്രോ ലൈനുകൾ ഉണ്ടാകും. ഫഡ്‌നവിസ് ആദ്യം മെട്രോ ലൈൻ ഒൻപതിന്റെ ആദ്യ ഘട്ടമാണ് ഉദ്ഘാടനംചെയ്തത്. ദഹിസർ ഈസ്റ്റിൽനിന്ന് മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഗതാഗതമന്ത്രി പ്രതാപ് സർനായിക്, മുംബൈ മേയർ റിതു താവ്‌ഡെ എന്നിവർക്കൊപ്പം കാശിഗാവിലേക്ക് മുഖ്യമന്ത്രി യാത്രചെയ്തു. മുംബൈ മെട്രപൊളിറ്റൻ മേഖലയിൽ (എം.എം.ആർ.) മെട്രോ, ഇ-ബസുകൾ, ജലഗതാഗതം എന്നിവ സംയോജിപ്പിച്ച് എളുപ്പമായ ഗതാഗതസംവിധാനം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫഡ്‌നവിസ് പറഞ്ഞു. 100 കിലോമീറ്ററിലധികം പ്രവർത്തനക്ഷമമായ മെട്രോ ലൈനുകളുള്ള മുംബൈ ഇപ്പോൾ ഡൽഹിക്കുശേഷം രാജ്യത്ത് രണ്ടാംസ്ഥാനത്താണ്. ശേഷിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ലൈൻ ഒന്ന് (ഘാട്‌കോപർ അന്ധേരി വെർസോവ) ലൈൻ രണ്ട് എ (അന്ധേരി വെസ്റ്റ് ദഹിസർ ഈസ്റ്റ്) ലൈൻ ഏഴ് (ദഹിസർ ഈസ്റ്റ്, അന്ധേരി ഈസ്റ്റ്), അക്വാ ലൈൻ (കൊളാബ ബാന്ദ്ര കുർള കോംപ്ലക്സ് സീപ്‌സ്) എന്നറിയപ്പെടുന്ന ലൈൻ മൂന്ന് എന്നിവയുൾപ്പെടെ മുംബൈയിൽ ഇപ്പോൾ ആറ് പ്രവർത്തനക്ഷമമായ മെട്രോ ഇടനാഴികളുണ്ട്. മെട്രോ ലൈൻ ഒൻപതിന്റെ ആദ്യഘട്ടത്തിൽ ദഹിസർ ഈസ്റ്റ്, പാണ്ഡുരംഗ്‌വാഡി, മിരഗാവ്, കാശിഗാവ് എന്നീ നാല് സ്റ്റേഷനുകളുള്ള 5.6 കിലോമീറ്റർ എലിവേറ്റഡ് പാതയാണ്. മീരാഭയന്ദറിലെ സായ് ബാബ നഗറിനും സുഭാഷ് ചന്ദ്രബോസ് മൈതാനിനുമിടയിലുള്ള രണ്ടാം ഘട്ടത്തിന്റെ 96 ശതമാനം ജോലികൾ പൂർത്തിയായതായും നാല് അധിക സ്റ്റേഷനുകളുള്ള 4.3 കിലോമീറ്റർ പാത ഈ വർഷാവസാനം ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ എടുക്കുന്ന യാത്ര ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ ഈ മെട്രോ ലൈൻ വഴി സാധ്യമാകും. 6,607 കോടി രൂപ ചെലവിലാണ് പദ്ധതി നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് ലൈൻ മെട്രോ ലൈൻ ഏഴുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭാവിയിൽ ഏഴ് എ, മൂന്ന് ലൈനുകളിലൂടെയും മീരാഭയന്ദറിൽനിന്ന് ദക്ഷിണ മുംബൈയിലെ കൊളാബയിലേക്ക് തടസ്സമില്ലാത്ത യാത്ര ചെയ്യാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ള സംഭരണം, എൽ.ഇ.ഡി. വെളിച്ചം, സോളാർ പാനലുകൾ തുടങ്ങിയ സവിശേഷതകൾ മെട്രോ ലൈനിനെ പരിസ്ഥിതി സൗഹൃദമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എം.എം.ആർ.ഡി.എ. പറയുന്നതനുസരിച്ച്, പുതുതായി തുറന്ന ലൈൻ ഒൻപത് നിലവിലുള്ള മെട്രോ ശൃംഖലയുമായി തടസ്സമില്ലാത്ത യാത്രാസംവിധാനം നൽകും. ഇത് യാത്രക്കാരെ ലൈൻ ഏഴിലേക്ക് ബന്ധിപ്പിക്കുകയും അന്ധേരി (കിഴക്ക്), ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലേക്ക് പ്രവേശനം നൽകുകയുംചെയ്യും. മെട്രോ ലൈൻ 2ബി : കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ മണ്ടാലെ മുതൽ ചെമ്പൂർ വരെയുള്ള മുംബൈ മെട്രോ ലൈൻ 2ബിയുടെ 5.53 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. ഡയമണ്ട് ഗാർഡൻ മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായ ഷിന്ദേ, സുനേത്ര പവാർ എന്നിവരും പങ്കെടുത്തു. ഡയമണ്ട് ഗാർഡനും മണ്ടാലയ്ക്കും ഇടയിലുള്ള ഭാഗത്ത് അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകളാണുള്ളത്. ഒന്നാംഘട്ടം മാൻഖുർഡിലെ സെൻട്രൽ റെയിൽവേയുടെ ഹാർബർ ലൈനുമായി ബന്ധിപ്പിക്കും. മെട്രോ ലൈൻ രണ്ട് ബി (ഒന്നാംഘട്ടം) രാവിലെ ആറ് മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും. പ്രതിദിനം മൊത്തം 209 സർവീസുകളും ഉണ്ടാകും. പൂർണ മെട്രോ ഇടനാഴി കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ഡി.എൻ. നഗറിനും (അന്ധേരി) മണ്ടാലയ്ക്കും ഇടയിലായിരിക്കും. 72 മെട്രോ ട്രെയിനുകൾ ഓടിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് മെട്രോ ഡിപ്പോ ആയിരിക്കും. മണ്ടാല ഡിപ്പോ.337 കിലോമീറ്റർ മെട്രോ ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ, മിക്കവാറും മുഴുവൻ എം.എം.ആറും ബന്ധിപ്പിക്കപ്പെടുമെന്നും ഇത് ആളുകൾക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ മുംബൈയുടെ സബർബൻ ശൃംഖലയിലൂടെ 90 ലക്ഷത്തോളം യാത്രക്കാർ യാത്രചെയ്യുന്നുണ്ട്. പുതിയ മെട്രോ സംവിധാനം വരുന്നതോടെ നിലവിലുള്ള സബർബൻ റെയിൽവേ ശൃംഖലയിലെ ഭാരം വളരെയധികം കുറയുമെന്ന് ഫഡ്‌നവിസ് അവകാശപ്പെട്ടു. കൂടാതെ, 70 ലക്ഷം ആളുകൾക്ക് മെട്രോ ശൃംഖലയിലൂടെ യാത്ര ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ മുംബൈയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണെന്ന് ഉപമുഖ്യമന്ത്രി ഷിന്ദേ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് മെട്രോ പാതകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു — Mathrubhu… | Boolokam