ഹരിപ്പാട്: കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് നിയോജകണ്ഡലത്തിൽ ഇക്കുറി പോരാട്ടത്തിന് വീറും വാശിയുമേറി. യു.ഡി.എഫ്. ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രിയായി പരിഗണിക്കാവുന്ന നേതാക്കളിലൊരാളാണ് ചെന്നിത്തല. അതുകൊണ്ടുതന്നെ പഴതടച്ചുള്ള പ്രചാരണമാണ് യു.ഡി.എഫ്. നടത്തുന്നത്. യു.ഡി.എഫിലെ കരുത്തനെതിരേയുള്ള പോരാട്ടത്തിന് കൃത്യമായ ഗൃഹപാഠത്തോടെയാണ് എൽ.ഡി.എഫ്. കളത്തിലിറങ്ങിയിരിക്കുന്നത്. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടി.ടി. ജിസ്മോനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ചേർത്തല സ്വദേശിയായ ജിസ്‌മോൻ നാലുവർഷമായി ഹരിപ്പാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് ഹരിപ്പാട്ട് കണ്ടിരുന്നത്. എൻ.ഡി.എ.യിൽ ബി.ജെ.പി.യുടെ പ്രാദേശികനേതാക്കളാണ് മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ ബി.ജെ.പി. ആലപ്പുഴ ജില്ലാതെക്കൻമേഖല പ്രസിഡന്റ് സന്ദീപ് വാചസ്പതി അപ്രതീക്ഷിതമായി സ്ഥാനാർഥിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രചാരണത്തിൽ ഇരുമുന്നണികൾക്കൊപ്പമുണ്ട് എൻ.ഡി.എ.. 2021-ലെ തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി. സ്ഥാനാർഥിക്ക് കിട്ടിയത് 17,890 വോട്ടാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഹരിപ്പാട് മണ്ഡലത്തിൽ 47,121 വോട്ടുനേടി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നിയോജകണ്ഡലത്തിലെ എല്ലാ വാർഡുകളിലുമായി 30,071 വോട്ടാണ് എൻ.ഡി.എ. സ്ഥാനാർഥികൾ നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം യാദൃച്ഛികമായുണ്ടായതല്ലെന്ന് ഇതിലൂടെ വ്യക്തമായതായാണ് ബി.ജെ.പി.യുടെ നിരീക്ഷണം. To advertise here, ഹരിപ്പാട് നഗരസഭയും 10 ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയോജകണ്ഡലം. നഗരസഭയും ഏഴ് ഗ്രാമപ്പഞ്ചായത്തുകളും യു.ഡി.എഫ്. ഭരണത്തിലാണ്. എൽ.ഡി.എഫ്. ഭരണമുള്ളത് രണ്ടിടത്തുമാത്രം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളിലെ വോട്ടുനിലയിൽ യു.ഡി.എഫിന് 2466 വോട്ടിന്റെ മേൽക്കൈമാത്രമാണുള്ളത്. 2011-മുതൽ സി.പി.ഐ. സ്ഥാനാർഥികളാണ് ഹരിപ്പാട്ട് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം. പ്രവർത്തകർ പ്രവർത്തനത്തിൽ അത്ര സക്രിയമാകാറില്ലായിരുന്നു. ഇത്തവണ സ്ഥിതിമാറിയിട്ടുണ്ട്. ജില്ലയിൽ വി.എസ്. ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന ഇവിടെ ജി. സുധാകരന്റെ നേതൃത്വത്തിലെ ഔദ്യോഗികപക്ഷം പലപ്പോഴും അച്ചടക്കത്തിന്റെ വാൾ വീശിയിട്ടുണ്ട്. പലർക്കും അർഹമായ സ്ഥാനമാനങ്ങൾ നഷ്ടമായിട്ടുമുണ്ട്. ജി. സുധാകരൻ പാർട്ടിക്ക് പുറത്തായതോടെ പഴയ വി.എസ്. പക്ഷക്കാർ പതിവില്ലാത്തവിധം മുന്നണിസ്ഥാനാർഥിക്കൊപ്പം അണിനിരന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ. സ്ഥാനാർഥി രംഗത്തുണ്ട്. എസ്.ഡി.പി.ഐ. പിടിക്കുന്ന വോട്ടുകൾ ആരെയാണ് ബാധിക്കുന്നതെന്ന് കണ്ടറിയണം. ഹരിപ്പാട് ആദ്യകാലം മുതൽ ഇടതിനെ തുണയ്ക്കുന്ന മണ്ഡലമായിരുന്നു. ഈ ചരിത്രം തിരുത്തിയത് രമേശ് ചെന്നിത്തലയാണ്. 1982-ൽ ചെന്നിത്തല ഇവിടെ ആദ്യമായി മത്സരിക്കുന്നതിനുമുൻപ് നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ അഞ്ചിലും ഇടതിനായിരുന്നു വിജയം. 1982 മുതൽ നടന്ന 10 തിരഞ്ഞെടുപ്പുകളിൽ ഏഴിലും യു.ഡി.എഫ്. സ്ഥാനാർഥികളാണ് ജയിച്ചത്. അതിൽ 1982, 87, 2011, 16, 21 വർഷങ്ങളിലായി അഞ്ചുപ്രാവശ്യവും രമേശ് ചെന്നിത്തല തന്നെയായിരുന്നു ഹരിപ്പാടിനെ പ്രതിനിധാനം ചെയ്തത്. Content Highlights: Ramesh Chennithala faces a high-stakes challenge in his stronghold, Haripad., LDF has strategically fielded T.T. Jismon with a focused campaign approach Published: 26 Mar 2026, 09:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രമേശ് ചെന്നിത്തലയും സിപിഐക്കായി 'പഴയ വി.എസ്. പക്ഷവും'; ഹരിപ്പാട്ടെ വോട്ടുസമവാക്യങ്ങൾ മാറുന്നു
M
MathrubhumiSource Link
about 2 months ago