രസമുകുളങ്ങളെ കബളിപ്പിക്കും; പുളിരസം മധുരതരമാക്കും അതിശയഫലം

രസമുകുളങ്ങളെ കബളിപ്പിക്കും; പുളിരസം മധുരതരമാക്കും അതിശയഫലം

ഫ്ര ഞ്ച് പര്യവേക്ഷകനും നാവികനും അടിമക്കച്ചവടക്കാരനുമായിരുന്ന ഷെവലിയർ ഡെസ് മാർക്കായിസ് പുതിയ ഫലസസ്യങ്ങൾ തേടി നിരന്തരം യാത്രകൾ നടത്തുക പതിവായിരുന്നു. ഒരിക്കൽ അദ്ദേഹം പശ്ചിമ ആഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ ബെനിൻ എന്ന സ്ഥലത്തെത്തി. അവിടെ അദ്ദേഹം കൗതുകകരമായ ഒരു കാഴ്ച കണ്ടു; ഒരു കൂട്ടം ആദിവാസികൾ വളഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ വട്ടംകൂട്ടുന്നു. അവരുമായി ഇടപഴകിയപ്പോൾ ആതിഥ്യമര്യാദയുള്ള നിഷ്കളങ്കരായ ആദിവാസികൾ അദ്ദേഹത്തെയും ഭക്ഷണത്തിനു ക്ഷണിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്; പ്രധാനഭക്ഷണം കഴിയ്ക്കുവാൻ തുടങ്ങുന്നതിനു മുൻപായി അവർ  കടുംചുവപ്പുനിറത്തിലുള്ള ഒരു പഴം കഴിക്കുന്നു; അതിനുശേഷമാണ് അവരെല്ലാവരും പ്രധാന ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത്. മാർക്കായിസ് ഗോത്രത്തലവനോട് ചോദിച്ചു: ‘എന്തിനാണ് ഈ പഴം നിങ്ങൾ ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത്?’  ‘ഈ പഴം കഴിച്ചിട്ട് പിന്നെ ഭക്ഷണം കഴിച്ചാൽ അതിലുള്ള ഒന്നിന്റെയും പുളിയോ കയ്‌പോ നമുക്കനുഭവപ്പെടുകയില്ല… പകരം എന്ത് കഴിച്ചാലും മധുരം മാത്രമേ നാവിലുണ്ടാകുകയുള്ളൂ !’ To advertise here, ഇങ്ങനെയും ഒരു അത്ഭുതഫലമോ? ഏതു രസത്തെയും മധുരതരമാക്കാനുള്ള സിദ്ധി കിട്ടിയ ഈ ഫലം തികഞ്ഞ ഒരു വിസ്മയം തന്നെ; അവരോടൊപ്പം അത് കഴിച്ചുനോക്കിയപ്പോൾ അദ്ദേഹത്തിനും അത് ബോധ്യമായി. കയ്പും പുളിയും ചവർപ്പും ഒക്കെ നിമിഷനേരം കൊണ്ട് മാറ്റിമറിച്ചു മധുരതരമാക്കുന്ന അപൂർവ്വസിദ്ധിയുള്ള ഈ പഴത്തെ കുറിച്ച് പിന്നീടാണ് പുറംലോകം അറിയുന്നത്. ഒരു പക്ഷെ ഈ പഴത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്ന യൂറോപ്യൻ എന്ന ബഹുമതി മാർക്കായിസ് എന്ന ഫ്രഞ്ച് പര്യവേക്ഷകനായിരിക്കും. ‘ഈ ഫലം കഴിച്ചുകഴിഞ്ഞപ്പോൾ എന്റെ നാവു തന്നെ പുതിയതായോ എന്ന് തോന്നിപ്പോയി... എത്ര പുളിയുള്ള ആഹാരം കഴിച്ചാലും ഇതിന് അവയെല്ലാം സൂപ്പർ മധുരമാക്കി മാറ്റാൻ കഴിയും.. അതും മണിക്കൂറോളം നേരം!’  പുതിയ ഫലം കഴിച്ച മാർക്കായിസ് ഇങ്ങനെയാണ് തന്റെ അനുഭവം രേഖപ്പെടുത്തിയത്. മാർക്കായിസിന്റെ ഈ രേഖപ്പെടുത്തലോടെയാണ് ഈ മാന്ത്രികഫലം പാശ്ചാത്യ ലോകത്തിനു പരിചിതമാകുന്നത്. ഇതാണ് ‘മിറക്കിൾ ഫ്രൂട്ട്’ എന്നറിയപ്പെടുന്ന അത്ഭുതഫലം. പുതിയ നാവ്, മാന്ത്രിക ഫലം നിത്യഹരിത സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് മിറക്കിൾ ഫ്രൂട്ട്. ‘സിൻസിപാലം ഡൽസിഫിക്കം’ എന്ന് സസ്യനാമം. സപ്പോട്ടേസി എന്ന സസ്യകുടുംബത്തിലെ അംഗമാണിത്. വനമേഖലകളിൽ 15 അടി വരെ ഉയരത്തിൽ വളരുമെങ്കിലും വീട്ടുവളപ്പിലെ സാഹചര്യങ്ങളിൽ ഇത് താരതമ്യേന ചെറിയ ഉയരത്തിൽ വളരും. ചെറിയ നീണ്ട ഇലകൾ; ഇലകൾക്ക് കടുംപച്ചനിറം. പൂക്കളും തീരെ ചെറുതാണ്. നേരിയ സുഗന്ധമുള്ള വെളുത്ത പൂക്കൾക്ക് കുഴൽ ആകൃതി. സാധാരണ ഇലയിടുക്കുകളിൽനിന്നാണ് പൂക്കൾ വിരിയുന്നത്. പൂക്കൾ തുടക്കത്തിൽ ചെറിയ മുകുളങ്ങളായും പിന്നീട് വിടർന്ന ഇതളുകളോടെയും കാണാം. പൂക്കൾ വിടർന്നു മാസങ്ങൾക്കുള്ളിൽ തന്നെ ദീർഘവൃത്താകൃതിയിൽ 2 -3 സെന്റി മീറ്റർ നീളത്തിലുള്ള ചെറിയ കായ്കളായി മാറും. ഓരോ കായിലും കാപ്പിക്കുരുവിന്റെ വലിപ്പത്തിൽ ഓരോ വിത്തും ഉണ്ടായിരിക്കും. പച്ചക്കായ്‌കൾ വിളയുന്നതോടെ ചുവന്ന നിറമാകും. പശ്ചിമാഫ്രിക്കയിലെ ഉഷ്ണമേഖലാ വനപ്രദേശങ്ങളുടെ സന്തതിയാണ്‌ ഈ സവിശേഷ ഫലവൃക്ഷം. പ്രത്യേകിച്ച് ഘാന, നൈജീരിയ, കാമറൂൺ, കോംഗോ, ബെനിൻ എന്നീ രാജ്യങ്ങളുടെ. പണ്ടേക്കുപണ്ടേ ഇത് പരമ്പരാഗതമായ ഭക്ഷണപദാർത്ഥങ്ങളും വീഞ്ഞ് തുടങ്ങിയ പാനീയങ്ങളും മധുരതരമാക്കാനാണ് ഉപയോഗിച്ച് പോന്നിരുന്നത്. മിറക്കിൾ ഫ്രൂട്ട്, മിറക്കിൾ ബെറി, മിറാക്കുലസ് ബെറി, സ്വീറ്റ് ബെറി, മാജിക്ക്‌ ബെറി, മിസ്‌ട്രി ബെറി, ഫ്ലേവർ ബെറി, വണ്ടർ ബെറി, വണ്ടർ ഫ്രൂട്ട് എന്നെല്ലാം ഇതിനു നിരവധി വിളിപ്പേരുകളുമുണ്ട്. ഇന്നിപ്പോൾ വിവിധ ഉഷ്ണമേഖല-ഉപോഷ്ണമേഖല രാജ്യങ്ങളിൽ മിറക്കിൾ ഫ്രൂട്ട് കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ഉഷ്ണമേഖല കാലാവസ്ഥ നിലനിൽക്കുന്ന കേരളം, തമിഴ്നാട്, കർണാടകത്തിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും മിറക്കിൾ ഫ്രൂട്ട് വളരുന്നു. സാവധാന വളർച്ചാസ്വഭാവമുള്ള ഫലസസ്യമാണ് മിറക്കിൾ ഫ്രൂട്ട്. കേരളത്തിലും ഇന്ന് മിറക്കിൾ ഫ്രൂട്ട് പ്രചാരം നേടിയിരിക്കുന്നു. കുറച്ചുനാൾ മുൻപുവരെ കാര്ഷികമേളകളിലും പ്രദർശനങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന മിറക്കിൾ ഫ്രൂട്ട് ഇന്ന് തൈകളായി നഴ്സറികളിലും പഴമായി വിപണിയിലും പരിചിതമായിരിക്കുന്നു. മിറക്കിൾ ഫ്രൂട്ട് വളർത്താം മിറക്കിൾ ഫ്രൂട്ട് വിത്ത് വഴിയും തണ്ടിൻ കഷണങ്ങൾ നട്ടും പതി വച്ച് തൈകൾ ഉണ്ടാക്കിയും വളർത്താം. ഇതിൽ തന്നെ വിത്തുകളാണ് സർവ്വസാധാരണമായ രീതി. വിത്തു തൈകൾക്ക് ചില പോരായ്മകളുണ്ട്. ഇവ സാവധാനം വളരുകയും കായ് പിടിച്ചുകിട്ടാൻ 3 -4 വർഷം എടുക്കുകയും ചെയ്യും. മിറക്കിൾ ഫ്രൂട്ടിന്റെ വിത്തുകൾ മുളയ്ക്കാൻ അല്പം വിമുഖതയുള്ള കൂട്ടത്തിലാണ് (റീകാൽസിട്രൻട്). ഇത്തരം വിത്തുകൾ എത്രയും വേഗം പാകിയില്ലെങ്കിൽ മുളച്ചുകിട്ടില്ല. ഇവ പിന്നീട് പാകാൻ വേണ്ടി സൂക്ഷിച്ചു വയ്ക്കാനും കഴിയില്ല. അതിനാൽ പഴത്തിൽനിന്ന് നീക്കിയാലുടൻ തന്നെ വിത്തുകൾ പാകാൻ ശ്രദ്ധിക്കണം. പാകാൻ ഒന്നോ രണ്ടോ ദിവസം വൈകിയാൽ പോലും ചിലപ്പോൾ മുളച്ചുവെന്നു വരില്ല. പഴത്തിന്റെ അകക്കാമ്പ് മാറ്റി വൃത്തിയാക്കിയ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ മുക്കിയിടുക. ഇവ പീറ്റ് മോസ്, പെർലൈറ്റ് അല്ലെങ്കിൽ മണൽ എന്നിവ കലർത്തിയെടുത്ത പോട്ടിങ് മിശ്രിതത്തിൽ പാകാം; തണലിൽ സൂക്ഷിക്കണം. ഏതാനും ആഴ്ച കൊണ്ടുതന്നെ വിത്ത് മുളയ്ക്കും. ഒരു വർഷം പ്രായമായ തൈക്കു 5 മുതൽ 7.5 സെന്റി മീറ്റർ വരെയേ ഉയരമുണ്ടാകൂ. നല്ല തെളിഞ്ഞ പച്ചനിറമുള്ള, അത്യാവശ്യം വളയുന്ന, കമ്പുകളിൽനിന്ന് (സോഫ്റ്റ് വുഡ് കട്ടിങ് )അതിരാവിലെ കഷണങ്ങൾ മുറിച്ചെടുത്തു അതിലെ താഴ്വശത്തെ ഇലകളെല്ലാം നീക്കി വേര് പിടിപ്പിക്കാനുള്ള മാധ്യമത്തിൽ നട്ടും പുതിയ ചെടി വളർത്താം. ഇതിന് 10 സെന്റി മീറ്റർ നീളത്തിലാണ് കഷണങ്ങൾ എടുക്കേണ്ടത്. ഇതിൽ കുറച്ചു മുട്ടുകളും നാലോ അഞ്ചോ ഇലകളും മതിയാകും. കഷണം വേഗം വേര് പിടിച്ചുകിട്ടാൻ ഐ.ബി.എ. എന്ന ഹോർമോൺ പൊടി 400 മില്ലിഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അതിൽ കഷണത്തിന്റെ ചുവടറ്റം മുക്കിയിട്ട് നടുന്ന പതിവുണ്ട്. ഇത് 50% പീറ്റ് മോസും 50% പെർലൈറ്റോ മണലോ കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിലാണ് നടേണ്ടത്. രണ്ടോ മൂന്നോ മാസമെടുത്തു മാത്രമേ ഇവ കാര്യമായി വേര് പിടിച്ചുകിട്ടുകയുള്ളു . പതിത്തൈകൾക്ക്‌ മുൻഗണന വായുവിൽ പതിവച്ചെടുക്കുന്ന (എയർ ലെയർ) മിറക്കിൾ ഫ്രൂട്ട് തൈകൾക്ക് കൃഷിയിടങ്ങളിൽ മുൻഗണയുണ്ട്. ജനിതകപരമായി സമാനസ്വഭാവമുള്ള തൈകൾ ഉല്പാദിപ്പിക്കാൻ (ജനറ്റിക്കലി ഐഡൻറ്റിക്കൽ ക്ലോൺസ്) കഴിയുമെന്നതാണ് മുഖ്യനേട്ടം. തൈകൾ താരതമ്യേന വേഗം വളർന്ന് പ്രായപൂർത്തിയാകുക, കായ്‌കൾ പിടിക്കാൻ തുടങ്ങുക, മാതൃവൃക്ഷങ്ങളോട് കൂടുതൽ സാദൃശ്യമുള്ള തൈകൾ ലഭിക്കുക, വലിയ ഫലങ്ങൾ കിട്ടുക, തൈകളിലധികവും വിജയകരമായി വേര് പിടിച്ചുകിട്ടുക തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ഇത്തരം തൈകളുടെ മാത്രം പ്രത്യേകതയാണ്. ഇവിടെ വിജയശതമാനവും കൂടുതലായിരിക്കും. മധ്യവേനൽകാലമോ, വസന്തകാലമോ ആണ് ഇവിടെ പതി വയ്ക്കാൻ ഏറ്റവും യോജിച്ച സമയം. അതും പൂർണ്ണവളർച്ചയുള്ള, ആരോഗ്യമുള്ള, ദൃഢതയുള്ള ശിഖരങ്ങളിൽ. ഏകദേശം പെൻസിൽ കനമുള്ള ശിഖരം തിരഞ്ഞെടുത്തു അതിൽനിന്ന് ഒരിഞ്ചു ചുറ്റളവിൽ വളയം പോലെ തൊലി മുറിച്ചുമാറ്റുക. ഈ ഭാഗത്തു നനഞ്ഞ ചകിരിച്ചോറോ അല്ലെങ്കിൽ നനഞ്ഞ പായലോ പൊതിഞ്ഞു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വായു കടക്കാത്തവിധം കെട്ടുക.ഏകദേശം മുതൽ 12 ആഴ്ച കൊണ്ട് വേരുകൾ വളരാൻ തുടങ്ങും. പായലിൽ വേരുകൾ നന്നായി വളർന്ന് നിറഞ്ഞാൽ പതിയ്ക്കു താഴെവച്ച് പാതി മുറിച്ചെടുക്കാം. പ്ലാസ്റ്റിക് പൊതി മാറ്റി ഉചിതമായ വളർച്ചാമാധ്യമത്തിൽ നടാം. ഇത്തരത്തിൽ പതിവച്ചെടുക്കുന്ന തൈകൾ ഒന്നുരണ്ടു വർഷം കഴിയുമ്പോൾ കായ്കൾ പൂവിടാനും മറ്റും തുടങ്ങും. ഇന്നിപ്പോൾ നഴ്സറികളിൽനിന്ന് ഇത്തരത്തിൽ ലെയർ ചെയ്ത തൈകൾ, വേര് പിടിപ്പിച്ച തണ്ടിൻകഷണങ്ങൾ തുടങ്ങിയവ കേരള കാർഷിക സർവകലാശാലയുടെ നഴ്സറികളിൽനിന്നും മറ്റ്‌ നഴ്സറികളിൽനിന്നും വാങ്ങാൻ കിട്ടുന്നു. ഇവിടെ തൈകൾക്കും തണ്ടിൻകഷണങ്ങൾക്കും പതിവച്ച തൈകൾക്കും വിലവ്യത്യാസമുണ്ടാകും എന്നോർക്കുക. തൈ നടാം ജൈവവള സമൃദ്ധമായ, വെള്ളക്കെട്ടിനിടയില്ലാത്ത അത്യാവശ്യം ഭാഗികമായ തണലോ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തോ വേണം മിറക്കിൾ ഫ്രൂട്ടിന്റെ തൈ നടാൻ. കുഴിയിൽ മേൽമണ്ണ്, പരുപരുത്ത മണൽ, പീറ്റ് മോസ്, പെർലൈറ്റ് എന്നിവയുടെ ഒരു വളക്കൂട്ടാണ്‌ കൂടുതൽ ഗുണകരമാകുക. മണ്ണിന്റെ അമ്ല-ക്ഷാര നില (പി.എച്) 4.5 മുതൽ 5.8 വരെയും. ഒപ്പം 4 മുതൽ 6 മണിക്കൂർ നേരം സൂര്യപ്രകാശവും; ഭാഗികമായ തണലും വളർച്ചയ്ക്ക് ഉത്തമമാണ്. 20 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് അനുകൂല അന്തരീക്ഷ താപനില. ഒരുപക്ഷെ നേരിട്ടുള്ള സൂര്യപ്രകാശത്തേക്കാൾ ഇലച്ചാർത്തുകളിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തിലാണ് മിറക്കിൾ ഫ്രൂട്ട് നന്നായി വളരുന്നത് കണ്ടിട്ടുള്ളത്. ഇതിൽ കായ്കൾ പിടിക്കുന്നതിൽ അന്തരീക്ഷ ആർദ്രതയ്ക്കു വലിയ പങ്കുള്ളതായി കണ്ടിട്ടുണ്ട്. 50 മുതൽ 70 ശതമാനം വരെയുള്ള ആർദ്രതയാണ് മികച്ച ഫലം നൽകാൻ ഉത്തമം. ആഴ്ചയിൽ മൂന്നോ നാലോ തവണ നനച്ചു മേൽമണ്ണ് ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കണം. നനയുടെ കാര്യത്തിൽ ആദ്യവർഷം ഒരു മരത്തിന് ഒരു ദിവസം 3 ലിറ്റർ വെള്ളം എന്നാണ് തോത്; രണ്ടാം വർഷം ഇത് 5 ലിറ്റർ ആയി വർധിപ്പിക്കണം. മൂന്നു വർഷം മുതൽ ഇതിന്റെ അളവ് 6 ലിറ്റർ എന്ന തോതിലാണ്. ഒരടി വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയാണ് തൈ നടാൻ നല്ലത്. താഴ്ന്ന പ്രദേശങ്ങളിലും സമതലങ്ങളിലും എല്ലാം മിറക്കിൾ ഫ്രൂട്ട് വളർത്താം. വളപ്രയോഗത്തിന്റെ കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും. ജൈവവളങ്ങളായി നന്നായി പാകപ്പെട്ട കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയവ ലഭ്യത അനുസരിച്ചു ഉപയോഗിക്കാം. ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ഫോസ്ഫോബാക്റ്റീരിയ , വാം എന്നിവയും തൈ ഒന്നിന് 50 മുതൽ 100 ഗ്രാം വരെ ചേർക്കാം. രണ്ടാഴ്ച ഇടവിട്ടാണ് വളങ്ങൾ ചേർക്കേണ്ടത്. മരത്തിനു ചുറ്റും വേരുപടലത്തിൽ നിന്ന് മാറി തടമെടുത്തു അതിലാണ് വളങ്ങൾ ചേർക്കേണ്ടത്. എന്നാൽ ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിവ വെവ്വേറെ മാത്രമേ നൽകാൻ പാടുള്ളു. മറ്റൊരു വള ശുപാർശ ഇങ്ങനെ: ആദ്യവർഷം നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ രാസവള മിശ്രിതം 50 ഗ്രാം വീതം ഓരോ തൈക്കും; രണ്ടാം വർഷം ഇത് 100 ഗ്രാമും മൂന്നാം വർഷം 150 ഗ്രാമും എന്നാണ് തോത്. ഇത് തന്നെ രണ്ടു തവണയായി മഴയുമായി കൈകോർത്തു ചേർക്കാം. ഇതിനു പുറമെ ആദ്യവർഷം നാനായി പാകപ്പെട്ട കാലിവളം ഓരോ ചെടിക്കും ഓരോ കിലോ വീതം ചേർക്കണം.ഇത് രണ്ടു തുല്യ അളവുകളായിട്ടാണ് ചേർക്കേണ്ടത്. കൂടാതെ 10 ഗ്രാം സൂക്ഷ്മമൂലകങ്ങൾ രണ്ടു തവണയായും 100 ഗ്രാം ഡോളോമൈറ്റ് രണ്ടു തവണയായി മഴയ്ക്ക് മുൻപും എന്ന ക്രമത്തിൽ നൽകേണ്ടതുണ്ട്. ഇനി രണ്ടാം വർഷം 100 ഗ്രാം ആണ് രാസവളമിശ്രിതത്തിന്റെ തോത്. കൂടാതെ 2 കിലോ പാകപ്പെട്ട കാലിവളവും; ഇവ രണ്ടും രണ്ട് തുല്യ അളവുകളായി വിഭജിച്ചാണ് നൽകേണ്ടത്. 15 ഗ്രാം സൂക്ഷ്മമൂലകങ്ങൾ വർഷത്തിൽ രണ്ടു തവണയും ഡോളോമൈറ്റ് 150 ഗ്രാം മഴയ്ക്ക് മുൻപായും ചേർക്കണം. മൂന്നാം വർഷം 150 ഗ്രാം രാസവളങ്ങൾ രണ്ടു തുല്യതവണകളായി ചേർക്കാം. കൂടാതെ പാകപ്പെട്ട 3 കിലോ കാലിവളം രണ്ടു തുല്യതവണകളായും 20 ഗ്രാം സൂക്ഷ്മമൂലകങ്ങൾ വർഷത്തിൽ രണ്ടു പ്രാവശ്യവും 200 ഗ്രാം ഡോളോമൈറ്റ് മഴയ്ക്ക് മുൻപും എന്ന ക്രമത്തിൽ നൽകണം. ഇതാണ് വളപ്രയോഗത്തിന്റെ സൂക്ഷ്മതല ശുപാർശ. എങ്കിലും വീട്ടുവളപ്പിൽ വളർത്തുമ്പോൾ ജൈവവളങ്ങൾ കൃത്യമായി നൽകിയും കാര്യമായ വിളവ് നേടാൻ സാധിക്കും. എന്തിനും മധുരം നൽകുന്ന അദ്‌ഭുതഫലം ! ചുവപ്പു നിറമുള്ള മിറക്കിൾ ഫ്രൂട്ട് കഴിച്ചാൽ പിന്നെ കഴിയ്ക്കുന്നതെന്തും മധുരിക്കും. ഇത്രയും ചെറിയ ഒരു പഴത്തിന് ഇത്രയും വിസ്മയകരമായ കഴിവ് എങ്ങനെ കിട്ടി? മിറക്കിൾ ഫ്രൂട്ടിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് ഷെവലിയാർ ഡെസ് മാർക്കെയിസ് ആയിരുന്നെങ്കിലും എന്താണ് ഈ അത്ഭുത ഫലത്തിന്റെ മധുരസൂത്രവാക്യം ഇന്നാർക്കും അറിയുമായിരുന്നില്ല. 1968-ലാണ് "മിറാക്കുലിൻ" എന്ന് പേരായ ഒരു പ്രോട്ടീൻ ആണ് ഈ അപൂർവസിദ്ധി നൽകുന്നതെന്നു കണ്ടെത്തിയത്. മിറാക്കുലിൻ ഒരു തരം ഗ്ലൈക്കോ പ്രോട്ടീനാണ്‌. ഇതുതന്നെ ഏകദേശം 191 വിവിധതരം അമിനോ അമ്ലങ്ങളുടെയും വിവിധതരം പഞ്ചസാരകളുടെയും ഒരു സംയുക്തമാണ്. സ്വതവേ മിറാക്കുലിന് മധുരമില്ല. പക്ഷെ കയ്പ്, പുളി തുടങ്ങിയ രസങ്ങളെ ഇതിന് മധുരരസമുള്ളതാക്കി മാറ്റാൻ കഴിയും. അതും പുളിയുള്ള എന്തെങ്കിലും കഴിച്ചു കുറേ നേരം കഴിഞ്ഞിട്ടായാലും. ലേയസ്വഭാവമുള്ളതിനാലും ചൂടാക്കിയാൽ പെട്ടെന്ന് വിഘടിക്കില്ല എന്നതിനാലും മിറാക്കുലിൻ ലഘുപാനീയങ്ങൾക്ക് മധുരം പകരാൻ ഉപയോഗിച്ചുവരുന്നു. തെല്ല് പുളിയുള്ള ഭക്ഷണവിഭവങ്ങളെ മധുരതരമാക്കാനും ഇതുപയോഗിക്കുന്നു. മിറാക്കുലിന്റെ പ്രവർത്തനം ഒരു പ്രത്യേക തരത്തിലാണ്; ഇത് നാവിൽ പുളിരസം തിരിച്ചറിയുന്ന രസമുകുളങ്ങളെ താത്കാലികമായി ബന്ധിച്ചുനിർത്തും; അതായത് മിറാക്കുലിൻ എന്ന തന്മാത്ര ഒരു മാന്ത്രികനെപ്പോലെ നാവിൽ ചില കൺകെട്ടുവിദ്യകൾ നടത്തും; ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ഒരു തരം "നാവുകെട്ടുവിദ്യ"(ടങ്ങ് ബൈൻഡിങ് ടെക്ക്നിക്ക് ) എന്നുതന്നെ പറയാം! അങ്ങനെയാണ് പുളിരസം അറിയാതെ പോകുന്നതും പകരം മധുരരസം മേൽക്കൈ നേടി നാമറിയുന്നതും. ഈ പ്രോട്ടീൻ മിറക്കിൾ പഴത്തിന്റെ അകക്കാമ്പിലാണ് ശേഖരിച്ചിരിക്കുന്നത്. അങ്ങനെ അനുഭവപ്പെടുന്ന മധുരം ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് മുതൽ രണ്ടു മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യും. മിറാക്കുലിൻ പ്രവർത്തനസജ്ജമായി കഴിഞ്ഞാൽ എത്ര പുളിയുള്ള നാരങ്ങയും ഓറഞ്ചുമൊക്കെ നല്ല മധുരത്തോടെ കടിച്ചുതിന്നാൻ കഴിയും. അതാണ് മിറാക്കുലിൻ എന്ന അത്ഭുത തന്മാത്രയുടെ അപൂർവ്വസിദ്ധി. മിറക്കിൾ ഫ്രൂട്ടിനു കിട്ടിയ അനുഗ്രഹവും ഇതുതന്നെ. മറ്റൊരു പഴത്തിനും ഇത്തരമൊരു സിദ്ധിയൊട്ടു അവകാശപ്പെടാനും കഴിയില്ല. മിറക്കിൾ പഴത്തിന് സംരക്ഷണം സീസണായാൽ ധാരാളമായി പഴങ്ങൾ ഒരേസമയം തെരുതെരെ മരം നിറയെ പിടിക്കുന്നതിനാൽ ചിലയവസരങ്ങളിൽ പഴങ്ങളുടെ നീര് കുടിക്കാനും ഇലകളിലും തണ്ടിലുംനിന്ന് നീരൂറ്റി കുടിക്കാനുമായി ചില തരം കീടങ്ങൾ എത്താറുണ്ട്. ഇവയിൽ പ്രധാനികളാണ് മീലി മൂട്ട, ചിലന്തി ചെള്ള്, ശല്ക്ക പ്രാണി, മുഞ്ഞ, കായീച്ച തുടങ്ങിയവ. ഇതിൽ മീലി മൂട്ട കൂട്ടമായി ഇലകളിലും തണ്ടിലുമൊക്കെ പറ്റിക്കൂടും. ചെടിയുടെ വളർച്ച ക്ഷീണിപ്പിക്കും. ചിലന്തി ചെള്ള് ഇലകൾ കൂട്ടിത്തുന്നി മഞ്ഞളിപ്പിക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയിൽ. ഇലകളിലും തണ്ടുകളിലും ചെറിയ ബ്രൗണോ കറുപ്പോ മുഴകളായി കാണുന്നുവെങ്കിൽ അത് ശല്ക്കപ്രാണികളാണ് എന്നുറപ്പിക്കാം. ഇവയും സസ്യരസം വലിച്ചുകുടിയ്ക്കുകയാണ് ചെയ്യുക. മുഞ്ഞകളാകട്ടെ ഇളം തണ്ടുകളിലും ഇലകളിലും കൂടി അവയെ ചുക്കിച്ചുളിവുള്ളതാക്കി തീർക്കും. ഇതും ചെടിയുടെ തുടർവളർച്ചയെ പ്രതികൂലമായി ബാധിക്കും. പഴങ്ങൾ പഴുത്തു നേരിയ സുഗന്ധം പരത്താൻ തുടങ്ങുമ്പോഴേക്കും കായീച്ചകളുടെ വരവായി. പഴങ്ങളുടെ തുടർവളർച്ചക്ക് ഇവ ഹാനികരമാണ്. മീലി മുട്ടകളെ ഒരു ടീസ്പൂൺ ലിക്വിഡ് സോപ്പും ഒരു ടീസ്പൂൺ വേപ്പെണ്ണയും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി നന്നയി തളിച്ച് നിയന്ത്രിക്കാൻ കഴിയും. കൂടാതെ മെറ്റാറൈസിയം അനിസോപ്ലി, ബെവേറിയ ബാസിയാന തുടങ്ങിയ ജീവാണുനാശിനികൾ ഉപയോഗിച്ചും നിയന്ത്രിക്കാം. ചിലന്തി ചെള്ളുകളെ ഒരു ഗാർഡൻ ഹോസ് കൊണ്ട് വെള്ളം ശക്തിയായി ചീറ്റി തുരത്താം. കൂടാതെ വേപ്പെണ്ണയും പ്രയോഗിക്കാം. എണ്ണത്തിൽ കുറവെങ്കിൽ ഒരു ടൂത്തു ബ്രഷ് ആൽക്കഹോളിൽ മുക്കി പ്രാണികൾ പറ്റിയിരിക്കുന്ന തണ്ടുകളിലും ഇലകളിലും സാവധാനം തുടച്ചാൽ ശല്ക്ക പ്രാണികളെ അകറ്റാൻ സാധിക്കും. എണ്ണത്തിൽ കൂടുതലെങ്കിൽ അത്തരം ശിഖരങ്ങൾ മുറിച്ചുനീക്കി നശിപ്പിക്കുകയേ മാർഗമുള്ളൂ. ശല്ക്ക പ്രാണികളെ അവ പൂർണ വളർച്ച എത്തുന്നതിനുമുമ്പുതന്നെ (ക്റാളർ സ്റ്റേജ് ) നശിപ്പിക്കാൻ കഴിഞ്ഞാൽ പൂർണഫലം കിട്ടും. മുഞ്ഞകളെ നിയന്ത്രിക്കാൻ 2 ശതമാനം വേപ്പെണ്ണയോ 5 ശതമാനം വേപ്പിൻ സത്തോ പ്രയോഗിച്ചു നിയന്ത്രിക്കാം. തോട്ടത്തിൽ ഒട്ടിപ്പിടിക്കുന്ന മഞ്ഞക്കെണികൾ സ്ഥാപിച്ചും മുഞ്ഞകളെ നശിപ്പിക്കാം. ചില രോഗങ്ങളും മിറക്കിൾ ഫ്രൂട്ടിന് ഇടയ്ക്ക് ഉപദ്രവമാകാറുണ്ട്. ആന്ത്രാക്‌നോസ്, ഇലപ്പുള്ളി, വേര് ചീയൽ എന്നിവയാണവ. ഇക്കൂട്ടത്തിൽ ആന്ത്രാക്നോസ് എന്നത് കൊളിറ്റോട്രിക്കം ഇനത്തിൽ പെട്ട കുമിൾ വരുത്തുന്ന രോഗമാണ്. ഈ രോഗം പിടിപെട്ടാൽ അത് ഇലപ്പുള്ളികളായും കൊമ്പുണക്കമായും കായ് അഴുകലായും ഒക്കെ മാറും. ഇത് നിയന്ത്രിക്കാൻ ഇടതിങ്ങി ഞെരുങ്ങി വളരുന്ന ശിഖരങ്ങൾ മുറിച്ചുനീക്കി മരത്തിന് കൂടുതൽ സൂര്യപ്രകാശവും വായുസഞ്ചാരവും കിട്ടാൻ സാഹചര്യം ഉറപ്പാക്കണം. ഇത് കുമിൾബാധ തടയാൻ ഉപകരിക്കും. കൂടാതെ ഗുരുതരമായി രോഗം ബാധിച്ച ശിഖരങ്ങൾ നീക്കി നശിപ്പിക്കുക; ചെറിയ തൈകളുടെ കാര്യത്തിൽ ചെടിയുടെ മുകൾത്തലപ്പിലൂടെ നനയ്ക്കുന്നത് ഒഴിവാക്കുക, ചെമ്പ് കലർന്ന ബോർഡോ മിശ്രിതം, കോപ്പർ ഓക്സിക്ലോറൈഡ് പോലുള്ള കുമിൾനാശിനികൾ തളിക്കുക; ചെടിയുടെ ചുവടും തടവും വൃത്തിയായി സൂക്ഷിച്ചു മണ്ണിൽ കുമിൾ വളരാതെ നോക്കുക തുടങ്ങിയവയാണ് നിയന്ത്രണരീതികൾ. രോഗകാരികളായ കുമിളുകളാണ് ഇലപ്പുള്ളി (ലീഫ് സ്പോട്ട് )വരുത്തുന്നതും. ഇത് തന്നെ ഇലകളിൽ പുള്ളികളായുംഇലകളിൽ പൊള്ളൽ വീണതുപോലെ പാടുകളുണ്ടായി, അവയ്ക്കുചുറ്റും മഞ്ഞനിറത്തിൽ വലയങ്ങൾ രൂപംകൊള്ളുകയും (ലീഫ് ബ്ലൈറ്റ് ) ചെയ്യാറുണ്ട്. അധികവും ഉയർന്ന അന്തരീക്ഷ ഈർപ്പാംശം(അതായത് അന്തരീക്ഷ ആർദ്രത 70 ശതമാനത്തിലധികമാകുമ്പോൾ ) ഉള്ളപ്പോഴും നനയ്ക്കുന്നതിൽ പാകപ്പിഴകൾ സംഭവിക്കുമ്പോഴുമാണ് ഉണ്ടാകുന്നത്. ഇലകളിലെ പൊള്ളൽ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ അവ ഉണങ്ങി കൊഴിയും. ഇലപ്പുള്ളിയുടെ നിയന്ത്രണമാർഗങ്ങളിൽ ചെടികൾക്ക് ചുറ്റും സ്വതന്ത്ര വായുസഞ്ചാരത്തിന് അവസരം ഉണ്ടാക്കുക, തൈകളുടെ മുകൾത്തലപ്പിലൂടെ നനയ്ക്കാതിരിക്കുക, രോഗബാധ പ്രകടിപ്പിക്കുന്ന ഇലകൾ ചെടിയിൽനിന്ന് നീക്കി കുമിളിന്റെ വ്യാപനം നിയന്ത്രിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യമുണ്ട്. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം, അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50 ഡബ്ള്യു.പി (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചത് ) എന്നിവയിലൊന്ന് തളിക്കുക എന്നിവയും ചെയ്യാം. സ്യൂഡോമോണസ് ഫ്ളൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മഴയ്ക്ക് തൊട്ടു മുൻപായി ചെടിയിൽ തളിക്കുക. മാസത്തിലൊരിക്കൽ എന്ന തോതിൽ ഇത് ആവർത്തിക്കാം. ജൈവവളമായി കാലിവളം ചേർക്കുന്നെങ്കിൽ അതിൽ ട്രൈക്കോഡെർമ കൂടെ ചേർത്തിട്ട്‌ വളർന്ന മരമൊന്നിന് 5 മുതൽ 10 കിലോഗ്രാം വരെ എന്ന തോതിൽ നൽകുന്നതും രോഗബാധ നിയന്ത്രണവിധേയമാക്കും. രുചിഭേദവും അസാധാരണപോഷകനിറവും മിറക്കിൾ ഫ്രൂട്ട് എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ രുചിഭേദം (ടേസ്റ്റ് മോഡിഫയിങ് ) വരുത്താനുള്ള കഴിവാണ് പെട്ടെന്ന് ഓർമവരുക. 100 ഗ്രാം ഫ്രഷ് മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോഷകച്ചേരുവകൾ ഇങ്ങനെ: ഊർജ്ജം 38 കിലോകാലറി; കൂടാതെ 9.1 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.8 ഗ്രാം നാര്, 7.2 ഗ്രാം പഞ്ചസാര, 0.5 ഗ്രാം മാംസ്യം, 0.3 ഗ്രാം കൊഴുപ്പ്, 12 മില്ലിഗ്രാം ജീവകം സി, 0.05 മില്ലിഗ്രാം തയാമിൻ (ബി 1), 0.06 മില്ലിഗ്രാം റൈബോഫ്ലേവിൻ (ബി 2), 0.07 മില്ലിഗ്രാം നിയാസിൻ (ബി 3), 0.15 മില്ലിഗ്രാം മാങ്കനീസ്‌, 150 മില്ലിഗ്രാം പൊട്ടാസിയം, 12 മില്ലിഗ്രാം മഗ്നീഷ്യം എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്. മിറക്കിൾ ഫ്രൂട്ടിന്റെ വിത്തിൽ ഒലീക് അമ്ലം, പാമിറ്റിക്ക് അമ്ലം ഉൾപ്പടെ നിരവധി അപൂരിത കൊഴുപ്പമ്ലങ്ങളുമുണ്ട്. ജീവകങ്ങളായ എ, സി, കെ, ഇ എന്നിവയുടെ മികച്ച സ്രോതസ്സ്, ഊർജ്ജത്തിന്റെ തോത് വളരെ കുറഞ്ഞ ഫലം, പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യം, നിരോക്സീകാരകങ്ങൾ, ഫീനോളിക്ക് സംയുക്തങ്ങൾ എന്നിവയുടെ സാന്നിധ്യം തുടങ്ങി വിവിധ ഘടകങ്ങളാണ് മിറക്കിൾ ഫ്രൂട്ടിന് നിരവധി ആരോഗ്യസംരക്ഷക മേന്മകൾ നൽകുന്നത്. രോഗനിവാരിണി,ആരോഗ്യദായിനി ഊർജ്ജത്തിന്റെ അളവ് വളരെ കുറഞ്ഞ, കാലറി തീരെ കുറവുള്ള പഞ്ചസാരയുടെ പകരക്കാരൻ, എന്ന നിലയ്ക്ക് ശരീരഭാരം കുറയാൻ മിറക്കിൾ ഫ്രൂട്ട് സഹായിയാണ്. പ്രത്യേകിച്ച് ദുർമേദസ്സ് നിമിത്തം പൊറുതിമുട്ടുന്നവർക്ക്. ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ഇതുപകരിക്കും. മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള പോളിഫീനോളിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരകോശങ്ങൾ ഇൻസുലിൻ ഹോർമോണിനോട് ശരിയായി പ്രതികരിക്കുന്ന അവസ്ഥ സംജാതമാക്കിക്കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ ദഹനം ഉൾപ്പടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാനും ഇടയാക്കുന്നു.ഇതാകട്ടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് സാധാരണയിൽ കൂടുന്ന അവസ്ഥയ്ക്കും പ്രതിരോധം തീർക്കുന്നു. കീമോതെറാപ്പി ചികിത്സ എടുക്കുന്ന അർബുദ ബാധിതർക്ക് നാവിലുണ്ടാകുന്ന രുചിഭേദങ്ങളും തുടർന്നുള്ള അസ്വസ്ഥതകളും കാര്യമായി കുറയാൻ മിറക്കിൾ ഫ്രൂട്ട് ഉപകരിക്കുന്നു. രുചിബോധത്തിനുണ്ടാകുന്ന ഈ വൈകല്യം "ഡിസ്‍ഗൂസിയ" എന്നാണറിയപ്പെടുന്നത്. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ മിറക്കിൾ ഫ്രൂട്ട് കഴിക്കുന്നതുനിമിത്തം നാവിൽ അരുചി വരാതെ തന്നെ മധുരം താത്കാലികമായി അനുഭവപ്പെടുകയും അങ്ങനെ അത്യാവശ്യ ആഹാരം കഴിക്കാനും അതുവഴി പോഷകങ്ങൾ ലഭിക്കാനും ഇടയാകുന്നു. ജീവകം സി സമൃദ്ധമാകയാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഗണ്യമായി വർധിപ്പിക്കാൻ ഈ പഴത്തിനു കഴിവുണ്ട്. പിന്നീട് രോഗഹേതുവാകാവുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം നിർവീര്യമാക്കാൻ കഴിവുള്ളത്ര നിരോക്സീകാരകങ്ങൾ (ആൻറി ഓക്സിഡൻറ്സ് ) അടങ്ങിയിട്ടുള്ളതിനാൽ ഗുരുതര രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കുന്നു. രക്തത്തിലെ യൂറിക്ക് ആസിഡിന്റെ തോത് കുറയ്ക്കാനും മിറക്കിൾ ഫ്രൂട്ടിന് സാധിക്കുന്നു. ഇത് സന്ധികളിലുണ്ടാകുന്ന കഠിനമായ വേദന, നീര്, ചുവപ്പുനിറം തുടങ്ങിയ ഗൗട്ട് രോഗത്തിന്റെ ലക്ഷണങ്ങൾ കുറച്ചു ആശ്വാസം നൽകുന്നു. മിറക്കിൾ ഫ്രൂട്ടിന്റെ വിത്തിലടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങൾക്ക് അപസ്മാരം, പേശീവലിവ് തുടങ്ങിയ രോഗാവസ്ഥകൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് പഠനങ്ങളിൽനിന്ന് തെളിഞ്ഞിട്ടുണ്ട്. ഇതര ഉപയോഗങ്ങൾ ഭക്ഷ്യവ്യവസായം: പ്രകൃതിദത്തമായി മധുരം നൽകുന്ന പദാർത്ഥം (നാച്ചുറൽ സ്വീറ്റ്‌നർ) എന്ന നിലയ്ക്ക് മിറക്കിൾ ഫ്രൂട്ടിന് ഭക്ഷ്യവ്യവസായത്തിൽ വലിയ സാധ്യതയാണുള്ളത്. യോഗർട്ട്, ലെമണെഡ്, ഡിസ്സെർട്ട് പോലുള്ള ഭക്ഷ്യവിഭവങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതുപയോഗിക്കുന്നു. മിറാക്കുലിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. അതിനാൽ കൃത്രിമ മധുരപദാർത്ഥങ്ങളോ പഞ്ചസാരയോ ഇവയിൽ ചേർക്കേണ്ടി വരുന്നില്ല. സോസുകൾ, അച്ചാർ തുടങ്ങി നാരങ്ങ ഉപയോഗിച്ച് തയാറാക്കുന്ന ഉത്പന്നങ്ങളിലും ഇതിനുപയോഗമുണ്ട്. ലെമണെഡ്, വൈൻ പോലെ നേരിയ കയ്പ്പും ചവർപ്പുമുള്ള പാനീയങ്ങൾക്ക് കാലറി വർധിക്കാതെ തന്നെ മധുരം പകരാൻ മിറക്കിൾ ഫ്രൂട്ടിനു കഴിവുണ്ട്. ഔഷധനിർമാണ വ്യവസായം: ഔഷധനിർമാണ വ്യവസായത്തിൽ മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള മിറാക്കുലിൻ എന്ന രുചഭേദം വരുത്താൻ കഴിവുള്ള പ്രോട്ടീനിന്റെ ഉപയോഗത്തിനാണ് മുൻഗണന. അർബുദബാധിതരിൽ കീമോതെറാപ്പിയുടെ ഫലമായി നാവിലനുഭവപ്പെടുന്ന ലോഹരസം (മെറ്റാലിക്ക് ടേയ്സ്റ്റ്) പ്രതിരോധിക്കാനും കൂടാതെ പ്രമേഹബാധിതർക്ക് ഉപയോഗിക്കാൻ പാകത്തിന് പഞ്ചസാരയ്ക്ക് പകരമായും ദഹനസംബന്ധിയും ശരീരത്തിനാവശ്യമായ ഊർജോല്പാദനവും നടക്കുന്ന പ്രക്രിയകളിൽ സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാനുമാണ് പ്രാധാന്യം. രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനുമുള്ള ഔഷധ നിർമാണത്തിലും ഇതിനുപയോഗമുണ്ട്. പരമ്പരാഗത ചികിത്സാവിധികളിലും സന്ധിവാതം, മോണ അഴുകൽ, ആസ്ത്മ, ലൈംഗിക തകരാറുകൾ എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളിലും ഇത് ചില പ്രദേശങ്ങളിൽ ചേരുവയാണ്. സൗന്ദര്യവർദ്ധക ഉത്പന്നനിർമാണവ്യവസായം: ചർമസംരക്ഷണം, വാർധക്യ പ്രതിരോധം, കേശ സംരക്ഷണം എന്നിവയ്ക്കാവശ്യമായ ഉത്പന്നങ്ങൾ തയാറാക്കാൻ മിറക്കിൾ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നുണ്ട്. മിറക്കിൾ ഫ്രൂട്ടിന്റെ വിത്തിൽ നിന്നെടുക്കുന്ന എണ്ണ (എം.എഫ്.എസ്.ഓ) കേശസംരക്ഷണ ഉത്പന്നങ്ങളിൽ ഉപയോഗിച്ച് വരുന്നു. ഉയർന്ന അളവിൽ മെഴുകുപോലെയുള്ള ലിപ്പിഡ് ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ മുടിയിഴകൾക്ക് ബലവും ദൃഡതയും നൽകി ഇത് മുടിയെ സംരക്ഷിച്ചു പൊട്ടിപ്പോകാതെയും നശിക്കാതെയും സൂക്ഷിക്കുന്നു. പഴുത്ത പഴത്തിന്റെ കാമ്പ് നിരവധി സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളിലും ഉപയോഗിക്കുന്നു. മിറക്കിൾ പഴങ്ങൾ വിവിധതരത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്ന് പുതുതായി വിളവെടുത്ത പഴം ഫ്രഷ് ആയി കഴിയ്ക്കുക എന്നതാണ്. കൂടാതെ പഴങ്ങൾ ഉണക്കിയും വളരെ താഴ്ന്ന താപനിലയിൽ പഴത്തിലെ ജലാംശം നീക്കി ഫ്രീസ് ഡ്രൈഡ് ആയും. ഇങ്ങനെ ഇവ രുചിയും പോഷകങ്ങളും നഷ്ടപ്പെടാതെ ദീർഘകാലം സൂക്ഷിക്കാനും സാധിക്കും. ഇനിയൊന്ന് മിറക്കിൾ ബെറി മെൽറ്റിങ് ടാബ്‌ലെറ്റ് അഥവാ ഗുളികകളായാണ്. ഗുളികരൂപത്തിൽ കിട്ടുന്ന ഇത് ഭകഷണത്തിനു മുൻപ് നാവിലിട്ടലിയിച്ചാൽ പുളിരസവും മധുരമായി അനുഭവപ്പെടും. ഇവയ്ക്ക് മിറക്കിൾ ഫ്രൂട്ടീസ്‌, മിറക്കിൾ ബെറി ഫ്രൂട്ട് ടാബ്‍ലെറ്റ്‌സ് എന്നെല്ലാം പേരുകളുണ്ട്. ഇതിനുപുറമെ മിറക്കിൾ ഫ്രൂട്ട് ക്യൂബ്‌സ് എന്നൊരു ഉത്പന്നവുമുണ്ട്. ഇതും ഗുളികയുടെ ഉപയോഗമുള്ളതാണ്. അത്ഭുത ഫലമെങ്കിലും ആയുസ്സു കുറവ് മറ്റൊരു ഫലത്തിനും അവകാശപ്പെടാൻ കഴിയാത്ത സവിശേഷതയുമായാണ് പ്രകൃതി മിറക്കിൾ ഫ്രൂട്ടിന് ജന്മം നൽകിയതെങ്കിലും ഇതിനൊരു ചെറിയ പോരായ്മയുണ്ട്- വളരെ കുറഞ്ഞ സൂക്ഷിപ്പുകാലം. സാധാരണ അന്തരീക്ഷ താപനിലയിൽ വിളവെടുത്ത ഫലങ്ങൾ പരമാവധി 2-3 ദിവസം മാത്രമേ സൂക്ഷിച്ചുവയ്ക്കാൻ കഴിയുകയുള്ളു. അതുകഴിഞ്ഞാൽ നാവിൽ രുചിഭേദം വരുത്താനുള്ള അതിന്റെ കഴിവ് വളരെ കുറയുകയോ നഷ്ടമാകുകയോ ചെയ്യുന്നതായി കണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വിളവെടുത്തു ഏറെ താമസിയാതെ പഴം കഴിയ്ക്കുക; അല്ലെങ്കിൽ ശീതസംഭരണിയിലോ മറ്റോ ഈർപ്പം നീക്കി തണുപ്പിച്ചു സംഭരിക്കുക. ശീതസംഭരിണിയിൽ ഏഴു ദിവസത്തോളം പഴങ്ങൾ വലിയ കേടു വരാതെ സൂക്ഷിക്കാം. എന്നാൽ, വിളവെടുത്ത ഫലങ്ങൾ നന്നായി തണുപ്പിച്ചാൽ 3-4 മാസം വരെ കാര്യമായ കേടുപാടില്ലാതെ സൂക്ഷിക്കാം "ഫ്രീസ് ഡ്രയിങ്" എന്ന സാങ്കേതികവിദ്യയിൽ 10-18 മാസം വരെ പഴങ്ങൾ കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. ഇതിലാകട്ടെ പഴത്തിന്റെ അടിസ്ഥാന ഗുണങ്ങൾക്കു കാര്യമായ വ്യത്യാസം വരുന്നുമില്ല. അതുപോലെ തന്നെ പഴത്തിൽ അടങ്ങിയിട്ടുള്ള മിറാക്കുലിൻ എന്ന ഘടകം താപ അസ്ഥിര സ്വഭാവമുള്ളതാണ്(തെർമോ ലബൈൽ). താപനില വർധിക്കുമ്പോൾ ഇത് വേഗം നശിച്ചുപോകും. അതുകൊണ്ടുതന്നെ മിറക്കിൾ ഫ്രൂട്ട് പാകം ചെയ്യാൻ ഉത്തമമല്ല. ഒരർഥത്തിൽ വേഗം കേടായിപ്പോകുന്ന സ്വഭാവം നിമിത്തം ജന്മദേശം വിട്ട് ഇത് കുറേനാൾ മറ്റെങ്ങും അധികം കൃഷിചെയ്തിരുന്നില്ല. പിൽക്കാലത്തു ഗതാഗത സൗകര്യം വർധിച്ചതോടെയാണ് ഇതിന്റെ കൃഷി മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. ആദ്യകാലത്തു ഇത് മിറക്കിൾ ഫ്രൂട്ടിന്റെ വിപണത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോൾ വാക്വം ഫ്രീസ് ഡ്രയിങ് എന്ന സങ്കേതവും മിറക്കിൾ ഫ്രൂട്ടിന്റെ സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഫലത്തിലെ ജലാംശം തണുപ്പിച്ചു മരവിപ്പിച്ചതിനുശേഷം വാക്വത്തിന്റെ സഹായത്താൽ നേരിട്ട് വാതകാവസ്ഥയിലേക്കാക്കി, പിന്നീട് ഉണക്കിയെടുക്കുന്നു. മിറക്കിൾ ഫ്രൂട്ട് ഇത്തരത്തിൽ ടാബ്ലെറ്റുകളായും തരിരൂപത്തിൽ ഗ്രാന്യൂളുകളായും രൂപാന്തരപ്പെടുത്തുന്ന പതിവുമുണ്ട്. കുറച്ചുകൂടെ അത്യാധുനിക സംവിധാനമായ ചിറ്റോസാൻ എന്ന പ്രകൃതിദത്ത പദാർത്ഥം ഉപയോഗിച്ച് കായ്കൾക്ക് ആവരണം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് കുറേനാൾ ഫലം കേടുകൂടാതെ സംരക്ഷിക്കും. ഫലത്തിന്റെ അകക്കാമ്പ് തണുത്തുണക്കി പൊടിച്ചും സൂക്ഷിക്കാം. ക്‌ളാസ്സിക്ക് ലെമൺ/ലൈം സ്‌നാക്ക്, മധുരം വളരെ കുറഞ്ഞ ലോ ഷുഗർ സ്‌മൂത്തി, കോക്‌ടെയിൽ, ഐസ് ക്രീം, യോഗർട്ട് , ബിയർ, കൊമ്പൂച്ച തുടങ്ങി വിവിധ വിഭവങ്ങളായും പാനീയങ്ങളിൽ ചേർത്തും മിറക്കിൾ ഫ്രൂട്ട് ഉപയോഗിക്കാം. മിറക്കിൾ ഫ്രൂട്ട് ഉല്പാദനത്തിലെ മുൻനിരക്കാർ പ്രധാനമായും പടിഞ്ഞാറൻ-മധ്യ ആഫ്രിക്കകളിലാണ് മിറക്കിൾ ഫ്രൂട്ട് ധാരാളമായി ഉല്പാദിപ്പിക്കുന്നതെങ്കിലും ഇന്നിപ്പോൾ മറ്റു പല രാജ്യങ്ങളും ഇതിന്റെ അന്യൂനമായ സവിശേഷതകൾ തിരിച്ചറിഞ്ഞു വ്യാപകമായി വളർത്താൻ തുടങ്ങിയിരിക്കുന്നു. ആഫ്രിക്കയിലെ ഘാന, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലും കൂടാതെ ബെനിൻ, കാമറൂൺ, ഗാബോൺ എന്നിവിടങ്ങളിൽ പ്രാദേശികവിള എന്ന നിലയ്ക്കും ഇതിന്റെ കൃഷിയുണ്ട്. ഏഷ്യയിൽ തായ്‌വാൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലാണ് മിറക്കിൾ ഫ്രൂട്ട് കൃഷിയുള്ളത്. ഇക്കൂട്ടത്തിൽ തായ്‌വാൻ സംസ്കരിച്ച ടാബ്ലെറ്റുകൾ ഉൾപ്പടെയുള്ള മിറക്കിൾ ഫ്രൂട്ട് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തുവരുന്നു. ജപ്പാനിൽ ഇത് പ്രമേഹം, ദുർമേദസ്സ് എന്നിവ കൊണ്ട് വിഷമിക്കുന്നർക്ക് ഭക്ഷണസഹായി എന്ന നിലയ്ക്കാണ് ഉപയോഗിക്കാറുള്ളത്. അമേരിക്ക, ഇക്വഡോർ, കോസ്റ്റാറിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ ഇതിന്റെ കൃഷിയുണ്ട്. ഇവിടങ്ങളിൽ മിറക്കിൾ ഫ്രൂട്ടിന്റെ വലിയ ഫാമുകൾ തന്നെയുണ്ട്. ഉണക്കിയ മിറക്കിൾ പഴവുമായി സ്പെയിനും യൂറോപ്യൻ വിപണിയിലുണ്ട്. ഇന്ത്യയിൽ കേരളത്തിൽ മിറക്കിൾ ഫ്രൂട്ടിന്റെ കൃഷി ചെറിയ തോതിൽ വ്യാപിക്കുന്നു എന്ന് പറയാം. ഇതിന്റെ തൈകൾ വിൽക്കുന്ന നിരവധി നഴ്സറികൾ ഇന്ന് ഇവിടെ നിലവിലുണ്ട്. വയനാട്, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉൾപ്പടെ ഇത് വിജയകരമായി വളർത്തുന്നവരുണ്ട്. ഇവിടെ ഇതിനു കാര്യമായ കീട രോഗബാധകളൊന്നും ഉണ്ടാകാറുമില്ല. കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ അനുയോജ്യവുമാണ്. കേരളത്തിലെ മണ്ണുകളിൽ പൊതുവെ അധികമുള്ള അമ്ലത അനുഗ്രഹമാണെന്നു വേണം പറയാൻ.  വിപണിയിൽ മിറക്കിൾ പഴത്തിന് കിലോയ്ക്ക് 250 മുതൽ 1200 രൂപ വരെ വിലയുണ്ടാകാറുണ്ട്. ഓൺലൈൻ വിപണി വഴിയും ഇത് വാങ്ങാൻ കഴിയും. തൈകൾക്കും വിവിധ നഴ്സറികൾ വിലവ്യത്യാസത്തിൽ വില്പന നടത്തിവരുന്നു. വേറിട്ട ഉപയോഗ സാധ്യതകളും ഇതര ഫലങ്ങൾക്കില്ലാത്ത ചില സവിശേഷതകളൂം സ്വന്തമാക്കിയ മിറക്കിൾ പഴം പേര് സൂചിപ്പിക്കുന്നതുപോലെ ഒരു നിത്യവിസ്മയമായി തന്നെ തുടരുന്നു. ബൊട്ടാണിക്കൽ വണ്ടർ എന്നാണ് സസ്യശാസ്ത്രജ്ഞർ ഈ പഴത്തെ ഇന്നും വിശേഷിപ്പിക്കുന്നത്. ദ അൾട്ടിമേറ്റ് ടങ് ട്വിസ്റ്റർ, മിറക്കിൾ ഫ്രൂട്ട്- വണ്ടർ നെവർ സീസ് ഇങ്ങനെ വിശേഷണങ്ങൾ നൽകുമ്പോഴും "പുളിയുള്ള ഭക്ഷ്യപദാർഥങ്ങൾ മധുരോദാരമാകും.....സാക്ഷാൽ നാരങ്ങ പോലും പഞ്ചാരപ്പാലുമിട്ടായി പോലെ മധുരിക്കും!’’ ലോകമെമ്പാടും മിറക്കിൾ പഴത്തിന് ആരാധകർ വർധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ലല്ലോ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രസമുകുളങ്ങളെ കബളിപ്പിക്കും; പുളിരസം മധുരതരമാക്കും അതിശയഫലം… | Boolokam