ചെറുപുഴ : കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ചെറുപുഴ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് ലൈസമ്മ പനയ്ക്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി, ജിയോളജിസ്റ്റ് കെ.ആർ. ജഗദീശൻ, ചെറുപുഴ എസ്.എച്ച്.ഒ. ക്ലിൻറ് മാത്യു, കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, കെ.എം. ഷാജി, മനോജ് വടക്കേൽ, രാജു ചുണ്ട, വി.ആർ. സുനിൽ, രാജഗിരി ബിനോയി മുതുകാട്ടിൽ, ജിജോ പുത്തൻപുരയിൽ, ജയിസൺ കുമ്മിണി എന്നിവർ സംസാരിച്ചു. To advertise here, പി.ഡബ്ല്യു.ഡി. റോഡ് നശിപ്പിച്ച ക്വാറി ഉടമകൾക്കെതിരേ കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും ജിയോളജി വകുപ്പ് ഇതിനാവശ്യമായ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. മുകളിലെ ക്വാറിയിൽ എട്ടോളം കൂറ്റൻ കല്ലുകൾ ഇളകിയ നിലയിലാണെന്നും ഇത് പൊട്ടിച്ച് നീക്കാൻ ഒരു മാസത്തെ സമയം അനുവദിക്കുമെന്നും ജിയോളജിസ്റ്റ് കെ. ജഗദീശൻ പറഞ്ഞു. തുടർന്ന് ആവശ്യമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ. സന്ദർശിച്ചു : രാജഗിരി-ജോസ്ഗിരി റോഡിൽ കല്ല് വീണ ഭാഗം ടി.ഐ. മധുസൂദനൻ എം.എൽ.എ. സന്ദർശിച്ചു. ആരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും റെഡ് സോണിൽപ്പെട്ട സ്ഥലമാണിതെന്നും ഒരുവിധത്തിലുള്ള ഖനനവും പാടില്ലാത്തതാണെന്നും ദുരന്തമൊഴിവായത് മഹാഭാഗ്യമാണെന്നും എം.എൽ.എ. പറഞ്ഞു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ജോയി, പി. ശശിധരൻ, സി. സത്യപാലൻ, എ.ടി.വി. ദാമോദരൻ, സിബി എം. തോമസ് എന്നിവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു. സ്ഥലം സന്ദർശിച്ച കേരള കോൺഗ്രസ് നേതാക്കൾ അടിയന്തരമായി തടസ്സം നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് മുള്ളൻമട, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ പുറവക്കാട്ട്, എ.സി. പൗലോസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അരുൺ കുഴിപ്പള്ളി, അഡ്വ. സനു പുറവകാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. എൻ.ഡി.എ. സ്ഥാനാർഥി എ.പി. ഗംഗാധരൻ ബി.ജെ.പി., എൻ.ഡി.എ. നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, വി.ആർ. സുനിൽ, രാജു ചുണ്ട, കെ. സുനിൽകുമാർ, ടി.വി. സ്വരാജ് എന്നിവർ രാജഗിരി ക്വാറിയിലെ കല്ല് വീണ സ്ഥലം സന്ദർശിച്ചു. ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. രാത്രി മുഴുവൻ കാവലിരുന്ന് നാട്ടുകാർ : തിങ്കളാഴ്ച ഉരുണ്ടിറങ്ങി രാജഗിരി- ജോസ്ഗിരി റോഡിൽ വീണ കൂറ്റൻ കല്ലിന് കാവലിരുന്ന് നാട്ടുകാർ. ചെവ്വാഴ്ച നേരം വെളുക്കുവോളം രാജഗിരി പൈതൃക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് കാവലിരുന്നത്. തെളിവു നശിപ്പിക്കാനായി കരിങ്കല്ല് പൊട്ടിച്ച് നീക്കാനുള്ള ശ്രമം നടന്നാൽ തടയാനാണ് നാട്ടുകാർ കാവലിരുന്നത്. രാത്രിയിൽ ഇത്തരത്തിൽ ശ്രമമുണ്ടായാൽ രാജഗിരി ടൗൺ വരെയുള്ളവരുടെ ജീവന് ഭീഷണിയാകുമായിരുന്നു.

രാജഗിരിയിലെ കരിങ്കൽക്വാറി പ്രവർത്തിക്കരുത് -സർവകക്ഷിയോഗം
M
MathrubhumiSource Link
about 2 months ago