വിഖ്യാത ചിത്രകാരൻ രാജാരവിവർമയുടെ പ്രശസ്തമായ 'യശോദയും കൃഷ്ണനും' എന്ന ചിത്രം വൻ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. 167.20 കോടി രൂപയ്ക്കാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ഡോ. സൈറസ് എസ്. പൂനാവാല ഈ അപൂർവ ചിത്രം സ്വന്തമാക്കിയത്. മുംബൈയിൽ ബുധനാഴ്ച നടന്ന സാഫ്രൺആർട്ടിന്റെ സ്പ്രിങ് ലൈവ് ലേലത്തിലാണ് ഈ റെക്കോർഡ് തുകയ്ക്ക് സൈറസ് എസ്. പൂനാവാല ഈ ചിത്രം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം എം.എഫ്. ഹുസൈന്റെ 'അൺടൈറ്റിൽഡ് (ഗ്രാമയാത്ര)' എന്ന ചിത്രത്തിന് ലഭിച്ച 118 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. To advertise here, 1890-കളിലാണ് രാജാരവിവർമ ഈ ഓയിൽ പെയിന്റ് ചിത്രം ഒരുക്കിയത്. 80 മുതൽ 120 കോടി രൂപ വരെയാണ് ലേലത്തിനുമുമ്പ് ഇതിന് കണക്കാക്കിയിരുന്ന മൂല്യം. ഹൈന്ദവ പുരാണങ്ങളിലെ ശ്രീകൃഷ്ണനെയും യശോദയെയും കേന്ദ്രീകരിച്ചുള്ള ഈ ചിത്രം മാതൃവാത്സല്യത്തിന്റെ മനോഹരമായ ആവിഷ്കാരമാണ്. യശോദ പശുവിനെ കറക്കുന്നതും പിന്നിൽനിന്ന് പാൽപാത്രത്തിനായി കൈനീട്ടുന്ന ഉണ്ണിക്കൃഷ്ണനുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രാജാരവിവർമയുടെ ഏറ്റവും മികച്ചതും വികാരഭരിതവുമായ സൃഷ്ടികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ദേശീയ അമൂല്യനിധി സ്വന്തമാക്കാനും സംരക്ഷിക്കാനും കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായി കാണുന്നുവെന്നാണ് ഡോ. സൈറസ് പൂനാവാല പ്രതികരിച്ചത്. ഈ അമൂല്യ കലാസൃഷ്ടി പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കുന്നതിന് താൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐ.യോട് വ്യക്തമാക്കി. ഇങ്ങനെ ഒരു ചരിത്രനിമിഷത്തിന് സൗകര്യമൊരുക്കാനായതിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് സാഫ്രൺആർട്ട് സഹസ്ഥാപകയും പ്രസിഡന്റുമായ മിനാൽ വസീറാണി പറഞ്ഞു. "ഇത് വിപണിയിലെ ഒരു നാഴികക്കല്ല് മാത്രമല്ല; മറിച്ച്, ഇന്ത്യൻ കലയുടെ സാംസ്കാരിക-വൈകാരിക സ്വാധീനത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്," അവർ കൂട്ടിച്ചേർത്തു. Content Highlights: Dr. Cyrus S. Poonawalla purchased Raja Ravi Varma's iconic 1890s oil painting 'Yashoda and Krishna' for a record-breaking ₹167.20 crore at a Saffronart auction in Mumbai. Published: 02 Apr 2026, 08:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാജാരവിവർമയുടെ 'യശോദയും കൃഷ്ണനും' പെയിന്റിങ് വിറ്റുപോയത് 167 കോടി രൂപയ്ക്ക്; വാങ്ങിയതാര്?
M
MathrubhumiSource Link
about 1 month ago