കൊല്ലം: നാടകം, സിനിമ, സീരിയൽ, രാഷ്ട്രീയം, കൃഷി -വിവിധ അരങ്ങുകളിൽ ജീവിതം ആടിത്തീർത്ത് വിടവാങ്ങുന്ന ഇ.എ.രാജേന്ദ്രൻ പ്രേക്ഷക-സൗഹൃദ മനസ്സുകളിൽ വാടാത്ത ഓർമ്മയായി അവശേഷിക്കും. നാടകത്തെ ജീവശ്വാസമായി കരുതിയ ഈ കലാകാരൻ, ലോകനാടകദിനത്തിനു തലേന്നാണ് യാത്രയാവുന്നത്. To advertise here, തൃശ്ശൂർ തൃത്തല്ലൂരിലാണ് ജനിച്ചതെങ്കിലും കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട് കൊല്ലമാണ് അദ്ദേഹം തന്റെ നാടകപ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയത്. സ്കൂൾപഠന കാലയളവിൽ തുടങ്ങിയ നാടകാഭിനയം നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെത്തിച്ചു. പിന്നെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ടെലിവിഷൻ പ്രൊഡക്ഷൻ പഠിച്ചു. പഠനശേഷം, നാടകപ്രതിഭ ഒ.മാധവന്റെ മകളും നടൻ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ വിവാഹംചെയ്തതോടെയാണ് രാജേന്ദ്രൻ കൊല്ലത്തെത്തുന്നതും കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും. ‘പ്രതിരൂപങ്ങൾ’ എന്ന നാടകമാണ് തുടക്കം. പിന്നീട് 28 നാടകങ്ങളാണ് സംവിധാനംചെയ്തത്. ‘രാജേന്ദ്രന്റെ വരവോടുകൂടി കാളിദാസ കലാകേന്ദ്രത്തിൽ അതുവരെ നിലനിന്നിരുന്ന നാടകസങ്കൽപ്പത്തിനു മാറ്റംവരുത്തി. സംഭാഷണങ്ങൾക്കപ്പുറം, പ്രേക്ഷകർ ആസ്വദിക്കുന്ന രംഗസൗന്ദര്യം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു’- നടിയും ഒ.മാധവന്റെ ഭാര്യയുമായ വിജയകുമാരി തന്റെ ആത്മകഥയിൽ പറയുന്നു. ‘കരുണ’, ‘അമ്മ’ തുടങ്ങിയ നാടകങ്ങളിലെ ത്രിമാന ദൃശ്യവൈദഗ്ദ്ധ്യം ഇദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. വി.ആർ.ഗോപിനാഥിന്റെ ‘ഗ്രീഷ്മ’ത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ജയരാജിന്റെ ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ഷേക്സ്‌പിയറുടെ ‘ഒഥല്ലോ’യുടെ സ്വതന്ത്ര സിനിമാവിഷ്കാരമായ ‘കളിയാട്ട’ത്തിന്റെ ചർച്ചയ്ക്ക് നാടകരംഗത്തെ പരിചയം വെച്ച് രാജേന്ദ്രനെക്കൂടി വിളിക്കുകയായിരുന്നു. ചർച്ച പൂർത്തിയായപ്പോൾ ശ്രദ്ധിക്കപ്പെടുന്നൊരു വേഷവും ജയരാജ് ഈ കലാകാരനെ ഏല്പിച്ചു. പിന്നീട് നൂറോളം ചിത്രങ്ങളിൽ വില്ലനായും സഹനടനായും അഭിനയിച്ചു. ‘മീശമാധവൻ’, ‘പ്രണയവർണങ്ങൾ’, ‘ദയ’, ‘പട്ടാഭിഷേകം’, ‘പാർത്ഥൻ കണ്ട പരലോകം’, ‘നരസിംഹം’, ‘തച്ചിലേടത്ത് ചുണ്ടൻ’, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ തുടങ്ങിയ ചിത്രങ്ങൾ. ‘പൊറിഞ്ചു മറിയം ജോസ്’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രത്യേകതയുള്ള ശബ്ദവിന്യാസംകൊണ്ടും തീക്‌ഷ്ണമായ കണ്ണുകൾകൊണ്ടും അഭിനയത്തിൽ വ്യത്യസ്തമായൊരു ഭാവതാളം നൽകാൻ ഈ നടനു സാധിച്ചു. രാഷ്ട്രീയവും കലാലയകാലം മുതൽ ജീവിതത്തോടൊപ്പം കൊണ്ടുനടന്നു. സി.പി.ഐ.യുടെ പ്രവർത്തകനായിരുന്നു. കൃഷിയിലും സജീവമായിരുന്നു. പ്രവർത്തനമേഖലകളിലെല്ലാം കൈയൊപ്പുചാർത്താൻ ഈ കലാകാരനു സാധിച്ചു. പരിചയപ്പെട്ടവർക്ക് മറക്കാനാവാത്ത സൗഹൃദതലവും അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായിരുന്നു.

രാജേന്ദ്രൻ ഇനി ഓർമ്മകളുടെ അരങ്ങിലേക്ക്...
M
MathrubhumiSource Link
about 1 month ago