തൃശ്ശൂർ : തൃശ്ശൂർ യു.ഡി.എഫ്. തരംഗത്തിലും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രാമചന്ദ്രനെ വിടാതെ പുതുക്കാട്. മണ്ഡലരൂപവത്കരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ്. പക്ഷത്തുനിന്ന മണ്ഡലമെന്ന പേര് പുതുക്കാട് ഇത്തവണയും നിലനിർത്തി. പക്ഷേ, ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. To advertise here, 2021-ൽ 27,353 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 2853 ആയിമാറി. ലഭിച്ച വോട്ടിൽ എണ്ണത്തിൽ പതിനായിരത്തിലേറെ കുറവുമുണ്ടായി. 2021-ൽ രാമചന്ദ്രൻ 73,365 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ 63,136 വോട്ടുകളാണ് നേടാനായത്. കോൺഗ്രസിന്റെ കെ.എം. ബാബുരാജ് പരാജയപ്പെട്ടെങ്കിലും വൻതോതിൽ വോട്ട് വർധിപ്പിച്ചു. കഴിഞ്ഞതവണ സുനിൽ അന്തിക്കാട് നേടിയ 46,012 വോട്ടുകൾക്ക് പകരം ഇത്തവണ ബാബുരാജ് 60,283 വോട്ടാണ് നേടിയത്. അതേസമയം എൻ.ഡി.എ.ക്ക് വോട്ട് കുറഞ്ഞു. ഇത്തവണ ബി.ജെ.പി.യിലെ എ. നാഗേഷ് 28,018 വോട്ടാണ് നേടിയത്. 2021-ൽ നാഗേഷ് 34893 വോട്ടാണ് നേടിയിരുന്നത്. ഒരേ ആൾത്തന്നെ മത്സരിച്ചിട്ടും വോട്ട് കുറഞ്ഞുവെന്നത് എൻ.ഡി.എ.ക്ക് തിരിച്ചടിയാണ്. എൽ.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലമായ പുതുക്കാട് തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. നാട്ടുകാരനായ ബാബുരാജിനെ സ്ഥാനാർഥിയാക്കിയും സാമുദായികപിന്തുണ ഉറപ്പാക്കിയുമാണ് കോൺഗ്രസ് ഇതിനായി ശ്രമം നടത്തിയത്. മാത്രമല്ല, മണ്ഡലത്തിൽപ്പെടുന്ന എട്ട് പഞ്ചായത്തുകളിൽ നാലും കോൺഗ്രസാണ് ഭരിക്കുന്നത് എന്നതും ഇവർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ ഇത് വിജയത്തിലേക്ക് എത്തിക്കാൻ ഇവർക്കായില്ല. മണ്ഡലരൂപവത്കരണത്തിനുശേഷം നടന്ന 2011-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി. രവീന്ദ്രനാഥാണ് ഇവിടെനിന്ന് വിജയിച്ചത്. 2016-ൽക്കൂടി വിജയം ആവർത്തിച്ചശേഷമാണ് രവീന്ദ്രനാഥ് സീറ്റ് 2021-ൽ കെ.കെ. രാമചന്ദ്രന് കൈമാറുന്നത്. Published: 05 May 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
