News Desk Last Updated: 15 March 2026, 04:08 AM IST രാഹുല്‍ഗാന്ധിയെ കണ്ടാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നതാണ് ക്ഷണം നിരസിച്ച് സമ്മര്‍ദം തുടരാന്‍ സുധാകരനെ പ്രേരിപ്പിക്കുന്നത്. കെ.സുധാകരന്‍ | ഫോട്ടോ: മാതൃഭൂമി കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. നേതൃത്വത്തിന്റെ അനുനയശ്രമങ്ങൾക്ക് വഴങ്ങാൻ തയ്യാറാകാത്ത അദ്ദേഹം തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താനുള്ള ക്ഷണവും നിരസിച്ചു. To advertise here, ചർച്ചകൾ പൂർത്തീകരിക്കാതെ നാട്ടിലേക്ക് മടങ്ങിയ സുധാകരന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഡൽഹിയിലെത്തി രാഹുൽഗാന്ധിയെ കാണാനുള്ള സന്ദേശമെത്തിയത്. രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ അനുനയിപ്പിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. സുധാകരൻ നിർദേശിക്കുന്ന ആളെ കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാമെന്ന ഫോർമുലയാണ് നേതൃത്വത്തിന്റെ കൈയിലുള്ളത്. ഡൽഹിയിലേക്ക് പോകാനിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെയോടെയാണ് തീരുമാനം മാറ്റിയത്. രാഹുൽഗാന്ധിയെ കണ്ടാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നതാണ് ക്ഷണം നിരസിച്ച് സമ്മർദം തുടരാൻ സുധാകരനെ പ്രേരിപ്പിക്കുന്നത്. സുധാകരൻ പ്രധാന നേതാവാണെന്നും, എം.പി.മാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ദേശീയനേതൃത്വം ആവർത്തിക്കുകയും ചെയ്തു. സുധാകരന്റെ പ്രതിഷേധം ഹൈക്കമാൻഡ് കാര്യമായെടുത്തിട്ടില്ലെന്നതിന്റെ സൂചനയാണിത്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ സുധാകരനെ ബന്ധപ്പെട്ട് അനുനയശ്രമങ്ങൾ തുടരുന്നുണ്ട്. മാധ്യമങ്ങളെ കാണരുതെന്നും നേതാക്കൾ നിർദേശിച്ചു. ഡൽഹിയിൽനിന്ന് തിരിച്ചെത്തി രണ്ടാം ദിവസവും വീട്ടിൽ തുടർന്ന അദ്ദേഹത്തെ നേതാക്കളും പ്രവർത്തകരും കാണാനെത്തുന്നുണ്ട്. മത്സരിക്കുന്നതിൽ എതിർപ്പുണ്ടെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് വീട്ടിലെത്തിയ മുസ്ലിം ലീഗ് പ്രാദേശികനേതാക്കൾ സുധാകരനോട് പറഞ്ഞു. സുധാകരൻ മത്സരിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം ഡി.സി.സി. നേതൃത്വവും വ്യക്തമാക്കിയിരുന്നു. സുധാകരൻ ഇടഞ്ഞാൽ കണ്ണൂർ ജില്ലയിലാകെ പ്രതിഫലിക്കുമെന്ന ആശങ്കയുമുണ്ട്. സുധാകരൻ മത്സരിച്ചാൽ ജില്ലയിലാകെ ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും പറയുന്നു. ഈഴവ പ്രാതിനിധ്യമെന്ന ആവശ്യമുയർത്തിയും സമ്മർദം ചെലുത്തുന്നുണ്ട്. എം.പി.മാർ മത്സരിക്കേണ്ടെന്ന നിലപാട് പാർട്ടി കർക്കശമായി സ്വീകരിച്ചാൽ പകരം ആളെ നിർദേശിക്കുകയാണ് സുധാകരന് മുന്നിലുള്ള വഴി. Content Highlights: K. Sudhakaran declines Rahul Gandhi's invitation to Delhi for reconciliation talks., Internal conflict regarding Sudhakaran's demand to contest the Assembly elections., Congress leadership attempting to manage potential fallout in the Kannur district., Pressure mounting on party high command over the candidate selection formula. Published: 15 Mar 2026, 04:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടും ഡൽഹിയിലേക്കില്ല; നേതൃത്വത്തിന്റെ അനുനയത്തിന് വഴങ്ങാതെ കെ.സുധാകരൻ
M
MathrubhumiSource Link
about 2 months ago