മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജിസ ജോസിന്റെ ‘ രൂത്തിന്റെ പുസ്തകം, രക്ഷയുടെയും ’ എന്ന നോവലിനെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം. To advertise here, ' അ നാവശ്യമായ ഓർമകളൊന്നും സേവ് ചെയ്യാത്തതാണ് നല്ലത്' എന്ന ആപ്തവാക്യം അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രക്ഷാത്യാഗി എന്ന പെൺകുട്ടി രൂത്ത് എന്ന് സ്വയം വിളിക്കുന്ന വൃദ്ധയുടെ പരിചരണത്തിനായി എത്തുന്നു. വളരെ സജീവമാണ് രൂത്തിന്റെ മനസ്സ്. യാന്ത്രികമായൊരു പരിചരണ ജോലി മാത്രം പ്രതീക്ഷിച്ചു വന്ന രക്ഷ, കുസൃതിയും രസികത്വവും നർമബോധവും ഒക്കെയുള്ള രൂത്തിനെയാണ് കാണുന്നത്. അടുക്കും ചിട്ടയുമില്ലാതെ ഓർമയിൽ നിന്ന് വരുന്ന തന്റെ ജീവിതത്തെ എഴുതുവാനായി രൂത്ത് രക്ഷയെ നിയോഗിക്കുന്നു. പലപ്പോഴും തന്റെ തന്നെ അനുഭവങ്ങളാണ് രൂത്ത് പറയുന്നതെന്ന് രക്ഷ വിചാരിച്ചുപോകുന്നു. രൂത്തിന്റെ ജീവിതം തൊട്ടുപോകുന്ന സ്ത്രീകൾ പല ശരീരങ്ങളിലൂടെ ഒരൊറ്റ ജീവിതം തന്നെ ജീവിച്ചു തീർക്കുന്നവരാണ്. 'കെട്ടിയോന്മാരായാൽ തല്ലുകേം ചവിട്ടുകേം ചെയ്യും. പിന്നെ അവർക്ക് തോന്നിതൊക്കെ ചെയ്യും. അതിനല്ലേ കെട്ടിക്കൊണ്ടു പോകുന്നത്?' കെട്ടിച്ചെന്ന വീട്ടില് പല കുറവും കുറ്റോം കാണും, അതൊന്നും സൊന്തം വീട്ടിവന്നു വിളമ്പരുത്. സൊന്തം വീടുതന്നെ നമ്മക്കില്ല.' ഈ നോവൽ സ്വന്തം വീടില്ലാത്ത, സ്വാഭിപ്രായങ്ങളില്ലാത്ത ഒരു പിടി പെണ്ണുങ്ങളുടെ കഥയാണ്. ആണുങ്ങളും പെണ്ണുങ്ങളും ചേർത്ത് കശക്കിയെറിഞ്ഞ സ്വന്തമായി അഭിപ്രായമുള്ള, സ്വപ്നങ്ങളുള്ള കുറച്ചു പെണ്ണുങ്ങളുടെ ജീവിതമാണ്. ദീനാമ്മ എന്ന രൂത്തിന്റെ കുഞ്ഞമ്മ, രൂത്തിനോട് പറഞ്ഞു. 'എല്ലാർക്കും ജീവിതം ഇങ്ങനാവില്ല, പക്ഷേ, ഒരേ ദുരന്തത്തിന്റെ വകഭേദങ്ങൾ തന്നെ എല്ലാരേയും തേടി വരും. ഏതോ വീട്ടിൽച്ചെന്ന് ആട്ടും തുപ്പും കേട്ട്, അടീം ചവിട്ടും കൊണ്ട്, എല്ലുനുറുങ്ങ പണിയെടുത്ത് അഞ്ചെട്ടു പെറ്റ്... അതാ പെണ്ണുങ്ങളെ കാത്തിരിക്കുന്ന ജീവിതം!' പഠിക്കണമെന്നും, ടീച്ചേഴ്‌സ് ട്രെയിനിങ്ങിന് തന്നെ വിടണമെന്നും കരഞ്ഞു പറഞ്ഞ ആ കുഞ്ഞമ്മയെ അഞ്ചെട്ട് മക്കളുള്ള ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യയായി കെട്ടിച്ചു വിട്ടു വല്യപ്പൻ! ദീനാമ്മയുടെ ജീവിതം വകഭേദങ്ങളോടെ പിതൃവ്യവസ്ഥയിൽ കുടുംബമെന്ന സ്ഥാപനം ഇന്നും നടത്തിപ്പോരുന്നവരാണ്, അവിടെ സ്ഥാപിതമാക്കുന്ന നിയമങ്ങളാണ്, അടിമ സ്ത്രീ സങ്കല്പങ്ങളാണ്, കർശനമായി തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്നതും, 'സദ്' എന്ന ലേബലോടെ നല്ല കുടുംബം എന്ന അവ്യവസ്ഥയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നതും. രൂത്തിന് ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ അനുഭവങ്ങളെ കേരളത്തിന്റേയും ഇന്ത്യയുടേയും സൂക്ഷ്മ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെടുത്തി മാത്രമേ വായിക്കാൻ കഴിയൂ. അതേ സമയം രക്ഷയുടെ ജീവിതം സമകാലീന ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ പരിച്ഛേദമാണ്. കേരളത്തിൽ ജീവിതമുറപ്പിച്ച അന്യ സംസ്ഥാനത്തൊഴിലാളികളും, സ്വദേശികളും ചേർന്ന് ഇടപഴകുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളും, അതിഥിത്തൊഴിലാളികളുടെ മേൽ ആതിഥേയ ദേശം അടിച്ചേൽപിക്കുന്ന 'അപൗരത്വ'വും, അടിമ ബോധവും കൃത്യമായി നോവലിൽ അനാവരണം ചെയ്യുന്നു. രൂത്ത് ഒരേ സമയം ഒരു സാധാരണ ജീവിതവും, (പിതൃമേധാവിത്വം ഉൾക്കൊണ്ടുകൊണ്ട് അടിമ മനോഭാവം സ്വീകരിച്ചതോ, സ്വസ്ഥമായൊരു കുടുംബക്രമത്തെ ഭംഗപ്പെടുത്താതിരിക്കാനുള്ള ബോധപൂർവമായ 'ബലി'യായി മാറൽ ഒതുങ്ങിക്കൂടൽ എന്ന മെറ്റമോർഫോസിസിന് തയ്യാറായതോ ആവാം) ആന്തരികമായി ഒരു കുതിക്കലിന് സദാ ഉന്മുഖമായ ഒരു വിപ്ലവജീവിതവും നയിക്കുന്നു. അതുകൊണ്ട് തന്നെ ഏറെ സ്വാധീനിച്ച വിപ്ലവകാരികൾക്ക്, പ്രത്യേകിച്ച് നിൽകാന്തയുടെ ജീവിതത്തിൽ നിർണായമാം വണ്ണം ഇടപെടുവാൻ രൂത്തിന് കഴിയുന്നു. രൂത്തിന്റെ ജീവിതത്തിലെ ഗതിവിഗതികൾക്ക് പരോക്ഷമായി അവരുടെ വിപ്ലവാഭിമുഖ്യം കാരണമായിത്തീരുന്നു. പക്ഷേ ഹൃദയത്തിൽ രഹസ്യമായി സൂക്ഷിക്കുന്ന വിപ്ലവങ്ങൾക്ക് വിപ്ലവമെന്ന് പേരു വിളിക്കുന്നതെങ്ങനെ? സ്വന്തം ജീവിതത്തിലുടനീളം രൂത്തിന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായി തുടരുന്നത് കാണാം. ആർക്കുമാർക്കും പ്രയോജനപ്പെടാത്ത പകൽക്കിനാവുകൾ. ആ നിലക്ക് നോക്കുമ്പോൾ യഥാർത്ഥ പോരാളിയും വിപ്ലവകാരിയും രക്ഷയാണ്. രക്ഷയുടെ ആന്തരിക ലോകം നിരന്തരം പോരാട്ടത്തിലായിരുന്നു. രക്ഷയുടെ അമ്മ അമോദിനി ബോധ്ഗയയിലാണ് ജനിച്ചു വളർന്നത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എങ്ങനെയെന്ന്, ഒരുവൻ തന്റെ സ്വന്തം മാർഗം കണ്ടെത്തേണ്ട ആവശ്യമെന്തെന്ന്, അമോദിനിയുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തെ മുൻനിർത്തി വിചാരണക്ക് വിധേയമാക്കുന്നുണ്ട് ആത്മീയമായ പരിവർത്തനങ്ങൾ നോവലിസ്റ്റ്. അമോദിനിയിൽ ഉണ്ടായ രക്ഷയിൽ ഉണ്ടാവുന്നില്ല. മറ്റൊരു നാട്ടിലേക്ക് പറിച്ചു നടുമ്പോൾ ആവശ്യമായി വരുന്ന അതിജീവനത്തിനായുള്ള പോരാട്ടമാണ് രക്ഷയിൽ നമ്മൾ കാണുന്നത്. അന്യസംസ്ഥാനത്തൊഴിലാളികൾ അതിജീവനത്തിനായി നിരന്തരം കേരളത്തിൽ പൊരുതുകയാണെന്ന യാഥാർത്ഥ്യം, കേരളം അവർക്ക് ഒരു പോരാട്ട ഭൂമിയാണെന്നത് വലിയൊരു തിരിച്ചറിവാണ്. ഭാഷയും, ജാതിയും, സമൂഹപദവിയുമെല്ലാം രക്ഷക്ക് ഉയരാനുള്ള അഭിവാഞ്ഛയ്ക്ക് തടസമാകുന്നു. ഒരു ദളിത് ജീവിതവും, അന്യദേശപദവിയും ഇന്ത്യയിൽ, ഇന്ത്യൻ ജാതിവ്യവസ്ഥയിൽ നിരന്തരം അവഹേളിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നു. 'ഈ നാട് ഒരിക്കലും നിന്നെ സ്വന്തമായി സ്വീകരിക്കില്ല', അമോദിനി രക്ഷയോട് പറയുന്നു. കേരളം, അത്ഭുതപ്പെടുത്തുന്ന, അമ്പരപ്പിക്കുന്ന പീഡക സമൂഹമാണ് എന്ന് വ്യസനപൂർവ്വം ഈ നോവലിൽ നമ്മൾ തിരിച്ചറിയുന്നു. ഒരു ട്രാൻസ്ജന്ററിന്, ഒരു ദളിതിന്, ഒരു അന്യദേശത്തൊഴിലാളിക്ക് വ്യക്തിത്വം, വ്യക്തിത്വവികാസത്തിനുള്ള സാഹചര്യം, അംഗീകാരം എന്നിവ നൽകാത്ത ഒരു സമൂഹം അപരിഷ്‌കൃതമാണെന്നു മാത്രമല്ല, വികസിതമെന്നവകാശപ്പെടാനും അർഹതയില്ലാത്തതാണ്. അമോദിനിയും, രക്ഷയും, നിൽകാന്തയും മാത്രമല്ല രൂത്തും ലൈംഗിക പീഡനത്തെ, ബാല്യകാലത്തിൽ തന്നെ അഭിമുഖീകരിക്കുന്നുണ്ട്. ഇത് സ്ത്രീകളുടെ അവസാനിക്കാത്ത ഗാഥയാണ്. ഒരുപാട് ജീവിതം, കഥകളും ഉപകഥകളുമായി നമുക്കു മുന്നിൽ ചുരുളഴിയുന്നു. ബൃഹത്തായ ഈ നോവലിന് വളരെ ചെറിയ ഒരു വായന മാത്രമാണിത്. വായനയുടെ അനന്തസാധ്യതകളാണ് ഈ പുസ്തകം ആവശ്യപ്പെടുന്നത്.

രൂത്തിന്റെ പുസ്തകം, രക്ഷയുടെയും; സ്വന്തം വീടില്ലാത്ത, സ്വാഭിപ്രായങ്ങളില്ലാത്ത പെണ്ണുങ്ങളുടെ കഥ
M
MathrubhumiSource Link
about 2 months ago