മുംബൈ: രൂപയുടെ മൂല്യശോഷണം നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ സ്വപ്നത്തെയും ബാധിക്കുന്നു. ഐ.എം.എഫിന്റെ പുതിയ ജി.ഡി.പി. റാങ്കിങ് പ്രകാരം ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ആറാം സ്ഥാനത്തായി. 2025-26 സാമ്പത്തിക വർഷത്തെ റാങ്കിങ്ങിലാണ് ഇന്ത്യ വീണ്ടും യു.കെ.യ്ക്കു പിന്നിലായത്. അതേസമയം, ആഗോളതലത്തിൽ ഏറ്റവുംവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്. സാമ്പത്തിക കാരണങ്ങളാലല്ല, കണക്കുകൂട്ടലുകളുടെ കാര്യത്തിലാണ് ഈ മാറ്റമെന്നും ഐ.എം.എഫ്. വ്യക്തമാക്കുന്നു. To advertise here, 2026-ലെ ഐ.എം.എഫിന്റെ ലോക സാമ്പത്തിക കാഴ്ചപ്പാടു സംബന്ധിച്ച പുതിയ റിപ്പോർട്ടിലാണ് കണക്കുകളിലെ ഈ മാറ്റം. ഇതനുസരിച്ച് ഇന്ത്യയുടെ മൊത്തം ജി.ഡി.പി. മൂല്യം (മൊത്തം ആഭ്യന്തര ഉത്പാദനം) 3.92 ലക്ഷം കോടി ഡോളറാണ്. യു.കെ.യ്ക്കിത് നാലുലക്ഷം കോടിവരും. 2024-ൽ ഇന്ത്യയുടെ ജി.ഡി.പി. 3.5 ലക്ഷം കോടി രൂപയായിരുന്നു. ബ്രിട്ടന്റെ 3.4 ലക്ഷം കോടിയെ അന്നു മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 2024-ൽ ചെറിയൊരു കാലയളവിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. റാങ്കിങ് താഴെയാകാൻ കാരണം ഇന്ത്യയുടെ നോമിനൽ ജി.ഡി.പി. വളർച്ച ഒൻപതു ശതമാനത്തിനു മുകളിലാണ് ഇപ്പോഴും. രൂപയിലാണ് ഇതു കണക്കാക്കുന്നത്. എന്നാൽ, ആഗോളതലത്തിലെ കണക്ക് ഡോളറിലാണ്. ആഭ്യന്തര കറൻസിയിലെ കണക്കുകൾ ഡോളറിലേക്കു മാറ്റുകയാണ് ഇതിനായി ചെയ്യുക. 2024-നുശേഷം രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടായി. ഡോളറൊന്നിന് 84.6 രൂപയെന്ന നിലയിൽനിന്ന് 2025-ൽ 88.5 രൂപയിലേക്കിടിഞ്ഞു. ഇപ്പോഴിത് 93.3 രൂപയോളമാണ്. ഈ വ്യത്യാസം ഡോളറിലേക്കു മാറ്റുമ്പോഴും പ്രതിഫലിക്കും. ഇക്കാലത്ത് ഡോളറിനെതിരേ ബ്രിട്ടന്റെ സ്റ്റെർലിങ് പൗണ്ടിന് കാര്യമായ ഇടിവുണ്ടായിട്ടുമില്ല. ഇതാണ് ഇന്ത്യ ആറാം സ്ഥാനത്തേക്കു വീഴാൻ പ്രധാന കാരണം. ഇന്ത്യയിലെ ജി.ഡി.പി. കണക്കാക്കുന്നതിലെ അടിസ്ഥാനവർഷം മാറ്റിയതും റാങ്കിങ് താഴേക്കു പോകാൻ കാരണമായിട്ടുണ്ട്. ഫെബ്രുവരിയിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അടിസ്ഥാന വർഷം 2011-12 സാമ്പത്തിക വർഷത്തിൽനിന്ന് 2022-23 ആയി മാറ്റി. ജി.ഡി.പി. കണക്കുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇത് ജി.ഡി.പി. മൂല്യം കുറയാൻ കാരണമായി. 2025-26 സാമ്പത്തികവർഷത്തെ നോമിനൽ ജി.ഡി.പി.മൂല്യം 357 ലക്ഷം കോടി രൂപയിൽനിന്ന് 345.5 ലക്ഷം കോടി രൂപയായാണ് താഴ്ന്നത്. ഇതനുസരിച്ച് ഐ.എം.എഫും കണക്കുകൾ പരിഷ്കരിച്ചു. മൂന്നാംസ്ഥാനത്തിനായി കാത്തിരിക്കണം പുതിയ അനുമാനപ്രകാരം ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കെത്തുന്നതിന് ഇന്ത്യ 2031 വരെ കാത്തിരിക്കണമെന്നാണ് ഐ.എം.എഫ്. കണക്കാക്കുന്നത്. 2027-ൽ ഇന്ത്യൻ ജി.ഡി.പി. 4.58 ലക്ഷം കോടി ഡോളറിലെത്തും. നേരത്തേ 4.96 ലക്ഷം കോടി കണക്കാക്കിയ സ്ഥാനത്താണിത്. അതുകൊണ്ടുതന്നെ 2026-ൽ 4.15 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി ഇന്ത്യ ആറാംസ്ഥാനത്തു തുടർന്നേക്കും. ഇക്കാലത്ത് ബ്രിട്ടനിത് 4.26 ലക്ഷം കോടി ഡോളറാകും. 2027-ൽ 4.58 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി അഞ്ചാം സ്ഥാനത്തേക്കു കയറാം. അപ്പോൾ ബ്രിട്ടനിത് 4.47 ലക്ഷം കോടി ഡോളറായിരിക്കും. 2028-ൽ ജപ്പാന്റെ 4.74 ലക്ഷം കോടി ഡോളറിനെ മറികടന്ന് 5.06 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നാലാമതാകുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാൽ, പുതിയ കണക്കനുസരിച്ച് ഇതിനായി 2029 അല്ലെങ്കിൽ 2030 വരെ സമയമെടുത്തേക്കാം. 2031-ൽ ജപ്പാന്റെ ജി.ഡി.പി. 5.13 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 6.79 ലക്ഷം കോടി ഡോളറുമാകുമെന്നാണ് വിലയിരുത്തൽ. 2030-ൽ 39 ലക്ഷം കോടി ഡോളറുമായി അമേരിക്കതന്നെയാകും ഒന്നാമതുണ്ടാവുക. രണ്ടാമതുവരുന്ന ചൈനയുടെ ജി.ഡി.പി. മൂല്യം 27.5 ലക്ഷം കോടി ഡോളർ കണക്കാക്കുന്നു. മൂന്നാമതുവരുന്ന ജർമനിക്കിത് 6.17 ലക്ഷം കോടി ഡോളറാണ്. 2031-ൽ ജർമനിയുടെ ജി.ഡി.പി.ക്കടുത്തേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ എത്തുമെന്നാണ് കണക്കാക്കുന്നത്. Content Highlights: India currently ranks 6th in global GDP for the 2026 fiscal year., Currency depreciation of the Rupee against the Dollar is a primary factor for the ranking shift., Revision of the GDP base year from 2011-12 to 2022-23 contributed to the adjusted figures., Despite the ranking dip, India remains one of the fastest-growing major economies., Projections suggest India may reach 3rd place in global GDP by 2031. Published: 17 Apr 2026, 07:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രൂപയുടെ വിലയിടിവ്: നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകും
M
MathrubhumiSource Link
23 days ago