Movies Desk Last Updated: 22 March 2026, 02:29 PM IST ബാത്‌റൂമിൽവെച്ചുള്ള ഫൈറ്റിൽ, കണ്ണാടിയിൽ ഛായാഗ്രാഹകനേയും ക്യാമറയും കാണാം. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സാമൂഹികമാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്. 'ധുരന്ധർ 2'-ൽ പിഴവുണ്ടെന്ന് ആരോപിക്കപ്പെടുന്ന രംഗം | Photo: X/ B.H.Harsh രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' ബോക്‌സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തുകയാണ്. ഭാഷയുടെ അതിർത്തികൾ ഭേദിച്ച് സഞ്ചരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനപ്പെട്ട താരങ്ങളുമെത്തി. ഇന്ത്യൻ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ധുരന്ധറി'ന്റെ രണ്ടാംഭാഗം പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഓരോ ബ്രില്യൻസും കണ്ടെത്തി പ്രശംസയുമായി സിനിമാപ്രേമികൾ എത്തിയതോടെ, എക്സ് (ട്വിറ്റർ) 'പീക് ഡീറ്റൈലിങ്' എന്ന വാക്കുകൊണ്ട് നിറയുകയാണ്. സംവിധായകന്റെ ബ്രില്യൻസിനെ വിശേഷിപ്പിക്കാനാണ് ആരാധകർ ഈ വാക്ക് ഉപയോഗിക്കുന്നത്. To advertise here, ഇതിനിടെ 'ധുരന്ധർ' രണ്ടിൽ സംവിധായകന് സംഭവിച്ച വൻ അബദ്ധം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഫൈറ്റ് സീനിൽ ഛായാഗ്രാഹകനും ഉൾപ്പെട്ടതാണ് സിനിമാ പ്രേമികളുടെ കണ്ണിലുടക്കിയത്. കഥയിലും തിരക്കഥയിലും നിർമാണത്തിലും അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയ സംവിധായകന് സംഭവിച്ച അബദ്ധത്തിൽ ആരാധകർ ഞെട്ടലും പ്രകടിപ്പിക്കുന്നുണ്ട്. ഉദയ്ബിർ സന്ധു അവതരിപ്പിക്കുന്ന പിന്ദ എന്ന കഥാപാത്രവുമായുള്ള രൺവീറിന്റെ ഹംസയുടെ ഫൈറ്റിലാണ് സംഭവം. ബാത്‌റൂമിൽവെച്ചുള്ള ഫൈറ്റിൽ, കണ്ണാടിയിൽ ഛായാഗ്രാഹകനേയും ക്യാമറയും കാണാം. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സാമൂഹികമാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്. സംവിധായകനെ പ്രശംസിക്കാൻ ഉപയോഗിക്കുന്ന 'പീക് ഡീറ്റൈലിങ്' എന്ന വാക്കുതന്നെ പരിഹാസരൂപേണ ഉപയോഗിച്ചാണ് ട്രോളുകൾ. അതേസമയം, സംവിധായകനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തി. രംഗത്തിൽ സംഭവിച്ച ചെറിയ ശ്രദ്ധക്കുറവ് ചിത്രത്തിന്റെ മൊത്തം അനുഭവത്തെ ബാധിക്കുന്നില്ലെന്ന് ചിലർ അവകാശപ്പെടുന്നു. വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനുപോലും തെറ്റുപറ്റുന്നുണ്ടെന്നും, 'ധുരന്ധർ 2'-ലെ അബദ്ധം ക്ഷമിക്കാവുന്നതുമാണെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഇതിനിടെ, പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുകളിൽ തന്നെ സംശയം പ്രകടിപ്പിക്കുന്നവരും അനവധിയാണ്. എഐ നിർമിതമാണോ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടും ചെറുവീഡിയോയും എന്നാണ് ഇത്തരക്കാരുടെ ചോദ്യം. ചിത്രത്തിന്റെ സാങ്കേതികമേഖലയെ വിമർശിച്ച് നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യ (ദിവ്യ സ്പന്ദന) കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സമസ്തമേഖലയിലും ചിത്രമൊരു പരാജയമാണെന്നായിരുന്നു അവരുടെ വിമർശനം. സംവിധാനവും സംഭാഷണവും ചിത്രസംയോജനവും പശ്ചാത്തലസംഗീതവും അഭിനയവും എല്ലാം ദയനീയമെന്നായിരുന്നു രമ്യ എക്‌സിൽ കുറിച്ചത്. അതേസമയം, റിലീസ് ചെയ്ത് കേവലം മൂന്നു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിൽ ശനിയാഴ്ച മാത്രം ചിത്രം 113 കോടി രൂപയാണ് നേടിയത്. ഇതോടെ മൂന്നു ദിവസത്തെ ഇന്ത്യയിലെ ആകെ കളക്ഷൻ 339.37 കോടി രൂപയായി (നെറ്റ്) ഉയർന്നു. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യദിനം 102.55 കോടി രൂപ നേടിയിരുന്നു. വിദേശ രാജ്യങ്ങളിൽനിന്നുള്ള കളക്ഷൻ കൂടി ചേർത്താൽ ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 501.04 കോടി രൂപ കടന്നു. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് 545 കോടി രൂപ വരെ എത്തിയിട്ടുണ്ട്. Content Highlights: Fans identified a cameraman visible in a mirror during a fight scene in Dhurandhar 2. The film is facing mixed reactions regarding its technical precision despite high praise. Dhurandhar 2 crossed 500 crores globally within three days of release. Debate exists on whether the viral screenshots are authentic or AI-generated. Actress Ramya (Divya Spandana) criticized the film's technical aspects Published: 22 Mar 2026, 02:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രൺവീറിന്റെ വമ്പൻ ഫൈറ്റ്, പക്ഷേ സ്ക്രീനിൽ ക്യാമറാമാനും; ‘ധുരന്ധർ 2’-ലെ അബദ്ധം കണ്ടുപിടിച്ച് ആരാധകർ
M
MathrubhumiSource Link
about 2 months ago