റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിലെത്താൻ അനുവദിക്കും; സൂചന നൽകി ട്രംപ്

റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിലെത്താൻ അനുവദിക്കും; സൂചന നൽകി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തിയ ശക്തമായ എണ്ണ ഉപരോധം നിലനിൽക്കെ, റഷ്യയിൽനിന്നുള്ള ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. ക്യൂബ നേരിടുന്ന രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്കിടയിൽ, റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ അവിടെ എത്തുന്നതിന് അമേരിക്ക തടസ്സം നിൽക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. To advertise here, ക്യൂബൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഭരണകൂടം സ്വീകരിച്ചുവന്ന കർശനമായ നിലപാടുകളിൽനിന്നുള്ള അപ്രതീക്ഷിത മാറ്റമാണിത്. യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ ഇന്ധന ഉപരോധം തൽക്കാലം മാറ്റിവെക്കുന്ന ഈ നടപടി ആഭ്യന്തരമായി കടുത്ത ഊർജ്ജ പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാണ്. റഷ്യയുമായി കടൽമാർഗ്ഗമുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനോ അല്ലെങ്കിൽ റഷ്യൻ എണ്ണയുടെ ആഗോളനീക്കം സുഗമമാക്കാനോ വേണ്ടിയാകാം ഈ ഇളവ് എന്നാണ് വിലയിരുത്തൽ. ക്യൂബയിലെ മാസങ്ങളായുള്ള ഇന്ധനക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും. വരുംദിവസങ്ങളിൽ ഈ നീക്കം അന്താരാഷ്ട്ര രാഷ്ട്രീയ ബന്ധങ്ങളിൽ എന്ത് മാറ്റമാണുണ്ടാക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള ഈ ദ്വീപ് രാഷ്ട്രത്തിനുമേൽ യുഎസ് കഴിഞ്ഞ മാസങ്ങളിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ക്യൂബയുടെ പ്രധാന എണ്ണവിതരണക്കാരായ വെനസ്വേലയിൽനിന്നുള്ള വിതരണം തടയുകയും മറ്റ് വിതരണക്കാർക്ക് അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ക്യൂബയെ 'അസാധാരണ ഭീഷണി' മുഴക്കുന്ന ഇടമായി ചിത്രീകരിക്കുവരെ ചെയ്തിരുന്നു യുഎസ് സർക്കാർ. ഈ ഉപരോധം കാരണം നഗരങ്ങളിൽ വൈദ്യുതി നിലയ്ക്കുകയും മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, ഊർജ്ജക്ഷാമം മൂലം ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാനും ശസ്ത്രക്രിയകൾ നടത്താനും പ്രയാസം നേരിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഏകദേശം 7,30,000 ബാരൽ എണ്ണയുമായി റഷ്യൻ ടാങ്കറായ 'അനാറ്റോലി കൊളോഡ്കിൻ' (Anatoly Kolodkin) ക്യൂബൻ തീരത്ത് സാന്നിധ്യം അറിയിച്ചതായും ഏറ്റവും അടുത്ത ദിവസംതന്നെ അത് തീരത്ത് നങ്കൂരമിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന സൈറ്റുകൾ നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരത്തോടെ ടാങ്കർ ക്യൂബയിലെ ഹോൾഗിൻ (Holguín) പ്രവിശ്യയ്ക്ക് സമീപമെത്തിയിരുന്നു. ചൊവ്വാഴ്ചയോടെ കപ്പൽ മാറ്റാൻസാസ് (Matanzas) തുറമുഖത്ത് എത്തിയേക്കും എന്നാണ് വിവരം. ഞായറാഴ്ച എയർഫോഴ്‌സ് വണ്ണിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, ഒരു ടാങ്കർ ക്യൂബയിലേക്ക് പോകുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചിരുന്നു. 'അവിടെ ഒരു ടാങ്കറുണ്ട്. അവർക്ക് അതിജീവിക്കേണ്ടതുണ്ട്, അതിനാൽ ഒരു ബോട്ട് നിറയെ സാധനങ്ങൾ ആരെങ്കിലും എത്തിക്കുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല.' കപ്പലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ഏതെങ്കിലും രാജ്യം ക്യൂബയിലേക്ക് എണ്ണ അയയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് പ്രശ്‌നമില്ല. അത് റഷ്യയായാലും മറ്റാരായാലും അവരെ അനുവദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അവിടുത്തെ ജനങ്ങൾക്ക് താപനില നിയന്ത്രിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഊർജ്ജം ആവശ്യമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതോടെയാണ് ക്യൂബയിലേക്കുള്ള എണ്ണവിതരണം നിലച്ചത്. തുടർന്ന് ആ രാജ്യത്തിന് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം ഭീഷണി ഉയർത്തിയതോടെ മെക്‌സിക്കോയും കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ധനക്ഷാമം കാരണം പവർ ഗ്രിഡുകൾ പലതവണ തകരാറിലാവുകയും രാജ്യത്തെ നഗരങ്ങൾ ഇരുട്ടിലാകുകയും ചെയ്തു. ഇത് പൊതുസേവനങ്ങളെയും ഭക്ഷ്യഗതാഗതത്തെയും ബാധിച്ചതോടെ ജനങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദ്വീപിന് നൽകാവുന്ന സഹായങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ക്യൂബൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച റഷ്യ അറിയിച്ചിരുന്നു. എന്നാൽ, ടാങ്കർ കടന്നുപോകാൻ അനുവദിക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ സഹായിക്കുന്നതാണെന്ന തരത്തിലുള്ള വാദങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു. 'അദ്ദേഹത്തിന് ഒരു ബോട്ട് എണ്ണ നഷ്ടപ്പെടും, അത്രമാത്രം. അദ്ദേഹം അത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് വലിയ കുഴപ്പമില്ല.' ട്രംപ് പറഞ്ഞു. Content Highlights: Trump administration signals leniency on fuel blockade for humanitarian reasons. The Anatoly Kolodkin tanker carries 730,000 barrels of oil for Cuba. Cuba faces severe blackouts and infrastructure strain due to oil shortages. Policy shift follows pressure from US sanctions on Venezuela and other suppliers. Published: 30 Mar 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിലെത്താൻ അനുവദിക്കും; സൂചന നൽകി ട്ര… | Boolokam