കല്പറ്റ : സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച യു.ഡി.എഫ്. തേരോട്ടത്തിനൊപ്പം കല്പറ്റയും കൈകോർത്തു. 45,031 വോട്ടുകളുടെ മൃഗീയഭൂരിപക്ഷത്തിലാണ് കല്പറ്റ മണ്ഡലം സ്ഥാനാർഥി ടി. സിദ്ദിഖ് ജയിച്ചത്. 97,379 വോട്ടുകൾ സിദ്ദിഖിന് ലഭിച്ചപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥി പി.കെ. അനിൽകുമാർ 52,348 വോട്ടുകളും ബി.ജെ.പി.യുടെ പ്രശാന്ത് മലവയൽ 19,175 വോട്ടുകളുമാണ് നേടിയത്. ജില്ലയിൽനിന്ന് ഇതാദ്യമായാണ് ഇത്രയധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഒരാൾ നിയമസഭയിലേക്ക് എത്തുന്നത്. 2006-ൽ സുൽത്താൻബത്തേരിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പി. കൃഷ്ണപ്രസാദ് നേടിയ 25,540 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതിനുമുൻപുള്ള ഉയർന്ന ഭൂരിപക്ഷം. To advertise here, കല്പറ്റ മണ്ഡലത്തിൽ 2011-ൽ എം.വി. ശ്രേയാംസ്‌കുമാർ നേടിയ 18,169 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇതിന് മുൻപത്തെ കല്പറ്റയിലെ ഏറ്റവും ഉയർന്നകണക്ക്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒപ്പംനിന്ന പാരമ്പര്യമാണ് കല്പറ്റയ്ക്കുള്ളത്. പക്ഷേ, രാഷ്ട്രീയവോട്ടിലെ മുൻതൂക്കം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽത്തന്നെ വ്യക്തമായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ 17,669 വോട്ടായിരുന്നു കല്പറ്റയിൽ യു.ഡി.എഫിന് അധികമായി ലഭിച്ചത്. 17-ൽ 15 റൗണ്ടുകളിലും 5000-ത്തിന് മുകളിൽ വോട്ടുകൾ 1,03,784 പുരുഷവോട്ടർമാരും 1,09,095 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്ജെൻഡർ വോട്ടുകളുമുൾപ്പെടെ 2,12,881 വോട്ടർമാരാണ് കല്പറ്റ മണ്ഡലത്തിലുണ്ടായിരുന്നത്. 1,73,441 വോട്ടുകളാണ് പോൾചെയ്തത്. നിയോജകമണ്ഡലത്തിന്റെ ഭാഗമായുള്ള കല്പറ്റ നഗരസഭയൊഴിച്ച് കല്പറ്റ ബ്ലോക്കും മൂപ്പൈനാട്, മേപ്പാടി, കോട്ടത്തറ, തരിയോട്, പടിഞ്ഞാറത്തറ, മുട്ടിൽ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽതന്നെ യു.ഡി.എഫിന്റെ ആധിപത്യം പ്രകടമായിരുന്നു. പടിഞ്ഞാറത്തറയുൾപ്പെടെ ആദ്യറൗണ്ടിൽതന്നെ 2,721 വോട്ടുകളുടെ വ്യത്യാസമാണ് യു.ഡി.എഫും തൊട്ടുപിന്നിലെ എൽ.ഡി.എഫും തമ്മിലുണ്ടായിരുന്നത്. ഈ മുന്നേറ്റം പിന്നീട് എല്ലാ റൗണ്ടുകളിലും തുടർന്നു. കോട്ടത്തറ ഉൾപ്പെടുന്ന രണ്ടാം റൗണ്ടായപ്പോഴേക്കും വോട്ടുനില 12,778 ലേക്കെത്തി. കല്പറ്റ നഗരസഭ ഉൾപ്പെടുന്ന ഒൻപതാം റൗണ്ടും മൂപ്പൈനാട് പഞ്ചായത്ത് ഉൾപ്പെടുന്ന 17-ാം റൗണ്ടും ഒഴികെ 15 റൗണ്ടുകളിലും സിദ്ദിഖ് 5000-ത്തിന് മുകളിൽ വോട്ടുകൾ പിടിച്ചു. എൽ.ഡി.എഫ്. കേന്ദ്രങ്ങളായ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളൊന്നും ഇടതുപക്ഷത്തെ തുണച്ചില്ല. പ്രതീക്ഷിച്ച വോട്ടുകൾ ഈ മേഖലകളിൽനിന്നൊന്നും എൽ.ഡി.എഫിന് ലഭിച്ചില്ല. ബി.ജെ.പി. വോട്ടുവിഹിതം ഉയർത്താൻ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനും സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില 2021 നിയമസഭാ തിരഞ്ഞെടുപ്പുമുതലുള്ള വോട്ടുവിഹിതം പരിശോധിക്കുമ്പോഴും യു.ഡി.എഫിന് തന്നെയാണ് മുൻതൂക്കവും. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 5,470 വോട്ട്, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 49,657, 2024 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 58,090, 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ 17,669 എന്നിങ്ങനെയായിരുന്നു യു.ഡി.എഫിന് കല്പറ്റ മണ്ഡലത്തിൽ ലഭിച്ചിട്ടുള്ള ഭൂരിപക്ഷം. മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ഒത്തുനോക്കുമ്പോൾ യു.ഡി.എഫും ബി.ജെ.പി.യും കല്പറ്റയിൽ വോട്ടുകൾ വർധിപ്പിച്ചതായി മനസ്സിലാകും. എന്നാൽ, എൽ.ഡി.എഫിന്റെ വോട്ടുകൾ കുറയുകയും ചെയ്തു.

റെക്കോഡ് ഭൂരിപക്ഷത്തിൽ കൈപിടിച്ച് കല്പറ്റ
M
MathrubhumiSource Link
about 3 hours ago