റോഡിനുകുറുകേയുള്ള അടയാളബോർഡ് കടപുഴകി; ഡ്രൈവർക്ക് പരിക്ക്

റോഡിനുകുറുകേയുള്ള അടയാളബോർഡ് കടപുഴകി; ഡ്രൈവർക്ക് പരിക്ക്

ബോഡി താഴ്ത്താതെ ലോറി കുതിച്ചെത്തി To advertise here, വടകര : ദേശീയപാതാ നിർമാണത്തിനായി മണ്ണിറക്കിയശേഷം ബോഡി താഴ്ത്താതെ കുതിച്ച ടോറസ് ലോറിയുടെ ബോഡിയിൽക്കുടുങ്ങി ആറുവരിപ്പാതയ്ക്കുകുറുകേയുള്ള അടയാളബോർഡ് (ഓവർഹെഡ് ഗാൻട്രി സൈൻബോർഡ്) നിലംപതിച്ചു. നവീകരണം പൂർത്തിയായ പാലോളിപ്പാലം-മൂരാട് ആറുവരിപ്പാത തുടങ്ങുന്നഭാഗത്താണ് സംഭവം. നാലുടൺ ഭാരവും 30 മീറ്റർ നീളവുമുള്ള ബോർഡും തൂണും ലോറിയുടെ കാബിനിനുമുകളിൽ പതിച്ചതിനെത്തുടർന്ന് ഡ്രൈവർ കാബിനിൽ കുടുങ്ങി. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 4.45-ഓടെയാണ് സംഭവം. എസ്.പി. ഓഫീസ് സ്റ്റോപ്പിന് സമീപത്തായി അടിപ്പാതനിർമിക്കുന്ന സ്ഥലത്ത് മണ്ണിറക്കിയശേഷം ലോറി പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്നു. മണ്ണിറക്കാൻ ഉയർത്തിയ ബോഡി താഴ്ത്താതെയാണ് മുന്നോട്ടെടുത്തത്. ബോഡിക്കിടയിൽ കുടുങ്ങിയ ബോർഡ് ഇരുവശത്തെയും മധ്യത്തിലെയും ഇരുമ്പുതൂൺ സഹിതം കടപുഴകി. ഈ സമയത്ത് റോഡിൽ മറ്റുവാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ലോറിയുടെ കാബിൻ പൂർണമായും തകർന്നു. പിന്നീട് ക്രെയിനിന്റെ സഹായത്തോടെ ബോർഡും തൂണുമെല്ലാം റോഡരികിലേക്കുമാറ്റി. ഇവ റോഡരികിൽത്തന്നെയാണുള്ളത്. റോഡിനുകുറുകേയുള്ള അടയാളബോർഡിന്റെ തൂണുകൾവരെ ലോറി കുടുങ്ങി കടപുഴകിയത് ഇവയുെട സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ദേശീയപാതാനിർമാണം ഉപകരാറെടുത്ത വാഗഡ് കമ്പനിക്കുവേണ്ടി മണ്ണിറക്കുന്ന തമിഴ്‌നാട്ടിൽനിന്നുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഭീതിവിതച്ച് ടോറസ് ലോറികൾ : ദേശീയപാതാ നിർമാണത്തിനായി മണ്ണിറക്കാനും മറ്റും വിവിധസംസ്ഥാനങ്ങളിൽനിന്നായി എത്തിച്ച ടോറസ് ലോറികൾ ഭീതിവിതയ്ക്കുന്നു. ഇത് നിയന്ത്രിക്കാൻ നടപടിയില്ല. ദേശീയപാതാ നിർമാണത്തിനായി ഓടുന്ന ലോറികൾക്ക് സാധാരണ ടിപ്പർലോറികൾക്കുള്ള നിയന്ത്രണങ്ങളൊന്നും ബാധകമല്ല. ഇത് മുതലെടുത്താണ് ഇത്തരം ലോറികൾ തുടർച്ചയായി നിയമം ലംഘിക്കുന്നത്. പ്രവൃത്തി ഉപകരാറെടുത്ത വാഗഡിന്റെ ബോർഡുകളുള്ള ടോറസ് ലോറികളുണ്ടെങ്കിലും കുറെയേറെ പുറത്തുനിന്ന് കരാറെടുത്തവയാണ്. ഇതിൽ തമിഴ്‌നാട്ടിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നുമുള്ള ലോറികളുണ്ട്. ഏതാനും മാസം മുൻപ്‌ മീങ്കണ്ടിയിൽനിന്ന്‌ മണ്ണുകൊണ്ടുവരുന്ന ലോറിയുടെ ബോഡി ഓട്ടത്തിനിടെ തുറന്നുപോയതിനെത്തുടർന്ന് മണ്ണ് റോഡുനീളെ മറിഞ്ഞിരുന്നു. ഇതിനൊപ്പം വലിയ കല്ലുകളുമുണ്ടായിരുന്നു. തൊട്ടുപുറകിൽ വാഹനങ്ങളില്ലാത്തത് രക്ഷയായി. അശ്രദ്ധയാണ് ഇവിടെയും അപകടത്തിനിടയാക്കിയത്. അതിനുമുൻപ്‌ മേമുണ്ട സ്കൂൾ പരിസരത്തുകൂടി തിരക്കുള്ള സമയത്തുപോലും ഒന്നിച്ച് കുറെ ലോറികൾ അതിവേഗത്തിൽ പോകുന്നതും പ്രതിഷേധത്തിനിടയാക്കി. ദേശീയപാതാ നിർമാണത്തിന് മണ്ണുകൊണ്ടുപോകുന്ന ലോറികൾക്ക് സ്കൂൾസമയത്ത് നിയന്ത്രണമില്ലെന്ന മറുപടിയാണ് അന്ന് പോലീസിൽനിന്നും നാട്ടുകാർക്ക് ലഭിച്ചത്. അടുത്തപ്രശ്നം ചില ലോറികൾ കൃത്യമായി നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുന്നില്ലെന്നതാണ്. മുന്നിലും പുറകിലും നമ്പർപ്ലേറ്റില്ലാത്ത ലോറികൾ വടകരയിലുണ്ട്. സൈഡിൽ അധികമാരും കാണാത്തസ്ഥലത്താണ് നമ്പറുള്ളത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ എല്ലാം പഴയപടിയായി. വൈകാതെതന്നെ ഈ വിഷയത്തിൽ പ്രത്യേകപരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് വടകര ആർ.ടി.ഒ. പി. രാജേഷ് പറഞ്ഞു. നിയമം ലംഘിച്ച് വാഹനങ്ങൾ; പിഴയീടാക്കി : ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ചരക്കുവാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി മോട്ടർവാഹനവകുപ്പ്. വ്യാഴാഴ്ച ആർ.ടി.ഒ. പി. രാജേഷ്, ജോ. ആർ.ടി.ഒ. സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടാക്സ്, ഫിറ്റ്‌നസ്, പൊലൂഷൻ എന്നിവയില്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഒരു വാഹനത്തിൽനിന്ന് 17,000 രൂപ പിഴയീടാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡിനുകുറുകേയുള്ള അടയാളബോർഡ് കടപുഴകി; ഡ്രൈവർക്ക് പരിക്ക് —… | Boolokam