പുളിക്കൽ : ഐക്കരപ്പടി-വെണ്ണായൂർ-കാക്കഞ്ചേരി റോഡിൽ ചേലൂർപടി ഭാഗത്ത് റോഡിൽ ചെളി നിറഞ്ഞതോടെ യാത്ര ദുർഘടമായി. ജല അതോറിറ്റി പൈപ്പുലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡരിക് കീറിയതാണ് യാത്രാദുരിതത്തിന് കാരണമായത്. To advertise here, റോഡരിക് മാന്തിയ മണ്ണ് മഴ പെയ്തതോടെ ഒഴുകി ചെളിയും വെള്ളവുമായി കൂടിക്കലർന്ന് അടിഞ്ഞുകൂടുന്നു. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡിലൂടെ നടക്കാൻ ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. മണ്ണ് ഒലിച്ചുപോയതോടെ റോഡരിക് കിടങ്ങായി മാറി. പൈപ്പുലൈനുകൾ മണ്ണിനു പുറത്ത് കാണുന്ന രീതിയിലാണിപ്പോൾ. ഡ്രൈവർമാർക്ക് കാണാൻ കഴിയാത്തവിധത്തിൽ റോഡരികിൽ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ടാറിങ്ങിന്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് ഡ്രൈവർമാർക്ക് റോഡിലെ സാഹചര്യം മനസ്സിലാക്കി രാത്രിസമയങ്ങളിൽ വാഹനമോടിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന ആക്ഷേപവും ശക്തമാണ്. ഇരുദേശീയപാതകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഇതുവഴി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതിനാൽ അപകടസാധ്യത നിലനിൽക്കുന്നു. ചെളി വെയിലുള്ളപ്പോൾ ഉണങ്ങി പൊടിയായിമാറുന്നതിനാലും കാൽനട-ഇരുചക്രവാഹനയാത്രക്കാർ പ്രയാസത്തിലാണ്. പൊടിയിൽ ഇരുചക്രവാഹനയാത്രികർ തെന്നിവീഴുന്നതും പതിവാണിവിടെ. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിൽ പൈപ്പുലൈൻ സ്ഥാപിച്ചതു കാരണം മണ്ണ് ഒഴുകിപ്പോയ ഇടം വാട്ടർ അതോറിറ്റിയാണോ പൊതുമരാമത്ത് വകുപ്പാണോ പുനർനിർമ്മിക്കേണ്ടതെന്ന തർക്കവും നിലനിൽക്കുന്നു. പ്രദേശത്തെ ജനപ്രതിനിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. Published: 04 May 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

