വടകര : ദേശീയപാത ആറുവരിയായി വികസിപ്പിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗങ്ങളിൽ കാൽനടയാത്രക്കാർ പെരുവഴിയിൽ. നിലവിൽ റോഡ് മുറിച്ചുകടക്കാൻ പ്രത്യേകം സ്ഥലങ്ങളൊന്നുമില്ല. ഇതോടെ കഴിയാവുന്ന സ്ഥലങ്ങളിലൂടെയെല്ലാം ജനം റോഡ് മുറിച്ചുകടക്കുന്നുണ്ട്. ഇത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. To advertise here, ആറുവരിപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഏതാനും മാസംമുൻപ് പുതുപ്പണം അരവിന്ദ്‌ഘോഷ് റോഡിൽ ഒരാൾ പോലീസ് ബസ് തട്ടി മരിച്ചിരുന്നു. കഴിഞ്ഞദിവസം മുക്കാളിയിൽ പാത നിർമാണം പൂർത്തിയായ ഭാഗംവഴി റോഡ് മുറിച്ചുകടക്കവേ ഒരാൾകൂടി മരിച്ചു. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേകസംവിധാനം ഒരുക്കിയില്ലെങ്കിൽ അപകടം ആവർത്തിക്കാൻ സാധ്യതയേറെയാണ്. ആറുവരിപ്പാത നിർമാണം പൂർത്തിയായാൽ ഈ പാത മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് കഴിയില്ല. ഇതോടെ അപകടഭീഷണി ഒഴിവാകുമെങ്കിലും റോഡിന്റെ മറുവശത്തെത്തുകയെന്നത് കാൽനടയാത്രക്കാർക്ക് വലിയദുരിതമായി മാറും. റോഡിന്റെ ഇരുവശത്തേക്കും പോവുകയെന്നത് പല പ്രദേശങ്ങളിലും ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, അടിപ്പാതകളും മേൽപ്പാലങ്ങളും മേൽനടപ്പാതകൾ ഉള്ള സ്ഥലങ്ങളിലുംകൂടി മാത്രമേ ഇനി റോഡ് മുറിച്ചുകടക്കൽ സാധ്യമാകൂ. ഇത്തരം മാർഗങ്ങൾ വളരെ പരിമിതവുമാണ് അഴിയൂർമുതൽ മൂരാടുവരെയുള്ള ഭാഗത്ത്. മുറിച്ചുകടക്കാൻ കേന്ദ്രങ്ങൾ 13 അഴിയൂർമുതൽ മൂരാട് വരെ 15 കിലോമീറ്ററോളം ദൂരമുണ്ട്. ഈ ദൂരത്തിനിടയിൽ 13 ഇടത്താണ് അടിപ്പാതകളും മേൽപ്പാലങ്ങളുമുള്ളത്. മേൽനടപ്പാതകൾ എവിടെയുമില്ല. 15 കിലോമീറ്ററിൽ 13 സ്ഥലത്തുകൂടി മാത്രമേ റോഡ് മുറിച്ചുകടക്കാൻ സൗകര്യമുണ്ടാകൂ. അഴിയൂരിൽ പാത തുടങ്ങിയാൽ അടുത്ത അടിപ്പാത കുഞ്ഞിപ്പള്ളിയിലാണ്. കുഞ്ഞിപ്പള്ളി ടൗൺ കഴിഞ്ഞ് കുറച്ച് മുന്നോട്ടാണ് അടിപ്പാത. ഇത് ടൗണിലെത്തുന്നവർക്ക് ഗുണകരമാകില്ലെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഇവിടെ മേൽനടപ്പാതയെങ്കിലും അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതുവന്നാൽ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണി ഒഴിവാക്കാം. കുഞ്ഞിപ്പള്ളി കഴിഞ്ഞാൽപ്പിന്നെ അടിപ്പാതയുള്ളത് മുക്കാളിയിലാണ്. ഇവിടെ വലിയ അടിപ്പാതയ്ക്കുപുറമേ ചെറിയൊരു നടപ്പാതയും റോഡിന്റെ അടിവശത്തുകൂടിയുണ്ട്. മുക്കാളിക്കാർക്ക് വലിയ പ്രശ്നമുണ്ടാകില്ലെങ്കിലും കുഞ്ഞിപ്പള്ളിക്കും മുക്കാളിക്കും മധ്യേയുള്ളവർ പ്രയാസത്തിലാകും. റോഡിന്റെ പടിഞ്ഞാറുവശത്തുള്ളവർക്ക് വടകരയിലേക്ക് പോകാൻ ബസ് കയറണമെങ്കിൽ മറുവശത്തേക്ക് കടക്കണം. ഒന്നുകിൽ കുഞ്ഞിപ്പള്ളി പോയി മറുവശത്തേക്ക് കയറണം, അല്ലെങ്കിൽ മുക്കാളിയിലെ അടിപ്പാത വഴി മറുവശത്തെത്തണം. കിഴക്കുവശത്തുള്ളവർക്ക് മാഹി-തലശ്ശേരി ഭാഗത്തേക്ക് പോകണമെങ്കിലും റോഡ് മുറിച്ചുകടക്കണം. മുക്കാളി കഴിഞ്ഞാൽ അടുത്ത അടിപ്പാത കണ്ണൂക്കരയിലാണ്. കണ്ണൂക്കര കഴിഞ്ഞാൽ പിന്നെ മടപ്പള്ളി, നാദാപുരം റോഡ് എന്നിവിടങ്ങളിൽ. അടുത്തത് കൈനാട്ടിയിലെ മേൽപ്പാലമാണ്. ഇതുകഴിഞ്ഞാൽ ചോറോടിലെ അടിപ്പാത, പെരുവാട്ടുംതാഴ മേൽപ്പാലം, അടയ്ക്കാത്തെരു മേൽപ്പാലം എന്നിവ. വടകര ബൈപ്പാസിൽ 560 മീറ്റർ നീളത്തിലുള്ള ഉയരപ്പാത ടൗണിലെത്തുന്നവർക്ക് ഗുണകരമാണ്. പ്രയാസമില്ലാതെ ഇതിനടിയിലൂടെ റോഡ് മുറിച്ചുകടക്കാനാകും. കരിമ്പനപ്പാലത്തെ അടിപ്പാതയാണ് അടുത്തകേന്ദ്രം. പിന്നെ കോട്ടക്കടവിലെ അടിപ്പാത. പിന്നീടങ്ങോട്ട് മൂരാടുവരെ എവിടെയും അടിപ്പാതയോ മേൽപ്പാലമോ ഇല്ല. പാലോളിപ്പാലംമുതൽ മൂരാടുവരെയുള്ള ഭാഗത്ത് നേരത്തേ ആറുവരിപ്പാതനിർമാണം പൂർത്തിയായതാണ്. ഇവിടെ ഡിവൈഡറുകൾക്കിടയിലെ ചെറിയ വിടവ് വഴിയാണ് കാൽനടയാത്രക്കാർ ഇപ്പോൾ റോഡ് കടക്കുന്നത്. അരവിന്ദ് ഘോഷ് റോഡിലും പാലയാട്‌നടയിലുമെല്ലാം ഈ കാഴ്ച കാണാം. പാലയാട്‌നടയിൽ മേൽനടപ്പാലം അനുവദിച്ചെന്നുപറയാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും യാഥാർഥ്യമായിട്ടില്ല. പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ് പ്രദേശങ്ങളിലും അടിപ്പാതയ്ക്കായി മുറവിളി ഉയരുന്നുണ്ട്. ജനങ്ങൾ നിത്യവും ആശ്രയിക്കുന്ന കടകൾ, ആതുരാലയങ്ങൾ, സ്കൂളുകൾ, ആരാധാനാലയങ്ങൾ, റേഷൻകടകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം ഒരുവിഭാഗം ജനങ്ങൾക്ക് റോഡിന്റെ മറുവശത്തായിരിക്കും.
