പുല്ലൂർ : ദേശീയപാതാ നിർമാണത്തിനായി പുല്ലൂർ തോട്ടിൽനിന്ന് അനുമതിയില്ലാതെ വെള്ളം ഊറ്റിയത് നാട്ടുകാർ തടഞ്ഞു. രണ്ടാഴ്ചയോളമായി തോട്ടിൽനിന്ന് ജനറേറ്ററിന്റെ സഹായത്തോടെ വലിയ മോട്ടോർ ഘടിപ്പിച്ച് വെള്ളം ടാങ്കറുകളിലാക്കി കടത്തിവരികയായിരുന്നു. പുതിയ പുല്ലൂർ പാലത്തിന്റെ മുകളിൽ ജനറേറ്റർവെച്ചാണ് രാപകൽ വ്യത്യാസമില്ലാതെവെള്ളം ഊറ്റിയത്. To advertise here, കാലങ്ങളായി വാരിക്കാട്ട് തടയണയിൽ വെള്ളം കെട്ടിനിർത്തിയാണ് ഇവിടങ്ങളിൽ കൃഷിക്കായി വെള്ളം കണ്ടെത്തിയിരുന്നത്. എന്നാൽ ഇത്തവണ കിണറുകളിൽ ഗണ്യമായി വെള്ളം കുറഞ്ഞതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. ബുധനാഴ്ച രാവിലെ നാട്ടുകാർ തൊഴിലാളികൾക്ക് മുന്നറിപ്പ് നൽകി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവിടെനിന്ന് വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മേഘ കൺസ്ട്രക്ഷന്റെ ജീവനക്കാരോട് പറഞ്ഞു. തുടർന്ന് സമീപവാസികളായ എം.വി. പദ്‌മനാഭനും, സി.കെ. സുനിൽ കുമാറും പഞ്ചായത്തിൽ പരാതി നൽകി. എന്നാൽ ഇതു സംബന്ധിച്ച് കമ്പനി ഒരു വിവരവും നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അവരെ അറിയിച്ചു. ദിവസവും 12000 ലിറ്റർ കൊള്ളുന്ന മൂന്ന് ടാങ്കറുകളിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം മേഘ പ്ലാൻറിലേക്ക് കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ ആരോപിച്ചു. ഉച്ചയോടെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.വി. മിനി, പഞ്ചായത്ത് അംഗങ്ങളായ കെ. ബിന്ദു, എ. സന്തോഷ് കുമാർ, ശോഭന എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതും വിലയിരുത്തി. പഞ്ചായത്തിനകത്തെ ജലസ്രോതസ്സായ പുല്ലൂർ തോട്ടിൽനിന്നും വെള്ളം എടുക്കുന്നതിന് അനുവദിക്കില്ലെന്നും സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് അസി. സെക്രട്ടറി സുദേവൻ പറഞ്ഞു. വൈകിട്ടോടെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മേഘ കമ്പനി അധികൃതർ ക്രൈയിൻ ഉപയോഗിച്ച് മോട്ടോറും ജനറേറ്ററും സ്ഥലത്തുനിന്ന് നീക്കം ചെയ്തു. വിത്തുത്പാദന കേന്ദ്രത്തിലും വെള്ളമില്ല ഏപ്രിൽ പകുതിവരെ വാരിക്കാട് തടയണയെ ആശ്രയിച്ചാണ് സംസ്ഥാന വിത്തുദ്പാദന കേന്ദ്രത്തിൽ നെൽക്കൃഷി ഇറക്കിയിരുന്നത്. എന്നാൽ മേഘ കമ്പനി വെള്ളം ഊറ്റിയത് വിത്തുത്പാദന കേന്ദ്രത്തിലെത്തുന്ന വെള്ളത്തിനും തടസ്സമായി. ചൊവ്വാഴ്ചമുതൽ തടയണയിൽനിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് സീനിയർ കൃഷി ഓഫീസർ കെ.എ. ഷാജോ പറഞ്ഞു. ഇപ്പോൾ ഫാമിലെ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് നിർമാണ കമ്പനി തോട്ടിലെ വെള്ളം ഊറ്റി; പ്രതിഷേധവുമായി നാട്ടുകാർ
M
MathrubhumiSource Link
about 2 months ago