തിരുവനന്തപുരം: പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കേ, എതിരാളികളെ ഏതുനിലയ്ക്കും കടന്നാക്രമിക്കാൻ മുതിർന്നനേതാക്കൾതന്നെ അധിക്ഷേപവാക്കുകളുമായി അണിനിരക്കുന്നു. കാട്ടാക്കടയിലെ എൻ.ഡി.എ. സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന്റെ ‘ലവ് ജിഹാദ്’ പരാമർശമാണ് തിങ്കളാഴ്ചത്തെ വിവാദങ്ങളുടെ തുടക്കം. ഇടതു-വലതു ഭരണം വന്നാൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടാവുമെന്നാണ് പൊതുസമ്മേളനത്തിൽ ബി.ജെ.പി.യുടെ മുതിർന്നനേതാവായ കൃഷ്ണദാസിന്റെ പ്രസംഗം. തിരഞ്ഞെടുപ്പു കമ്മിഷൻ കേസെടുത്തെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. To advertise here, ബി.ജെ.പി.ക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തള്ളിപ്പറഞ്ഞെങ്കിലും ലവ് ജിഹാദ് എന്നൊരു പ്രശ്നമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുസ്‌ലിം ലീഗിന്റെ റിമോട്ട് കൺട്രോളിലാണ് കോൺഗ്രസ്. ഭരണം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനവും ആറുമന്ത്രിസ്ഥാനങ്ങളുമാണ് ഡീൽ. മുസ്‌ലിം ലീഗ്-ജമാഅത്തെ ഇസ്‌ലാമി-എസ്.ഡി.പി.ഐ. ഡീലുണ്ട്. മുസ്‌ലിം ലീഗ് വർഗീയപാർട്ടിയാണെന്നതിൽ സംശയമില്ല -അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐ.യുമായും ഡീലുണ്ടാക്കുന്നത് മുസ്‌ലിം ലീഗാണെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പുകാലത്ത് വർഗീയത വിഷയമാകുന്നത് ഇതാദ്യമല്ല. ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ പരാമർശമാണ് ആദ്യത്തെ വിവാദം. ഗുരുവായൂരിൽ ഇതുവരെ ഒരു ഹിന്ദു എം.എൽ.എ. ഉണ്ടായിട്ടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒടുവിൽ പരാതിയായി തിരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നിലെത്തി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഏങ്ങണ്ടിയൂരിൽ ടിപ്പു സുൽത്താന്റെ പേരിലെന്തിനാണ് റോഡെന്നു ചോദിച്ചും അദ്ദേഹം വിവാദങ്ങളിൽ നിറഞ്ഞു. സ്വന്തം സമുദായത്തിലെ കുട്ടി എന്നനിലയിൽ മുസ്‌ലിം ലീഗ് വോട്ട് പിടിക്കുന്നുവെന്ന് പേരാമ്പ്രയിൽ സി.പി.എം. നടത്തിയ അനൗൺസ്‌മെന്റും വിവാദച്ചുഴിയിൽ വീണു. എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിക്കെതിരേ വനിതാ ലീഗ് ജില്ലാ സെക്രട്ടറി നടത്തിയ പരാമർശമാണ് കാസർകോട്ട് ഉയർന്നിട്ടുള്ള പരാതി. ‘കപടവിശ്വാസി’യെന്ന് അർഥമുള്ള വാക്കിലൂടെ എതിരാളിയെ വിശേഷിപ്പിച്ചതിലാണ് വിവാദം. ലവ് ജിഹാദ് പോലുള്ള ക്രൂരകൃത്യം നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് ആരോപിച്ച് വട്ടിയൂർക്കാവിലെ എൻ.ഡി.എ. സ്ഥാനാർഥി ആർ. ശ്രീലേഖയുടെ പ്രസംഗവും എരിവുപകർന്നു. കേരളത്തിൽ ‘ബിസിനസ് ജിഹാദു’മുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെ നടത്തിയ പ്രസ്താവനയും വിവാദങ്ങൾക്കു ചൂടുപിടിപ്പിച്ചു. ------------------------------------------------------------------ അവർ വന്നാൽ ലവ് ജിഹാദ് ഉണ്ടാകും എൽ.ഡി.എഫോ യു.ഡി.എഫോ അധികാരത്തിൽവന്നാൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടാവും. രണ്ടുമുന്നണികളെയും നിയന്ത്രിക്കുക ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും പോലുള്ള പാകിസ്താൻ അനുകൂല, ദേശവിരുദ്ധ സംഘടനകളായിരിക്കും. അധികാരം കിട്ടുന്നതോടെ ഇവർ ഹിന്ദു, ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ പ്രണയംനടിച്ച്, ലവ് ജിഹാദിന്റെ പേരിൽ രാജ്യദ്രോഹപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിക്കുകയാകും കേരളത്തിൽ നടക്കാൻപോകുന്നത്.- പി.കെ. കൃഷ്ണദാസ്, കാട്ടാക്കടയിലെ എൻ.ഡി.എ. സ്ഥാനാർഥി പൊതുസമ്മേളനത്തിൽ അവർ വന്നാൽ ലീഗ് സമ്മർദശക്തിയാകും സമ്മർദതന്ത്രങ്ങൾക്കു വിധേമായാണ് കേരളത്തിലെ യു.ഡി.എഫ്. ഭരണം നാം കണ്ടിട്ടുള്ളത്. ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിക്കില്ലെന്ന ഒരു പ്രസ്താവന കാണുകയുണ്ടായി. കേരളത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനമേയില്ല. മന്ത്രിസ്ഥാനത്തിന്റെ എണ്ണം സമ്മർദതന്ത്രം ഉപയോഗിച്ചു വർധിപ്പിച്ചതാണ് നമ്മുടെ അനുഭവം. കുത്തിനുപിടിച്ച് മന്ത്രിസ്ഥാനം ചോദിച്ചുമേടിച്ച അനുഭവം കേരളത്തിൽ മുൻകാലങ്ങളിലുണ്ടായിരുന്നല്ലോ. അതു കേരളത്തിന്റെ സാമൂഹികജീവിതത്തിൽ കേട്ടുകേൾവിയില്ലാത്തതല്ലേ. അതുതന്നെയാണ് പ്രശ്‌നം.- എ. വിജയരാഘവൻ, സി.പി.എം. പി.ബി. അംഗം ജാതിപറഞ്ഞ് സുധാകരൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത അമ്പലപ്പുഴയിൽ നായന്മാരുടെ വീട്ടിൽമാത്രമാണ് കയറിയിറങ്ങുന്നത്. നായരാണെന്നു മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിയും ചൂടിയാണു കയറുന്നത്. ഇവർ അങ്ങോട്ടുചെന്നാൽ നായന്മാർ വോട്ടുചെയ്യുമെന്നാണു ധാരണ. സുജാതയ്ക്കു നാണവും മാനവും വേണ്ടേ?- ജി. സുധാകരൻ, അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി അവർ വന്നാൽ പാകിസ്താനിൽ പടക്കംപൊട്ടും ബി.ജെ.പി. ജയിച്ചാൽ കേരളത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽനിന്ന് പടക്കംപൊട്ടും. മറ്റാരെങ്കിലും ജയിച്ചാൽ പടക്കംപൊട്ടുന്നത് പാകിസ്താനിലായിരിക്കും. നമ്മൾ വികസനം ആഗ്രഹിക്കുമ്പോൾ അവർ വിനാശം ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തോളോടുതോൾചേർന്ന് വിജയിച്ച് പാകിസ്താനിൽ പടക്കംപൊട്ടിക്കാൻ ആഗ്രഹിക്കുന്നവരെ പരാജയപ്പെടുത്തണം- കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, പാലക്കാട് കണ്ണാടിയിൽ Content Highlights: Escalation of communal rhetoric in the 2026 election campaign., Controversial statements regarding 'Love Jihad' and political alliances., Election Commission intervention in hate speech cases., Shift from development-focused discourse to identity politics. Published: 07 Apr 2026, 09:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലവ് ജിഹാദ്, പാകിസ്താനിലെ പടക്കംപൊട്ടിക്കൽ, ജാതി പരാമർശം..; വിദ്വേഷം വിളമ്പി സ്ഥാനാർഥികളും നേതാക്കളും
M
MathrubhumiSource Link
about 1 month ago