കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിവേട്ട യിൽ പിടിയിലായവരിൽനിന്ന് കണ്ടെടുത്ത കൊക്കെയ്ൻ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ ഉറവിടം തേടി പോലീസ്. പ്രതികൾക്ക് ഹൈബ്രിഡ് കഞ്ചാവും കൊക്കെയ്‌ൻ അടക്കമുള്ള മയക്കുമരുന്നുകളും എത്തിച്ച് നൽകിയയാളെ തിരിച്ചറിഞ്ഞതായാണ് സൂചന. ആഡംബര ഹോട്ടലുകളിലും മറ്റും നടക്കുന്ന പാർട്ടികൾക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്ന ഇയാൾ എറണാകുളം സ്വദേശിയാണെന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചുവരുകയാണ്. അതിനിടെ ലഹരിമരുന്നിന്റെ പാക്കിങ് രീതിയും മറ്റും പരിശോധിക്കുമ്പോൾ വിദേശത്തു നിന്ന് എത്തിച്ചതാണന്ന നിഗമനത്തിലാണ് പോലീസ്. ഇടനിലക്കാരനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. സംഭവത്തെക്കുറിച്ച് കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. To advertise here, ആഡംബര ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എട്ടുപേരെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. കൊക്കെയ്ൻ, എം.ഡി.എം.എ., ലഹരി ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. ഡോക്ടറും അഭിഭാഷകനുമടക്കമുള്ളവരാണ് പിടിയിലായവർ. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം മയക്കുമരുന്ന് ഗുളിക എന്നിവയാണ് ഹോട്ടലിൽ നടന്ന പരിശോധനയിൽ കണ്ടെടുത്തത്. പിടിയിലായവരിൽ പ്രധാനി തിരുവനന്തപുരം സ്വദേശിയായ ഷാജി ഫെർണാണ്ടോയാണ് (ഷോൺ). കൂടാതെ കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷ്യനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്ത ഡോക്ടറായ ബെൻസി റാവുത്തർ, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർഥിയായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച നെഫ്രിറ്റിറ്റി ക്രൂയിസിലെ ലഹരിപ്പാർട്ടിക്ക് ശേഷം ഹോട്ടലിൽ ആഫ്റ്റർ പാർട്ടിക്കായി മുറിയെടുത്തവരാണ് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. ക്രൂയിസ് പാർട്ടിയിൽ ആരെല്ലാം പങ്കെടുത്തു എന്നതടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്. ലഹരിമരുന്നുകൾ എത്തിച്ചതിന്റെ പണമിടപാടുകൾ കണ്ടെത്താൻ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ഫോൺ രേഖകൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തും. മുഖ്യകണ്ണി ഷാജി ഫെർണാണ്ടോയുടെ സ്ഥാപനം വഴി കഴിഞ്ഞ മാസങ്ങളിൽ നടന്ന എല്ലാ പരിപാടികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കപ്പലുകളിലെ യാത്രയ്ക്കിടെ സുരക്ഷാ പരിശോധനകൾ കുറവാണെന്ന സാഹചര്യം മുതലെടുത്ത് കടലിന് നടുവിൽ ലഹരിപ്പാർട്ടികൾ വർധിക്കുന്നതായാണ് വിവരം. Content Highlights: Police investigate international drug links following a major bust at a Kochi luxury hotel. Published: 30 Mar 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ലഹരി ഒഴുകിയത് വിദേശത്ത് നിന്ന്? കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിലെ കൈകൾ തേടി പോലീസ്
M
MathrubhumiSource Link
about 1 month ago