ലാവ്‌ലിൻ മുതൽ മാസപ്പടിവരെയുള്ള ‘ഡീൽ’ എന്ത്? മുഖ്യമന്ത്രിയോട് കെ.സി. വേണുഗോപാലിന്റെ പത്ത് ചോദ്യങ്ങൾ

ലാവ്‌ലിൻ മുതൽ മാസപ്പടിവരെയുള്ള ‘ഡീൽ’ എന്ത്? മുഖ്യമന്ത്രിയോട് കെ.സി. വേണുഗോപാലിന്റെ പത്ത് ചോദ്യങ്ങൾ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക്ക് Last Updated: 07 April 2026, 02:29 PM IST കെ.സി. വേണു​ഗോപാൽ | Photo: Mathrubhumi ആലപ്പുഴ: തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പത്ത് ചോദ്യങ്ങളുന്നയിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിന്റെ ബാക്കിപത്രമായി ഉയർന്നുവരുന്ന ജനങ്ങളുടെ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് വേണുഗോപാൽ കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമായ 'ഡീൽ' ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. To advertise here, കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതി, ലേബർ കോഡ് എന്നിവ നടപ്പിലാക്കുന്നതിലൂടെ ബി.ജെ.പി.യുമായി മുഖ്യമന്ത്രി രഹസ്യധാരണയിലെത്തിയതായി വേണുഗോപാൽ ആരോപിക്കുന്നു. എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ.യെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഈ നീക്കങ്ങൾ നടത്തിയതെന്നും തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടിയത് ആരെ തൃപ്തിപ്പെടുത്താനാണെന്നും കത്തിൽ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൻ നേരിടുന്ന അന്വേഷണങ്ങളും മാസപ്പടി കേസിലെ നിലവിലെ സ്ഥിതിയും അദ്ദേഹം കത്തിൽ പരാമർശിച്ചു. കെ.സി. വേണുഗോപാൽ ഉയർത്തിയ പത്ത് ചോദ്യങ്ങൾ 1. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത്? 2. ഡൽഹിയിൽ കേരള ഹൗസിൽ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്നു നൽകിയത് എന്തു ‘ഡീൽ’ ഉറപ്പിക്കാനായിരുന്നു? 3. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്കു പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ? 4. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിർപ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറിൽ ഏർപ്പെട്ടതു എന്തു ‘ഡീൽ’? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി പി. എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വാശിപിടിച്ചതു ആരുടെ താൽപര്യം സംരക്ഷിക്കാൻ? ആരുടെ തടി രക്ഷപ്പെടുത്താൻ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത്? 5. കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡ് വിഷയത്തിലും എൽഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബർ കോഡിനു ചട്ടങ്ങൾ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ്? തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ താങ്കൾ ലേബർ കോഡിന്റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയുനകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയിൽ നിന്ന് 10000 രൂപയാക്കിയില്ലേ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ്? 6. താങ്കൾ പ്രതിസ്ഥാനത്തുള്ള എസ്എൻസി ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിലെ വിചാരണ നടപടികൾ രാജ്യത്തിന്റെ നിയമചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതു താങ്കൾക്കുള്ള പാരിതോഷികമോ, ‘ഡീലി’ന്റെ ബോണസ്സോ? താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു പ്രധാനമന്ത്രി മോദിയോടു അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകൾ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താൽപര്യം സംരക്ഷിക്കാനല്ലേ? ‘മോദി’ എന്നു പേരെടുത്തു പറഞ്ഞു വിമർശിക്കാൻ താങ്കൾ പേടിക്കുന്നതും അതുകൊണ്ടല്ലേ? 7. കരിമണൽ മാസപ്പടി കേസിൽ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരുമായി താങ്കൾ നടത്തിയ ‘ഡീലി’ ന്റെ വ്യവസ്ഥകൾ പുറത്തു പറയാവുന്നവയാണോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ബിജെപിക്കായി കോടികൾ കൊണ്ടുവന്ന കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ? താങ്കളുടെ മകനെതിരെ വന്ന ഇ.ഡി നോട്ടീസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? 8. ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂർ പൂരം അട്ടിമറിച്ച് തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയ്ക്കു വിജയിക്കാൻ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആർ അജിത്കുമാറിനെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ആരുടെ നിർദേശ പ്രകാരം? ആരുടെ താൽപര്യം സംരക്ഷിക്കാൻ? 9. തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത്? അതിന്റെ വിശദാംശങ്ങൾ ജനങ്ങളോടു വെളിപ്പെടുത്താൻ ആർജ്ജവമുണ്ടോ? 10. താങ്കളുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം പാതിവഴിയിൽ നിലച്ചു പോയത് ആര് ഇടപെട്ടിട്ടാണ്? എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ താങ്കളുടെ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അല്ലേ കമ്മീഷനെ നിയമിച്ചത്?

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലാവ്‌ലിൻ മുതൽ മാസപ്പടിവരെയുള്ള ‘ഡീൽ’ എന്ത്? മുഖ്യമന്ത്രിയോട… | Boolokam