ലാസ്റ്റ് ബെൽ, റൺ ടീച്ചർ... റൺ...

ലാസ്റ്റ് ബെൽ, റൺ ടീച്ചർ... റൺ...

M
MathrubhumiSource Link
വിരമിക്കൽ ദിനത്തിൽ സ്കൂളിൽനിന്ന് വീടുവരെ 12 കിലോമീറ്ററിലേറെ ഓടി അധ്യാപിക To advertise here, ‘ഓടി യാത്രയയപ്പി’ൽ ഒപ്പമോടി ഭർത്താവും സുഹൃത്തുക്കളും കൊച്ചി: സ്കൂളിൽ ലാസ്റ്റ് ബെല്ലടിക്കുമ്പോൾ ഷൈനിടീച്ചറുടെ മനസ്സിലേക്ക് ഒരായിരം കുട്ടികളും ഓർമ്മകളും ഒാടിക്കയറിയിട്ടുണ്ടാകാം. ഓർമ്മകളുടെ ഹാജർ പുസ്തകത്തിൽ ഒരു ചിരിയാൽ ഒപ്പുചാർത്തി ടീച്ചർ സ്കൂൾ അങ്കണത്തിൽനിന്ന് ഓടിത്തുടങ്ങുമ്പോൾ കൂടെ അവരുമുണ്ടായിരുന്നു. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം 12 കിലോമീറ്ററിലേറെ ഓടി സ്കൂളിൽ നിന്ന് വീട്ടിലേക്കെത്തുമ്പോൾ ടീച്ചർ പറഞ്ഞു- ''ഓടിയോടി ഒരു റിട്ടയർമെന്റ്. സ്കൂളിൽനിന്ന് ഇങ്ങനെയൊരു വിരമിക്കലിന് അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം.'' എറണാകുളം സെയ്ന്റ് തെരേസാസ് ഗേൾസ് എച്ച്.എസ്.എസിൽ മലയാളം അധ്യാപികയായ ഷൈനി ബെന്നി അവിടെ 26 വർഷത്തെ അധ്യാപനജീവിതത്തിനു ശേഷമാണ് ചൊവ്വാഴ്ച സർവീസിൽനിന്ന് വിരമിച്ചത്. അതിനു മുൻപ് തൃശ്ശൂർ സെയ്ന്റ് ജോസഫ്‌സ് സ്കൂൾ, പള്ളിപ്പോർട്ട് ലിറ്റിൽ ഫ്ളവർ സ്കൂൾ, എറണാകുളം സെയ്ന്റ് ആന്റണീസ് സ്കൂൾ, മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. എന്നിവിടങ്ങളിലും അധ്യാപികയായിരുന്നു. സ്കൂളിലെയും കോളേജിലെയും പഠനകാലത്ത് കായികരംഗത്തൊന്നുമില്ലാതിരുന്ന ഷൈനി ഓട്ടത്തിലേക്കെത്തുന്നത് പ്രായം 50 ആയപ്പോഴായിരുന്നു. സോൾസ് ഓഫ് കൊച്ചിൻ എന്ന ഓട്ടക്കാരുടെ ഗ്രൂപ്പിൽ എത്തിയതോടെയാണ് തന്റെ ജീവിതവും മാറിയതെന്ന് ഷൈനി പറയുന്നു. അഞ്ചാറുവർഷം മുൻപ് ജിമ്മിൽ പോയിത്തുടങ്ങിയതിനൊപ്പം ഓട്ടവും തുടങ്ങിയ ഷൈനി അതിനൊപ്പം സ്കൂളിലെ അധ്യാപകരെയും മറ്റും ഓട്ടത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. “ഈ പ്രായത്തിൽ ഓടാൻ പറ്റുമോയെന്നായിരുന്നു എല്ലാവർക്കും പേടി. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയത്ത് ബസ് ഇത്തിരി മുന്നോട്ട് കയറ്റിനിർത്തിയാൽ അതിലേക്ക് ഓടിക്കയറാൻ മടിക്കുന്നവരാണ് പലരും. പക്ഷേ, പതുക്കെപ്പതുക്കെ ഓടിത്തുടങ്ങിയ എനിക്ക് അത് ഏറെ രസകരവും ആവേശകരവുമായ അനുഭവമായിരുന്നു.” ഷൈനി പറഞ്ഞു. ചൊവ്വാഴ്ച സ്കൂളിൽനിന്ന് ഷൈനി അടക്കം ഏഴ് അധ്യാപകരാണ് വിരമിച്ചത്. ഇതിൽ ആറുപേരെയും യാത്രയയപ്പിനുശേഷം സ്കൂൾബസിൽ വീട്ടിൽ കൊണ്ടുവന്നാക്കിയപ്പോൾ ഷൈനി മാത്രമാണ് 'ഓടിപ്പോകാൻ' തീരുമാനിച്ചത്. മർച്ചന്റ് നേവിയിലായിരുന്ന ഭർത്താവ് ബെന്നി എലിറ്റും ചില സുഹൃത്തുക്കളും ടീച്ചർക്കൊപ്പം ഓടാൻ തയ്യാറായതോടെ എല്ലാവർക്കും ആവേശമായി. പൈലറ്റായ മകൻ നെവിനും ബി.ബി.എ. വിദ്യാർഥിയായ മകൻ നേഹലും അമ്മയുടെ ഓട്ടത്തിന് പൂർണ പിന്തുണക്കാരാണ്. അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ചാലും ഓട്ടം തുടരാൻ ആഗ്രഹിക്കുന്ന ഷൈനി അതിനിടയിൽ നേരിടുന്നത് ഒരേയൊരു പ്രശ്നമാണ്- “എല്ലാദിവസവും പുലർച്ചെ അഞ്ചാറ് കിലോമീറ്റർ ഓടുന്നത് എനിക്കിഷ്ടമാണ്. ഓട്ടത്തിനിടയിൽ ആകെയുള്ളൊരു പേടി തെരുവുനായ ശല്യമാണ്...”

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലാസ്റ്റ് ബെൽ, റൺ ടീച്ചർ... റൺ... — Mathrubhumi | Boolokam | Boolokam