ഡ്രൈവർക്ക് ഗുരുതര പരിക്ക് To advertise here, വൈദ്യുതത്തൂണും കാറും ബൈക്കും തകർത്തു വെഞ്ഞാറമൂട് : റോഡിൽ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ഹെവി ഡ്യൂട്ടി ട്രക്ക് ലോറി വീടിന്റെ മതിൽ തകർത്ത് മറിഞ്ഞു. അപകടത്തിൽ ലോറിഡ്രൈവർ രാജസ്ഥാൻ സ്വദേശി ദിലീപിനു (26) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ അമ്പലംമുക്ക്-പിരപ്പൻകോട് ഔട്ടർ റിങ് റോഡിൽ വട്ടയത്തായിരുന്നു അപകടം. വട്ടയം സിനിഭവനിൽ സുശീല അമ്മയുടെ വീടിന്റെ മതിലാണ് തകർന്നത്. കാട്ടാക്കടയിൽനിന്ന് പാലായിലേക്ക് പോവുകയായിരുന്നു വാഹനം. കയറ്റം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് വീടിന്റെ മതിൽ തകർക്കുകയും സമീപത്തെ വൈദ്യുതത്തൂണിലിടിച്ച് ഒരുവശത്തേക്കു മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ പൂർണമായും തകർന്നു. ഭീമൻ കേബിൾറോളുകൾ കയറ്റിവന്നതായിരുന്നു ലോറി. വാഹനം മറിഞ്ഞതോടെ റോളുകളടങ്ങിയ വൃത്താകൃതിയിലുള്ള വലിയ പെട്ടികൾ റോഡിലേക്കു വീണു. ഇവ സമീപത്തെ വീടിനു മുൻവശത്തേക്ക് ഉരുണ്ടുപോവുകയും ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ ദിലീപിനെ വാതിലിന്റെ ചില്ലുകൾ തകർത്താണ് പുറത്തെത്തിച്ചത്. നാട്ടുകാരുടെ സഹായത്തോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നു പറയപ്പെടുന്നു. അപകടത്തെത്തുടർന്ന് ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Published: 18 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
