തൃശ്ശൂർ : ഉറച്ചകോട്ട അല്ലാതിരുന്നിട്ടും യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ചിട്ടും എൽ.ഡി.എഫിനെ ചേർത്തുനിർത്തി വടക്കാഞ്ചേരി. യു.ഡി.എഫ്. യുവനേതാവിനെ രംഗത്തിറക്കിയിട്ടും നിലവിലെ എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി മണ്ഡലം നിലനിർത്തി. To advertise here, സേവ്യറിന്റെ ജനകീയതയും സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിലുണ്ടായ പിണക്കങ്ങളും ഈ ജയത്തിന് അടിത്തറയായി. 2021-ൽ 15,168 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത് എന്നാൽ ഇത്തവണയത് 5690 ആയിക്കുറഞ്ഞു. എതിർ സ്ഥാനാർഥികൾ കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്തിയപ്പോൾ സേവ്യറിന്റെ വോട്ടിൽ പതിനായിരത്തിലേറെ കുറവുണ്ടായി. കോൺഗ്രസ് സ്ഥാനാർഥി പി.എൻ. വൈശാഖിന്റെ ആദ്യ മത്സരമായിരുന്നു ഇത്. യുവത്വത്തിന്റെ കരുത്തിൽ സീറ്റ് തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ വാടി. സ്ഥാനാർഥി പ്രഖ്യാപനം തൊട്ടുതന്നെ കോൺഗ്രസിൽ ഉണ്ടായിരുന്ന അസ്വാരസ്യം പരാജയത്തിന് കാരണമായി. സീനിയർ നേതാക്കളെ തഴഞ്ഞു എന്ന പരാതിയാണ് ഉയർന്നിരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇത്തരം ചർച്ചകൾ പുറമേക്ക് അവസാനിച്ചെങ്കിലും ഉള്ളിൽ പ്രവർത്തിച്ചു എന്നു കാണിക്കുന്നതാണ് ഫലം. 2021-ൽ പരാജയപ്പെട്ട അനിൽ അക്കര നേടിയ വോട്ടിൽനിന്നും സ്ഥിതി മെച്ചപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല. 65,858 വോട്ടാണ് അന്ന് അനിൽ അക്കര നേടിയത്. വൈശാഖ് ഇത്തവണ 65,035 വോട്ടും നേടി. ബി.ജെ.പി.യുടെ ഉല്ലാസ് ബാബു വോട്ട് വർധിപ്പിച്ചു. കഴിഞ്ഞതവണ 21,747 വോട്ടുണ്ടായത് 25,844 ആക്കിയാണ് ഉയർത്തിയത്. 81,026 വോട്ടുകൾ കഴിഞ്ഞ തവണ നേടിയ സേവ്യർ ചിറ്റിലപ്പിള്ളി 70,725 വോട്ടാണ് ഇത്തവണ നേടിയത്. ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചായുന്ന മണ്ഡലമായിട്ടും ഈ തരംഗത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായില്ല എന്നത് ശ്രദ്ധേയമാണ്. 2021-ൽ സേവ്യർ ചിറ്റിലപ്പിള്ളി ജയിക്കും മുന്നെ കോൺഗ്രസിലെ അനിൽ അക്കരയും സി.എൻ. ബാലകൃഷ്ണനും വിജയക്കൊടി പാറിച്ച മണ്ഡലമാണിത്. 2004-ൽ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായ ശേഷം മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. എ.സി. മൊയ്തീനാണ് അന്നിവിടെ ജയിച്ചത്.
