വാഗമൺ-വട്ടപ്പതാൽ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ To advertise here, നാട്ടുകാർ സമരത്തിലേക്ക് വാഗമൺ : വാഗമണ്ണിൽനിന്ന് വട്ടപ്പതാലിലേക്ക് പോകുന്ന റോഡിന്റെ നിർമാണം കരാറുകാരന്റെ വീഴ്ചമൂലം അനിശ്ചിതത്വത്തിലായി. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. എം.എൽ.എ. ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായ റോഡാണിത്. എന്നാൽ, കരാർ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പണികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന വട്ടപ്പതാലിൽ ഒട്ടേറെ റിസോർട്ടുകളും സ്കൂളുകളും മറ്റ് സ്ഥാപനങ്ങളുമുണ്ട്. റോഡ് തകർന്നുകിടക്കുന്നതിനാൽ ജോലിക്ക് പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കും നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. നാല് സ്കൂൾ ബസുകൾ ഉൾപ്പെടെ വരുന്നുണ്ടെങ്കിലും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. മഴക്കാലമായാൽ റോഡിന്റെ അവസ്ഥ അതിഭീകരമാണ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ എടുക്കുകയും പിന്നീട് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് പണി നടത്താതെ മുങ്ങുകയും ചെയ്യുന്നത് ഈ കരാറുകാരന്റെ സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇയാൾ വിവിധ ടെൻഡറുകൾ പിടിച്ചെടുക്കുന്നതുമൂലം പഞ്ചായത്തിലെ പല റോഡ് പണികളും മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വട്ടപ്പതാൽ ജനങ്ങൾ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് പൊതുപ്രവർത്തകൻ ഷാജി കുറ്റിക്കാടൻ പറഞ്ഞു.
