ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാസംവരണം വേഗത്തിൽ നടപ്പാക്കാനെന്ന വ്യാജേന കേന്ദ്രസർക്കാർ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാഭേദഗതിബില്ലിനുപിന്നിൽ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ട്. ലോക്‌സഭയിൽ തെക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആനുപാതികപ്രാതിനിധ്യത്തിൽ ഗണ്യമായ ഇടിവുണ്ടാക്കാൻ പര്യാപ്തമായവിധത്തിലാണ് ബിൽ രൂപകല്പനചെയ്തിരിക്കുന്നത്. കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി.യുടെ രാഷ്ട്രീയതാത്പര്യത്തിനും ദീർഘകാലനേട്ടത്തിനും അനുഗുണമായതരത്തിലാണ് ഇതുചെയ്തിരിക്കുന്നത്. ബി.ജെ.പി.ക്ക് സ്വാധീനമുള്ള ഹിന്ദിഹൃദയഭൂമിയിൽ ലോക്‌സഭാസീറ്റുകളുടെ എണ്ണം സാരമായി വർധിക്കാനിടവരുന്നരീതിയാണ് വിഭാവനംചെയ്തിരിക്കുന്നത്. ലോക്‌സഭാസീറ്റുകളുടെ എണ്ണം നിലവിലെ അഞ്ഞൂറ്റിനാല്പത്തിമൂന്നിൽനിന്ന് 850 ആക്കാനുള്ള 131-ാം ഭരണഘടനാഭേദഗതിബില്ലാണ് ഇന്നലെ പാർലമെന്റിന്റെ പ്രത്യേകസമ്മേളനത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭകളിലും സീറ്റുകൾ വർധിപ്പിക്കും. മുപ്പത്തിമൂന്നുശതമാനം സീറ്റുകൾ വനിതകൾക്കു സംവരണംചെയ്യുകയാണ് ഈ ഭരണഘടനാഭേദഗതിയുടെ പ്രത്യക്ഷോദ്ദേശ്യം. സീറ്റുകൾ കൂട്ടുന്നതിനായി മണ്ഡലപുനർനിർണയം നടത്തുന്നതിന് കമ്മിഷനെ നിയോഗിക്കുന്നതിനായി മറ്റൊരു ബില്ലും അവതരിപ്പിച്ചു. 2023-ൽ ഈ സർക്കാർ കൊണ്ടുവന്ന വനിതാസംവരണനിയമവും അതിനായി അന്നു പാസാക്കിയ ഭരണഘടനാഭേദഗതിയുമനുസരിച്ച്, 2027-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയംനടത്തി ലോക്‌സഭാ-നിയമസഭാസീറ്റുകൾ വർധിപ്പിക്കാനും അതിൽ മുപ്പത്തിമൂന്നുശതമാനം വനിതാസംവരണം ഏർപ്പെടുത്താനുമാണ് വ്യവസ്ഥചെയ്തിരുന്നത്. എന്നാൽ, 2011-ലെ കാനേഷുമാരിക്കണക്കിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയംനടത്താനാണ് ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാഭേദഗതിബിൽ വ്യവസ്ഥചെയ്യുന്നത്. മണ്ഡലപുനർനിർണയംനടത്തുമ്പോൾ തെക്കൻസംസ്ഥാനങ്ങൾക്കുംമറ്റും ലോക്‌സഭാസീറ്റുകളുടെ എണ്ണത്തിൽ ആനുപാതികനഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രനേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ അവതരിപ്പിച്ച ഭരണഘടനാഭേദഗതിബിൽ, ലോക്‌സഭാസീറ്റുകളുടെ എണ്ണം കൂട്ടുമ്പോൾ സംസ്ഥാനങ്ങൾക്കിടയിലെ നിലവിലുള്ള സീറ്റ് അനുപാതം നിലനിർത്തുമെന്ന് ഉറപ്പാക്കുന്നില്ല. ലോക്‌സഭാസീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കേണ്ടത് ജനസംഖ്യാനുപാതത്തിലാണെന്നു വ്യവസ്ഥചെയ്യുന്ന, ഭരണഘടനയിലെ 81(2)(എ) അനുച്ഛേദത്തിൽ പുതിയ ബിൽ ഒരു മാറ്റവും വരുത്തുന്നില്ലെന്നതാണു കാരണം. അതിനാൽ, ജനസംഖ്യാനിയന്ത്രണത്തിൽ ദശാബ്ദങ്ങൾകൊണ്ട് വൻപരോഗതി കൈവരിച്ച കേരളവും തമിഴ്‌നാടുംപോലുള്ള സംസ്ഥാനങ്ങൾക്ക്, അക്കാര്യത്തിൽ ശ്രദ്ധപുലർത്താതിരുന്ന ഉത്തരേന്ത്യൻസംസ്ഥാനങ്ങളെ അപേക്ഷിച്ച്, ലോക്‌സഭാസീറ്റുകളുടെ എണ്ണത്തിൽ ആനുപാതികനഷ്ടം സംഭവിക്കും. ഉദാഹരണത്തിന്, നിർദിഷ്ട 850 അംഗ ലോക്‌സഭയിൽ, ഇപ്പോഴത്തെ അനുപാതമനുസരിച്ച് സീറ്റുകൾ വിഭജിക്കുകയാണെങ്കിൽ ഉത്തർപ്രദേശിലെ സീറ്റെണ്ണം നിലവിലെ എൺപതിൽനിന്ന് 125 ആയും കേരളത്തിലേത് നിലവിലെ ഇരുപതിൽനിന്ന് മുപ്പത്തിയൊന്നായും ഉയരും. എന്നാൽ, 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതം കണക്കിലെടുക്കുമ്പോൾ ഉത്തർപ്രദേശിലൈ ലോക്‌സഭാസീറ്റുകളുടെ എണ്ണം 138 ആയി ഉയരും; കേരളത്തിലേത് വെറും ഇരുപത്തിമൂന്നായും. തമിഴ്‌നാട്ടിൽ ലോക്‌സഭാസീറ്റെണ്ണം മുപ്പത്തിയൊൻപതിൽനിന്ന് നിലവിലെ അനുപാതപ്രകാരം അറുപത്തിയൊന്നായി ഉയരേണ്ടസ്ഥാനത്ത്, 2011-ലെ ജനസംഖ്യാകണക്കുപ്രകാരം അമ്പതായിട്ടാണ് ഉയരുക. ഉത്തർപ്രദേശിനുപുറമേ ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ ലോക്‌സഭാസീറ്റെണ്ണം ഗണ്യമായി ഉയരും. സ്വാഭാവികമായും ഇത് ബി.ജെ.പി.ക്കു രാഷ്ട്രീയനേട്ടമാകും. വനിതാസംവരണമെന്ന ആകർഷകസാധ്യതയുടെ മറവിൽ സ്വന്തം രാഷ്ട്രീയലാക്ക് ഒളിച്ചുകടത്തുകയാണ് ബി.ജെ.പി.യെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അതുകൊണ്ടാണ്. മണ്ഡലപുനർനിർണയക്കമ്മിഷന്റെ തീരുമാനങ്ങളെ കോടതിയിൽപ്പോലും ചോദ്യംചെയ്യാനാകില്ലെന്ന വസ്തുതകൂടി ഇതിനോടു ചേർത്തുവായിക്കുമ്പോൾ ചതിയുടെ ചിത്രം കൂടുതൽ വ്യക്തമാകും. To advertise here, Published: 16 Apr 2026, 11:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
