Last Updated: 24 Mar 2026, 11:12 pm IST 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലാണെങ്കിൽത്തന്നെയും മണ്ഡലപുനർനിർണയത്തിന് ഏറെ സമയവും സാവകാശവും ആവശ്യമായിവരും ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാസംവരണം ഏർപ്പെടുത്താനുള്ള നിയമവും അതിനുവേണ്ടിയുള്ള 106-ാം ഭരണഘടനാഭേദഗതിയും 2023-ൽ പാസാക്കുമ്പോൾ, അത് ഉടനെ നടപ്പാകില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്രഭരണാധികാരികൾ ശ്രദ്ധവെച്ചിരുന്നു. 2026-നുശേഷം നടക്കുന്ന കാനേഷുമാരിയും അതിലെ ജനസംഖ്യാകണക്കിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയവും പൂർത്തിയായശേഷംമാത്രമേ നിർദിഷ്ട വനിതാസംവരണം നടപ്പാക്കേണ്ടതുള്ളൂവെന്ന് ഈ നിയമത്തിലെ അഞ്ചാംവകുപ്പിൽ നിഷ്കർഷിച്ചു. പുതിയ ജനസംഖ്യാകണക്കെടുപ്പോടെ ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാമെന്നും അപ്പോൾ നിലവിൽ പുരുഷരാഷ്ട്രീയക്കാർക്കു ലഭിക്കുന്ന സീറ്റുകൾ കുറയ്ക്കാതെത്തന്നെ വനിതാസംവരണം നടപ്പാക്കാമെന്നുമായിരുന്നു ഇതിന്റെപിന്നിലെ കണക്കുകൂട്ടൽ. എന്നാൽ, കാനേഷുമാരിയും അതിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയവും കഴിയുമ്പോഴേക്ക് വർഷങ്ങളെടുക്കുമെന്നും അങ്ങനെയെങ്കിൽ 2034-ലെ ലോക്‌സഭാതിരഞ്ഞെടുപ്പോടെമാത്രമേ നിർദിഷ്ടസംവരണം ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയൂവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ വാദം കണക്കിലെടുത്തായിരിക്കാം, 2029-ലെ ലോക്‌സഭാതിരഞ്ഞെടുപ്പാകുമ്പോഴേക്കുതന്നെ നിർദിഷ്ട വനിതാസംവരണം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ. അടുത്തവർഷം നടക്കുന്ന കാനേഷുമാരിക്കായി കാത്തുനിൽക്കാതെ, 2011-ലെ കാനേഷുമാരി കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭാ-നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് വനിതാസംവരണം നടപ്പാക്കാനാണ് നീക്കം. ഇതിന് ഭരണഘടന വീണ്ടും ഭേദഗതിചെയ്യേണ്ടിവരും. ഇതിനായുള്ള ബിൽ പാർലമെന്റിൽ ഉടൻ കൊണ്ടുവന്നേക്കും. ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന നടപ്പുസമ്മേളനത്തിലോ അല്ലെങ്കിൽ പ്രത്യേകസമ്മേളനം വിളിച്ചോ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലെ അംഗസംഖ്യ നിലവിലെ 543-ൽനിന്ന് 816 ആക്കി ഉയർത്താനും അതിൽ 273 സീറ്റ് വനിതകൾക്കായി നീക്കിവെക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. നിയമസഭകളിലും ഇതേ രീതി അവലംബിക്കും. മണ്ഡലപുനർനിർണയം സങ്കീർണവും ഭാരമേറിയതുമായ പ്രക്രിയയാണ്. 2011-ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തിലാണെങ്കിൽത്തന്നെയും ആ പ്രക്രിയക്ക് ഏറെ സമയവും സാവകാശവും ആവശ്യമായിവരും; പ്രത്യേകിച്ച്, മണ്ഡലങ്ങളുടെ എണ്ണം വളരെയേറെ വർധിപ്പിക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നാല് മണ്ഡലപുനർനിർണയ കമ്മിഷനുകളാണ് ഉണ്ടായിട്ടുള്ളത്. അവയെല്ലാം ജോലി പൂർത്തിയാക്കാൻ വർഷങ്ങളെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2002-ൽ നിയുക്തമായ കമ്മിഷൻ ആറുവർഷംകൊണ്ടാണ് ജോലിതീർത്തത്. മണ്ഡലങ്ങളുടെ എണ്ണംകൂട്ടാനല്ല, അതിർത്തികൾ മാറ്റിവരയ്ക്കാനുള്ള ദൗത്യംമാത്രമേ ഈ കമ്മിഷന് ഉണ്ടായിരുന്നുള്ളൂവെന്നുകൂടി ഓർക്കണം. ഇപ്പോൾ രൂപവത്കരിക്കാൻപോകുന്ന മണ്ഡലപുനർനിർണയക്കമ്മിഷന്, 2029-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുമുൻപ് ചുമതല പൂർത്തിയാക്കണമെന്നുണ്ടെങ്കിൽ, എത്രത്തോളം ശാസ്ത്രീയമായും സുചിന്തിതമായും നീതിപൂർവമായും അതു ചെയ്യാനാകുമെന്ന സംശയം ബാക്കിനിൽക്കുന്നു. 2023-ൽ നിയമം കൊണ്ടുവന്നപ്പോൾത്തന്നെ, നിലവിലുള്ള സീറ്റുകളിൽ മുപ്പത്തിമൂന്നുശതമാനം വനിതകൾക്കായി സംവരണംചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടിയിരുന്നത്. പിന്നീട് കാനേഷുമാരിക്കും മണ്ഡലപുനർനിർണയത്തിനുംശേഷം സഭകളിലെ സീറ്റെണ്ണവും ആനുപാതികമായി വനിതാസംവരണസീറ്റുകളുടെ എണ്ണവും വർധിപ്പിച്ചാൽമതിയായിരുന്നു. ഇപ്പോൾ മണ്ഡലപുനർനിർണയം നടത്തിയാൽ, വരാനിരിക്കുന്ന കാനേഷുമാരിയുടെ അടിസ്ഥാനത്തിൽ വീണ്ടുമൊന്ന് അനിവാര്യമാകുകയുംചെയ്യും. 2023-ലെ നിയമത്തിൽ നിഷ്കർഷിച്ച മുപ്പത്തിമൂന്നുശതമാനം വനിതാസംവരണത്തിൽ പട്ടികവിഭാഗവനിതകൾക്ക് പ്രത്യേകസംവരണമുണ്ടെങ്കിലും മറ്റു പിന്നാക്കവിഭാഗ(ഒ.ബി.സി.)ങ്ങളിലെ വനിതകൾക്കു സംവരണം വ്യവസ്ഥചെയ്തിട്ടില്ല. രാജ്യത്തെ സ്ത്രീജനസംഖ്യയിലെ നാല്പതുശതമാനം ഒ.ബി.സി. വനിതകളാണെന്ന വസ്തുത ഈ നിയമത്തിന്റെ രൂപകർത്താക്കൾ കണക്കിലെടുത്തിട്ടില്ലെന്ന് അർഥം. അതുപോലെ, രാജ്യസഭയിലും സംസ്ഥാന നിയമനിർമാണ കൗൺസിലുകളിലും വനിതാസംവരണത്തിന് 2023-ലെ നിയമം വ്യവസ്ഥചെയ്തിട്ടില്ല. പുരോഗമനസ്വഭാവമുള്ളതും ജനാധിപത്യത്തെ കൂടുതൽ അർഥവത്താക്കുന്നതുമായൊരു നീക്കത്തിന്റെ പരിധിയിൽനിന്ന് ഈ ഉപരിസഭകളെ മാറ്റിനിർത്തുന്നത് ശരിയല്ല. പുതുക്കിയ ബിൽ കൊണ്ടുവരുമ്പോൾ ഈ ന്യൂനതകൾ പരിഹരിച്ചാൽ നന്ന്. To advertise here, Published: 24 Mar 2026, 11:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
