മൈസൂരു : വന്യജീവി ആക്രമണം രൂക്ഷമായ കുടകിൽ ആക്രമണകാരിയായ കൊമ്പനാനയെ വനംവകുപ്പ് പ്രത്യേക ദൗത്യത്തിലൂടെ പിടികൂടി. കുടകിൽ പത്ത് ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. To advertise here, ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് നാട്ടിലിറങ്ങിയ കാട്ടാനകളെ പിടികൂടാൻ വനം വകുപ്പ് ഊർജിത ശ്രമം ആരംഭിച്ചത്. അഞ്ച് ദിവസം മുമ്പ് ഒരു ആനയെ പിടികൂടിയിരുന്നു. ഞായറാഴ്ച മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ദൗത്യത്തിലൂടെ 35-വയസ്സുള്ള കൊമ്പനാനയെയാണ് കീഴടക്കിയത്. അഭിമന്യു, മഹേന്ദ്ര, കാഞ്ചൻ, ഭീമ, സുഗ്രീവ, ഹർഷ എന്നീ ആറ് മെരുക്കിയ ആനകളുടെ സഹായത്തോടെ 100-ലധികം വനം വകുപ്പ് ജീവനക്കാർ ദൗത്യത്തിൽ പങ്കെടുത്തു. വീരാജ്‌പേട്ടയിലെ കുക്‌ലൂർ ഗ്രാമത്തിലെ ഒരു എസ്റ്റേറ്റിന് സമീപമാണ് ആനയെ കണ്ടെത്തിയത്. മൃഗഡോക്ടർ ഡോ. രമേശ് ആനകളുടെ സഹായത്തോടെ കൊമ്പനാനയെ ശാന്തമാക്കി മെരുക്കുകയായിരുന്നു. തുടർന്ന് കൊമ്പനെ മെരുക്കിയ ആനകളുടെ സഹായത്തോടെ ലോറിയിലേക്ക് മാറ്റി. സി.സി.എഫ്. സോണാൽ വൃഷ്ണി, വിരാജ്‌പേട്ട് ഡി.സി.എഫ്. ജഗനാഥ്, മടിക്കേരി ഡി.സി.എഫ്. എന്നിവർ ദൗത്യത്തിന് നേതൃതം നൽകി. പിടികൂടിയ ആനയെ മതിഗോട് ആന ക്യാമ്പിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മനുഷ്യ-മൃഗ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ കുടക് കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജനങ്ങൾ നിയമം കൈയിലെടുക്കുമെന്നും മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും വിരാജ്‌പേട്ട എം.എൽ.എ.യുമായ എ.എസ്. പൊന്നണ്ണ നിയമസഭയിൽ അറിയിച്ചിരുന്നു. ആനകൾ, പുള്ളിപ്പുലികൾ, കടുവകൾ എന്നിവകളുടെ ആക്രമണം കാരണം ജില്ലയിൽ ഭീതി പടർന്നിരിക്കുകയാണെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനകളെ പിടികൂടാൻ വനംവകുപ്പ് പ്രത്യേക ദൗത്യം പിടികൂടിയത്.

വന്യജീവി ആക്രമണം; കുടകിൽ ആക്രമണകാരിയായ കൊമ്പനാനയെ പിടികൂടി
M
MathrubhumiSource Link
about 2 months ago