വയനാട്ടുകുലവൻ തെയ്യംകെട്ടും വോട്ടെടുപ്പും ഒരുദിവസം; സംഘാടകരും അധികൃതരും നെട്ടോട്ടത്തിൽ

വയനാട്ടുകുലവൻ തെയ്യംകെട്ടും വോട്ടെടുപ്പും ഒരുദിവസം; സംഘാടകരും അധികൃതരും നെട്ടോട്ടത്തിൽ

M
MathrubhumiSource Link
തെയ്യംകെട്ട് വേദിയും പോളിങ് ബൂത്തും തമ്മിൽ അകലം 150 മീറ്റർ To advertise here, പാലക്കുന്ന് : വോട്ടെടുപ്പ് കേന്ദ്രത്തിനടുത്തുതന്നെ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവം. രണ്ടും വഴിയാംവിധം നടത്താനുള്ള തയ്യാറെടുപ്പുമായി അധികൃതരും സംഘാടകരും നിയമപാലകരും നെട്ടോട്ടത്തിൽ. ഏപ്രിൽ ഏഴിന് തുടങ്ങി ഒൻപതിന് അവസാനിക്കും വിധം ഒരുവർഷം മുൻപ് തീയതി നിശ്ചയിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രപരിധിയിലെ ചേറ്റുകുണ്ട് മീത്തൽ വീട് തറവാട്ടിലെ തെയ്യംകെട്ട് ഉത്സവം. അതിനിടെയാണ് ഒൻപതിന് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. ഉദുമ നിയോജക മണ്ഡലത്തിലെ നാല് പോളിങ് ബൂത്തുകളുള്ള ആർ.ആർ.എം. ഗവ. യു.പി. സ്കൂളും ചേറ്റുകുണ്ട് മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവത്തിന്റെ മറക്കളവും തമ്മിലുള്ള അകലം 150 മീറ്റർ മാത്രം. തെയ്യംകെട്ടിന്റെ പ്രധാന ചടങ്ങായ ബപ്പിടൽ എട്ടിന് രാത്രിയാണ്. അന്ന് തന്നെയാണ് തൊട്ടപ്പുറത്ത് പോളിങ് സ്റ്റേഷൻ ക്രമീകരിക്കേണ്ടത്. രണ്ട് പരിപാടികളും ഭംഗിയായി നടക്കാനും ഒൻപതിന് വോട്ട്‌ ചെയ്യാൻ പോകുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ വയനാട്ടുകുലവന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും മറപിളർക്കലും നടത്താനും വേണ്ട തയ്യാറെടുപ്പുകളാണ് എല്ലാവരും ചേർന്ന് നടത്തുന്നത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ ബൂത്ത്‌ ഏജന്റുമാരും തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. തെയ്യംകെട്ട് വേദിക്കരികിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയോരത്ത് തെയ്യംകെട്ടിനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിങ് ഏർപ്പെടുത്തും. ശബ്ദക്രമീകരണമുണ്ടാകും. വോട്ടെടുപ്പ് ദിനമാകയാൽ പോലീസിന്റെ സേവനം മറ്റ് തെയ്യംകെട്ടുത്സവങ്ങളിലേതുപോലെ ഉണ്ടാകില്ല. അതിനാൽ 300-ലധികം വൊളന്റിയർമാർക്ക് പുറമേ 20 സുരക്ഷാജീവനക്കാരെയും ഏർപ്പാടാക്കിയതായി തെയ്യം കെട്ട് ആഘോഷകമ്മിറ്റി ചെയർമാൻ പറഞ്ഞു. ബേക്കൽ ഡിവൈ.എസ്.പി. എം.പി. ആസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുനിൽകുമാർ, കാഞ്ഞങ്ങാട് ആർ.ഡി.ഒ. കെ.ആർ. മനോജ്, ബേക്കൽ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, പള്ളിക്കര വില്ലേജ് ഓഫീസർ എം. പ്രീതി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ തെയ്യംകെട്ട് സംഘാടകസമിതി ഓഫീസിൽ എത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ തറവാട്ടിൽ ചേർന്ന യോഗത്തിൽ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും തറവാട് അംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. ബേക്കൽ എസ്.ഐ. സി. ബാബു, സുകുമാരൻ ചേറ്റുകുണ്ട്, പി. രാജൻ, സുകുമാരൻ പൂച്ചക്കാട്, വിവേക് ചേറ്റുകുണ്ട്, രാജു ഇട്ടമ്മൽ, മിനി ഭാസ്കരൻ എന്നിവർ സംസാരിച്ചു. പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവവും തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് ദിവസം തന്നെ നടക്കുന്ന തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിലെ വാർഷിക പ്രതിഷ്ഠാദിന ഉത്സവാഘോഷവും പോലീസ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തും. ഇവിടെയും ഏപ്രിൽ എട്ടിന് തുടങ്ങി ഒൻപതിന് ഉത്സവം സമാപിക്കും. ക്ഷേത്രവുമായി അതിര് പങ്കിടുന്ന തിരുവക്കോളി ഗവ. എൽ. പി. സ്കൂളിൽ നാല് ബൂത്തുകൾ ഉണ്ട്. അതിനാൽ സ്കൂളിനെയും ക്ഷേത്രത്തിനെയും ബന്ധിപ്പിക്കുന്ന കിഴക്കുഭാഗത്തെ കവാടം പൂട്ടിയിടും. പൊതുനിരത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കടക്കാനുള്ള വടക്കുഭാഗത്തെ വഴിയിലൂടെ മാത്രം ജനങ്ങൾക്ക് പോക്കുവരവ് ക്രമീകരിക്കും. ഉച്ചഭാഷിണിയും തായമ്പകയും സ്റ്റേജിന പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ആഘോഷങ്ങളിൽ മിതത്വം പാലിക്കും. ഉത്സവത്തിന്‍റെ അനുഷ്ഠാനചടങ്ങുകൾ വിധിയാംവണ്ണം നടത്തും. കലവറ നിറയ്ക്കൽ ഉണ്ടാകില്ല. ഒൻപതിന് നിശ്ചയിച്ചിരുന്ന തിരുമുൽക്കാഴ്ച സമർപ്പണം എട്ടിന് നടത്തും. രണ്ട് ദിവസവും അന്നദാനമുണ്ടാകും. ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ പ്രഭാകരൻ പാറമ്മൽ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.പി. ജയകൃഷ്ണൻ എന്നിവർ പോലീസ് അധികൃതരുമായി ചർച്ച നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയനാട്ടുകുലവൻ തെയ്യംകെട്ടും വോട്ടെടുപ്പും ഒരുദിവസം; സംഘാടകര… | Boolokam