പാലന്റീറിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ മേവൻ സ്മാർട് സിസ്റ്റത്തെ (Maven) സൈന്യത്തിന്റെ അംഗീകൃത സംവിധാനമായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ). ഭാവിയിൽ സൈനിക നീക്കങ്ങൾക്കിടെ ലക്ഷ്യങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും ആക്രമണങ്ങൾ തടയുന്നതിനും യുദ്ധമുഖത്ത് അതിവേഗം തീരുമാനങ്ങൾ എടുക്കുന്നതിനും ഈ എഐ സംവിധാനം യുഎസ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമീപകാലത്ത് ഇറാനെതിരെ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ ഇതിനകം മേവൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തീരുമാനങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നാണ് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. മേവൻ എഐ സംവിധാനത്തിന് അനുമതി നൽകിയതിലൂടെ യുദ്ധരംഗത്തെ എഐ ഉപയോഗത്തിന് ഔദ്യോഗിക തുടക്കം പ്രഖ്യാപിക്കുക കൂടിയാണ് യുഎസ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് മേവൻ എന്നും അതിന്റെ സാധ്യതകൾ എന്തെല്ലാമെന്നും പരിശോധിക്കാം. To advertise here, പദ്ധതിയുടെ തുടക്കം 2017-ൽ 'അൽഗോരിതമിക് വാർഫെയർ ക്രോസ് ഫങ്ഷണൽ ടീം' എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയിൽ ആദ്യം പരിഗണിച്ചത് ഗൂഗിളിനെയാണ്. എന്നാൽ 2018-ൽ ഗൂഗിൾ പ്രോജക്ട് മേവൻ (Project Maven) പദ്ധതിയിൽനിന്ന് പിന്മാറിയതോടെയാണ് പാലന്റീർ ഈ രംഗത്ത് സജീവമായത്. ഡാറ്റാ വിശകലന രംഗത്ത് മുൻപന്തിയിലുള്ള സ്ഥാപനങ്ങളിലൊന്നായ പാലന്റീർ ടെക്നോളജി, ഭരണകൂടങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും ആവശ്യമായ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ നിർമിച്ചുനൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024 മേയ് മാസത്തിൽ 48 കോടി ഡോളറിന്റെ അഞ്ചുവർഷത്തെ കരാർ പാലന്റീറിന് ലഭിച്ചു. പിന്നീട് 2025 മേയ് മാസത്തിൽ ഈ കരാർ തുക 130 കോടി ഡോളറായി ഉയർത്തപ്പെട്ടു. എന്താണ് മേവൻ? യുഎസ് സൈന്യത്തിന്റെ യുദ്ധതന്ത്രങ്ങളിൽ സഹായിയായി ഉപയോഗിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനമാണ് മേവൻ. ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, റഡാറുകൾ, സെൻസറുകൾ എന്നിവയിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് യുദ്ധമുഖത്തെ ഭീഷണികളും ലക്ഷ്യങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കമാൻഡ് ആൻഡ് കൺട്രോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമാണ് മേവൻ. ഇതുവഴി ഒൻപതോളം വ്യത്യസ്ത സൈനിക ഇന്റലിജൻസ് സംവിധാനങ്ങളെ ഒരു പ്ലാറ്റ്‌ഫോമിൽ സമന്വയിപ്പിക്കാൻ സാധിക്കുന്നു. ഇറാനെതിരെ സമീപകാലത്ത് യുഎസ് നടത്തിയ സുപ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഈ സംവിധാനം ഇതിനോടകം ഉപയോഗിച്ചിട്ടുണ്ട്. ഇറാനിലെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി (Operation Epic Fury) എന്ന സൈനിക നീക്കത്തിനിടെ വെറും 24 മണിക്കൂറിനുള്ളിൽ 1,000 ലക്ഷ്യങ്ങൾ കണ്ടെത്താൻ ഈ സംവിധാനം സഹായിച്ചു. മുമ്പ് വിവിധ നിരീക്ഷണ സംവിധാനങ്ങളിൽനിന്നും രഹസ്യ ഏജൻസികളിൽ നിന്നുമെല്ലാം ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ഏതെല്ലാം ശത്രുകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തേണ്ടതെന്ന് തീരുമാനിക്കാൻ ദിവസങ്ങൾ വേണ്ടിവരുമായിരുന്നു. എന്നാൽ ആ പ്രക്രിയ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ എഐയുടെ സഹായത്തോടെ സാധിക്കുന്നു. യുക്രെയ്നിൽ റഷ്യൻ സൈനിക വാഹനങ്ങളെയും കെട്ടിടങ്ങളെയും തിരിച്ചറിയാനും യെമനിലെ റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്താനും റെഡ് സീയിലെ കപ്പലുകൾ നിരീക്ഷിക്കാനും മേവൻ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധത്തിന് പുറമെ, അലാസ്കയിലെ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളിലും ഹെലൻ കൊടുങ്കാറ്റിന്റെ സമയത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ സംവിധാനം സഹായിച്ചിട്ടുണ്ട്. വിമർശനങ്ങളും വെല്ലുവിളികളും മനുഷ്യന്റെ ഇടപെടലില്ലാതെ എഐ ഉപയോഗിച്ച് ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ ധാർമികവും നിയമപരവുമായ വെല്ലുവിളികളുണ്ടെന്നാണ് യുഎൻ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ മേവൻ സ്വയം മാരകമായ ആക്രമണത്തിനുള്ള തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും ആക്രമണ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന്റേയും ആക്രമണം നടത്താനുള്ള തീരുമാനങ്ങളെടുക്കുന്നതിന്റേയും ഉത്തരവാദിത്വം മനുഷ്യർക്ക് തന്നെയായിരിക്കുമെന്ന് പാലന്റീർ അവകാശപ്പെടുന്നു. എന്നാൽ സൈനികർ എഐയുടെ നിർദേശങ്ങൾ അന്ധമായി വിശ്വസിക്കുകയും സ്വന്തം വിവേചനാധികാരം ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് അപകടമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അടുത്തിടെ ഇറാനിലെ ഒരു വിദ്യാലയത്തിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ 165 കുട്ടികൾ കൊല്ലപ്പെട്ട സംഭവം പഴയ സൈനിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഐ നൽകിയ വിവരങ്ങൾ മനുഷ്യർ ശരിയായി പരിശോധിക്കാത്തതുകൊണ്ടാണ് എന്ന ആരോപണമുണ്ട്. ആന്ത്രോപിക്കുമായുള്ള കരാർ 2024-ലാണ് പാലന്റീർ എഐ കമ്പനിയായ ആന്ത്രോപിക്കുമായി പങ്കാളിത്തം ഉറപ്പിച്ചത്. ആന്ത്രോപിക്കിന്റെ ക്ലോഡ് എന്ന എഐ മോഡൽ പാലന്റീറിന്റെ എഐ സോഫ്റ്റ്‌വെയറുകളിൽ ഉപയോഗിക്കുന്നതിനുവേണ്ടിയായിരുന്നു ഈ സഹകരണം. വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന എഐ മോഡൽ എന്ന നിലയ്ക്കാണ് പാലന്റീർ ക്ലോഡിനെ ആശ്രയിച്ചത്. എന്നാൽ സമീപകാലത്ത് ആന്ത്രോപിക്കും പെന്റഗണും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ക്ലോഡിനെ യുഎസിന്റെ രഹസ്യ സൈനിക ഉപയോഗങ്ങളിൽനിന്ന് വിലക്കിയിരുന്നു. എഐ മോഡലുകളുടെ അനിയന്ത്രിതമായ ഉപയോഗത്തിന് അനുവദിക്കണമെന്ന പെന്റഗണിന്റെ ആവശ്യം ആന്ത്രോപിക് തള്ളിയതാണ് പ്രശ്നമായത്. തങ്ങളുടെ എഐ മോഡൽ ആഭ്യന്തര നിരീക്ഷണത്തിനും ഓട്ടോമേറ്റഡ് ആയുധങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഉപയോഗിക്കുമോ എന്ന ആശങ്കയും ഉയർത്തിയായിരുന്നു ആന്ത്രോപിക്കിന്റെ എതിർപ്പ്. ഇത് ട്രംപിന്റെ അതൃപ്തിക്കിടയാക്കുകയും ആന്ത്രോപിക്കിനെ ഒരു 'സപ്ലൈ ചെയിൻ റിസ്ക്' (supply chain risk) ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ക്ലോഡിന് പകരം ഓപ്പൺ എഐയുടെ എഐ മോഡലുകൾ ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എഐയുടെ സുരക്ഷാ മാനദണ്ഡങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അടുത്ത ആറു മാസത്തിനുള്ളിൽ ആന്ത്രോപിക്കിന്റെ സേവനങ്ങൾ സൈനിക സംവിധാനങ്ങളിൽനിന്ന് പൂർണ്ണമായും ഒഴിവാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ആന്ത്രോപിക് പോയതിന് പിന്നാലെ ഓപ്പൺ എഐയുമായി പെന്റഗൺ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ മേവൻ സംവിധാനങ്ങളിൽനിന്ന് ആന്ത്രോപിക്കിനെ മാറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും മേവനെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തോടെ പാലന്റീറിന്റെ ഓഹരി വില വർധിക്കുകയും വിപണി മൂല്യം ഏകദേശം 360 ബില്യൺ ഡോളറിലെത്തുകയും ചെയ്തു. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസിനായിരിക്കും ഇനി മേവന്റെ മേൽനോട്ടം. യുദ്ധരംഗത്ത് വിവരങ്ങൾ അതിവേഗം വിശകലനം ചെയ്യാനുള്ള മാവന്റെ കഴിവ് ആധുനിക യുദ്ധമുറകളിൽ നിർണ്ണായകമാകുമെന്നാണ് പെന്റഗൺ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. സൈന്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ എഐയെ ഒരു അടിസ്ഥാനശിലയായി മാറ്റാനും പതിയെ എഐ അധിഷ്ഠിത യുദ്ധത്തിലേക്ക് ചുവടുവെക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്നത് എഐ യുദ്ധം! ശത്രുകേന്ദ്രങ്ങൾ തരിപ്പണമാവും; എന്താണ് പാലന്റീറിന്റെ ‘മേവൻ’ എഐ സിസ്റ്റം?
M
MathrubhumiSource Link
about 2 months ago