വരിനെല്ല് ഭീഷണിയിൽ കുരട്ടിശ്ശേരി പാടശേഖരം

വരിനെല്ല് ഭീഷണിയിൽ കുരട്ടിശ്ശേരി പാടശേഖരം

M
MathrubhumiSource Link
കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ To advertise here, മാന്നാർ : കുരട്ടിശ്ശേരി വില്ലേജിലെ പാടശേഖരങ്ങൾ വരിനെല്ല് ഭീഷണിയിൽ. ആകെ 1556 ഏക്കർ വിസ്തൃതിയുള്ള കുരട്ടിശ്ശേരി പാടശേഖരത്തിൽ നിലവിൽ 700 ഏക്കറോളം സ്ഥലത്താണ് കൃഷിയുള്ളത്. എന്നാൽ, പകുതിയിലധികം സ്ഥലത്തും വരിനെല്ല് പടർന്നതോടെ കർഷകർ കൃഷിയുപേക്ഷിച്ചു. നെൽക്കൃഷിയുള്ള ഇടങ്ങളിൽ വരിനെല്ലുകാരണം വിളവെടുപ്പ് അനിശ്ചിതത്വത്തിലായി. ഈ സ്ഥിതി തുടർന്നാൽ വരുംവർഷങ്ങളിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. സാധാരണ നെല്ലിനോടുസാമ്യമുള്ളതും എന്നാൽ, കൃഷിയെ നശിപ്പിക്കുന്നതുമായ വിനാശകാരിയായ കളയാണ് വരിനെല്ല്. ഇതിന്റെ വിത്തുകൾ നെല്ല് വിളയുന്നതിനുമുൻപേ പാടത്തേക്കു കൊഴിഞ്ഞുവീഴുന്നതിനാൽ അടുത്ത സീസണിലും ഇവ വൻതോതിൽ മുളച്ചുപൊങ്ങും. സാധാരണ നെൽച്ചെടിയെക്കാൾ ഉയരത്തിൽ വളരുന്ന ഇവ കൃഷിക്കാവശ്യമായ വളവും വെള്ളവും സൂര്യപ്രകാശവും കവർന്നെടുക്കുന്നു. വളർച്ചയുടെ ആദ്യഘട്ടത്തിൽ സാധാരണ നെല്ലും വരിനെല്ലും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത് ഇവയെ നശിപ്പിക്കുന്നതു ബുദ്ധിമുട്ടിലാക്കുന്നു. വരിനെല്ല് നശിപ്പിക്കാൻ ശാസ്ത്രീയമായ ഏക മാർഗം സ്റ്റെയിൽ സീഡ് ബെഡ് രീതിയാണ്. വെള്ളംകയറ്റി നിലം നന്നായി ഉഴുതശേഷം പത്തുമുതൽ 14 ദിവസം വരെ വെറുതേയിടുകയും അപ്പോൾ മുളച്ചുവരുന്ന വരിനെല്ലിനെ വീണ്ടും ഉഴുതോ ലഘുവായ കളനാശിനികൾ ഉപയോഗിച്ചോ നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിനുശേഷമേ പ്രധാന കൃഷിയിറക്കാവൂ. എന്നാൽ, കുരട്ടിശ്ശേരിയിൽ ഈ രീതി പ്രായോഗികമാക്കാൻ ബണ്ടുകളുടെ ബലക്ഷയം വലിയ തടസ്സമാകുന്നു. നിലവിൽ മുക്കം വാലേൽ ബണ്ട് വാലേൽ ഭാഗത്ത് അവസാനിക്കുകയാണ്. ഇത് ഏകദേശം രണ്ടരക്കിലോമീറ്റർകൂടി നീട്ടി ബലപ്പെടുത്തിയാൽമാത്രമേ ശാസ്ത്രീയമായ രീതിയിൽ വരിനെല്ലുനിയന്ത്രണം സാധ്യമാകൂയെന്ന്‌ കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇടപുഞ്ച പടിഞ്ഞാറ്, ഇടപുഞ്ച കിഴക്ക്, കുടവെള്ളാരി എ, കുടവെള്ളാരി ബി, കണ്ടങ്കേരി, വേഴത്താർ, നാലുതോട്, അടിയോടിച്ചാൽ, കോയിക്കൽ പള്ളം എന്നീ പാടശേഖരങ്ങളാണ് കുരട്ടിശ്ശേരി വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പലയിടങ്ങളും കൃഷിചെയ്യാതെ തരിശായിക്കിടക്കുകയാണ്. തരിശുകിടക്കുന്ന പാടങ്ങളിൽ താമരക്കോഴികളുടെ ശല്യം വർധിക്കുന്നത് സമീപത്തെ കൃഷിയിടങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. തരിശുകിടക്കുന്ന പാടങ്ങളിൽ കൃഷി പുനരാരംഭിക്കുകയും ബണ്ടുകൾ ബലപ്പെടുത്തി വരിനെല്ല് നിർമാർജനം ചെയ്യുകയും ചെയ്താൽ മാത്രമേ മാന്നാറിലെ നെൽക്കൃഷിയെ സംരക്ഷിക്കാൻ കഴിയൂയെന്ന്‌ കർഷകർ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരിനെല്ല് ഭീഷണിയിൽ കുരട്ടിശ്ശേരി പാടശേഖരം — Mathrubhumi | B… | Boolokam