വരുമോ, മോതിരക്കടവ് പാലം

വരുമോ, മോതിരക്കടവ് പാലം

പരമ്പര-1 To advertise here, രാമൻപുഴ കടക്കാൻ അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് രാമൻപുഴയുടെ തീരങ്ങളിൽ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കുമെന്ന പ്രതീക്ഷയിൽ ഒരു നാട് കാത്തിരിപ്പിലാണ്. പുഴയ്ക്കപ്പുറം യാത്ര സുഗമമാക്കുന്ന പാലം യാഥാർഥ്യമായാൽ അത് പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്താകും. തലമുറകളായി കൈമാറിവന്ന ഈ സ്വപ്നം പൂവണിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. ജനങ്ങളുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രത്യാശയോടെ, മോതിരക്കടവ് പാലത്തിനായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഒരന്വേഷണം ഉള്ളിയേരി: ഒരു പുഴയ്ക്കപ്പുറം വികസനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നുനിൽപ്പുണ്ട്. എന്നാൽ, ആ പുഴ കടക്കാൻ വഴികളില്ലാതെ അൻപതുവർഷമായി കാത്തിരിക്കുകയാണ് ഉള്ളിയേരി ഒറവിൽ നിവാസികൾ. ഉള്ളിയേരി-നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് രാമൻപുഴയ്ക്കുകുറുകെ മോതിരക്കടവ് പാലം പണിയണമെന്ന ആവശ്യത്തിന് കക്കോടി ബ്രാഞ്ച് കനാൽ നിലവിൽവന്ന 1975 മുതൽ പഴക്കമുണ്ട്. കഴിഞ്ഞ 10 വർഷത്തോളമായി ഈ പാലത്തിനായി ശക്തമായ ആവശ്യമുയരുന്നു. ഭരണകൂടങ്ങൾ മാറിവന്നിട്ടും നാട്ടുകാരുടെ ദുരിതയാത്രയ്ക്കുമാത്രം അറുതിയായിട്ടില്ല. നിലവിൽ രാമൻപുഴയിലൂടെ കടന്നുപോകുന്ന ഒറവിൽ അക്വഡക്ട്‌ (നീർപ്പാലം) വഴിയാണ് കനാൽജലം മറുകരയിലേക്ക് ഒഴുകുന്നത്. ഈ അക്വഡക്ടിന് സമാന്തരമായി വാഹനഗതാഗതത്തിന് അനുയോജ്യമായ പാലം വേണമെന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. നിലവിൽ പുഴ കടക്കാൻ കടത്തുതോണി സൗകര്യങ്ങളോ മറ്റൊന്നുംതന്നെയില്ല. സാഹസികമായി അക്വഡക്ടിന് മുകളിലൂടെയാണ് നാട്ടുകാർ മറുകര പറ്റുന്നത്. കൈവരികളില്ലാത്തതും സ്പാനുകൾക്കുമുകളിൽ ഉയർത്തിപ്പണിതതുമായ അക്വഡക്ടിലൂടെയുള്ള യാത്ര ഏതുനിമിഷവും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. കക്കോടി ബ്രാഞ്ച് കനാൽ റോഡുകൾ പുഴയുടെ ഇരുവശത്തും വന്നെത്തുന്നുണ്ടെങ്കിലും പാലമില്ലാത്തതിനാൽ ഇവ കൂട്ടിമുട്ടുന്നില്ല. റോഡുകൾ കാടുകയറുന്നു നടുവണ്ണൂർ പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലെ വിളയാട്ടേരിമീത്തൽ ഭാഗം മുതൽ പുഴയോരം വരെയും മറുകരയിൽ ഒറവിൽ മുതൽ ഉള്ളിയേരി 19-ാം മൈൽ വരെയുമുള്ള റോഡുകൾ ടാറിങ് നടത്തിയിട്ടില്ല. ഉള്ളിയേരി 19-ൽനിന്ന് ആരംഭിച്ച് ഒറവിൽ അക്വഡക്ടുവരെ മൂന്നരക്കിലോമീറ്ററോളമുണ്ട് കനാൽ റോഡ്. ഇതിൽ 140 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. രാമൻപുഴയ്ക്ക് മറുകരയിൽ നടുവണ്ണൂർ പഞ്ചായത്തിലെ വാകയാട് കനാൽപ്പാലംമുതൽ നടുവണ്ണൂർ മിനി എം.സി.എഫ്.വരെ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് 1.2 കിലോമീറ്റർ ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും ബാക്കി പുഴക്കരവരെയുള്ള ഭാഗം കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത നിലയിലാണ്. ഉത്സവക്കാലത്തെ മരപ്പാലം :മോതിരക്കടവ് ക്ഷേത്രോത്സവം വരുമ്പോൾ ഒറവിൽ ഭാഗത്തുള്ള നൂറിലധികം കുടുംബാംഗങ്ങൾക്ക് പുഴകടന്ന് ക്ഷേത്രത്തിലെത്തണം. വർഷങ്ങളായി ഇവർ അക്വഡക്ടിനുമുകളിലൂടെയുള്ള അപകടകരമായ യാത്രയായിരുന്നു നടത്തിയിരുന്നത്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ അഞ്ചുവർഷമായി ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വന്തമായി മരപ്പാലം നിർമിക്കുകയാണ്. ‘‘ഓരോ വർഷവും ഉത്സവത്തിനുമുന്നോടിയായി വലിയ സാമ്പത്തികച്ചെലവ് സഹിച്ചാണ് ഈ മരപ്പാലം പണിയുന്നത്. ഉത്സവം കഴിഞ്ഞാൽ ഇത് പൊളിച്ചുമാറ്റുകയും ചെയ്യും. ഒരു സ്ഥിരംപാലം വന്നാൽ ഈ ദുരിതം തീരുമായിരുന്നു’’ -മോതിരക്കടവ് ക്ഷേത്രം കമ്മിറ്റി ട്രഷറർ എം.കെ. ദാമോദരൻ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വരുമോ, മോതിരക്കടവ് പാലം — Mathrubhumi | Boolokam | Boolokam