എ.ആർ.നഗർ : മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തോടു വിടപറയുമ്പോൾ, തന്റെ വിദ്യാർഥികൾക്കും ഇനി സ്കൂളിലേക്കുവരുന്ന തലമുറകൾക്കും എന്തുസമ്മാനം നൽകണമെന്നതായിരുന്നു പുതിയത്തുപുറായ എ.എ.എച്ച്.എം.എൽ.പി. സ്കൂളിലെ കാമ്പ്രൻ അബ്ദുൽ മജീദെന്ന പ്രഥമാധ്യാപകന്റെ ചിന്ത. കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) സംസ്ഥാന പ്രസിഡന്റ് കൂടിയായ കാമ്പ്രൻ അബ്ദുൽ മജീദിന്റെ മനസ്സിൽ ഇങ്ങനെയൊരു ആശയം പിറവിയെടുത്തു. കുട്ടികൾക്കെല്ലാം ഓരോ പുസ്തകങ്ങൾ സമ്മാനിക്കുക. അവരതു വായിച്ചശേഷം അധ്യാപകനോടുള്ള സ്നേഹസ്മരണികയായി സ്കൂളിലെ ഗ്രന്ഥശാലയിലേക്ക് തിരിച്ചേൽപ്പിക്കുക. അങ്ങനെ, അറിവിന്റെ വിശാലലോകം തലമുറകളിലേക്ക് കൈമാറുക. വായിച്ചാൽ വിളയും എന്ന കുഞ്ഞുണ്ണിക്കവിതയിലെ വരികളാണ് തന്നെ നയിച്ചതെന്ന് കാമ്പ്രൻ അബ്ദുൽ മജീദ് പറഞ്ഞു. കുട്ടികൾ നൂറുമേനിയായി വിളയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പുസ്തകങ്ങൾ എന്ന നിധി കുട്ടികളെ ഏൽപ്പിക്കുന്നതോടെ, വിജ്ഞാനത്തിന്റെ വലിയൊരുശേഖരം നൽകാനായി എന്ന ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ വിപുലമായൊരു പുസ്തകശേഖരമാണ് ‘മാതൃഭൂമി’ ബുക്സുമായി ചേർന്ന് അദ്ദേഹം സ്കൂളിന് കൈമാറിയത്.വിദ്യാർഥികൾക്ക് പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങ് മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ ആർ. ഗിരീഷ് കുമാർ ഉദ്ഘാടനംചെയ്തു. മാതൃഭൂമി വേങ്ങര ലേഖകൻ പി.കെ. മധുസൂദനൻ, സ്കൂൾ മാനേജർ ഡോ. മുഹമ്മദ് അരിക്കാട്ട്, പി.ടി.എ. പ്രസിഡന്റ് സി. ഹസനലി, വൈസ് പ്രസിഡന്റ് പി.കെ. ഹസ്സൻ, മുൻ പ്രസിഡൻറ് എ.പി മജീദ്, എം.സി. അബ്ദുൽ അസീസ്, അധ്യാപകരായ ഇ.ഇ. പാത്തു, എൻ.കെ. ഖദീജ, ബേബി സുമം, വി.പി. വിപിൻ എന്നിവർ പങ്കെടുത്തു. To advertise here, Published: 31 Mar 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
