വലതുമാറുമോ കൊല്ലം ചെങ്കോട്ട, അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്, അടിത്തറയിളകാതെ കാക്കാൻ എൽഡിഎഫ്

വലതുമാറുമോ കൊല്ലം ചെങ്കോട്ട, അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്, അടിത്തറയിളകാതെ കാക്കാൻ എൽഡിഎഫ്

M
MathrubhumiSource Link
11 നിയമസഭാ മണ്ഡലങ്ങൾ. 2021-ൽ അതിൽ ഒൻപതിടത്തും ഉയർന്നുപാറിയത് ചെങ്കൊടി. കോൺഗ്രസ് രണ്ടേരണ്ട് സീറ്റുകളിൽ മാത്രം, കുണ്ടറയിലും കരുനാഗപ്പള്ളിയിലും. അഞ്ചുകൊല്ലത്തിനിപ്പുറം കൊല്ലം ആർക്കായിരിക്കും സുരക്ഷാതീരമൊരുക്കുക? പിടിച്ചെടുക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും തമ്മിൽ നടത്തുന്ന പൊരിഞ്ഞ പോരാട്ടത്തിനാണ് ഇക്കൊല്ലം കൊല്ലം വേദിയാകുന്നത്. To advertise here, പഴയ സഖാക്കൾ തമ്മിൽ കോർക്കുന്ന കൊട്ടാരക്കരയും ഗ്ലാമർ പോരാട്ടം നടക്കുന്ന പത്തനാപുരവും ഒക്കെയായി കൊല്ലത്ത് കാര്യങ്ങൾ കളറാണ്. ചാത്തന്നൂരിൽ താമര വിരിയുമോ എന്ന് ഉറ്റുനോക്കുന്നവരും കുറവല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ ഉൾപ്പെടെയുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തെക്കിലെ ചെങ്കോട്ട നിരാശരാക്കില്ലെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. കരുത്തുതെളിയിക്കുക എന്നതുമാത്രമാണ് എൻഡിഎ ക്യാമ്പിന്റെ ലക്ഷ്യം. മണ്ഡലങ്ങളിലേക്ക്…  1 കൊട്ടാരക്കര കെ.എൻ. ബാലഗോപാൽ (എൽഡിഎഫ്), പി. അയിഷാ പോറ്റി (യുഡിഎഫ്), ആർ. രശ്മി (എൻഡിഎ) എന്നിവരാണ് കളത്തിലെ പ്രമുഖർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കൊട്ടാരക്കര. ആർ. ബാലകൃഷ്ണപിള്ളയെ വീഴ്ത്തി അയിഷാ പോറ്റിയാണ് 2006-ൽ മണ്ഡലം പിടിച്ചെടുത്തത്. വലതുചേർന്നൊഴുകിയ കൊട്ടാരക്കരയെ ഇടതുതീരത്തേക്ക് കൊണ്ടുവന്ന അയിഷാ പോറ്റി ഇത്തവണ യുഡിഎഫ് പാളയത്തിലാണ്. ചെങ്കൊടി വേരുറച്ച മണ്ഡലത്തെ അയിഷാ പോറ്റിയിലൂടെ പിടിച്ചെടുക്കാനാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മികച്ച പ്രകടനം നടത്തിയ ആർ. രശ്മിയെ സ്ഥാനാർഥിയാക്കി എൻഡിഎ ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നു. 2021-ൽ കെ.എൻ. ബാലഗോപാലിന് 68,770 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം-10814. അന്ന് യുഡിഎഫിനു വേണ്ടി മത്സരിച്ച ആർ. രശ്മിക്ക് 57,956 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിയായിരുന്ന വയക്കൽ സോമന് ലഭിച്ചത് 21,223 വോട്ടുകളാണ്. ജി. സുരേഷ് (ഇപിഐ), മാമച്ചൻ ഡാനിയേൽ (ആംആദ്മി), വിൽഫ്രഡ് സഖറിയാസ് (ബിഎസ്പി) എന്നിവരാണ് കൊട്ടാരക്കരയിലെ മറ്റ് സ്ഥാനാർഥികൾ. 2 പത്തനാപുരം കൊല്ലത്തെ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. തുടർച്ചയായി ആറാം മത്സരത്തിനിറങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ ഇത്തവണയും പത്തനാപുരം നിലനിർത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ ഗണേഷ് കുമാറിനോട് പരാജയപ്പെട്ട യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല തന്നെയാണ് ഇത്തവണയും ബലപരീക്ഷണത്തിനുള്ളത്. എൻഡിഎ സ്ഥാനാർഥി അനിൽകുമാറാണ്. ട്വന്റി 20യുടെ സ്ഥാനാർഥിയാണ് ഇദ്ദേഹം. ഒരുകാലത്ത് സിപിഐയുടെ കുത്തകമണ്ഡലമായിരുന്നു പത്തനാപുരം. 2001-ൽ യുഡിഎഫ് സ്ഥാനാർഥിയായി ഗണേഷ് കുമാർ എത്തിയതോടെയാണ് ആ സ്ഥിതി മാറിയത്. 2006-ലും അദ്ദേഹം വിജയം ആവർത്തിച്ചു. ഇതോടെ 2011-ൽ മണ്ഡലം സിപിഎം ഏറ്റെടുത്തു. പക്ഷേ കെ. രാജഗോപാലിനെയും തോൽപിച്ച് ഗണേഷ് കുമാർ ഹാട്രിക് വിജയം നേടി. യുഡിഎഫിനെ വിട്ട് കേരള കോൺഗ്രസ് (ബി) ഇടതിനൊപ്പം ചേർന്നശേഷം നടന്ന 2016-ലും വിജയം ഗണേഷ് കുമാറിനൊപ്പം തന്നെയായിരുന്നു. 2021-ലും വിജയം ആവർത്തിച്ചെങ്കിലും ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ജ്യോതികുമാറിനായി. 67,276 വോട്ടുകളാണ് ഗണേഷ് കുമാർ നേടിയത്. 2016-ൽ 74,429 വോട്ടുകളായിരുന്നു. 24,562 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 14,336 ആയി ചുരുങ്ങി. 52,940 വോട്ടുകളാണ് ജ്യോതികുമാർ ചാമക്കാല നേടിയത്. 3 കൊല്ലം തെക്ക് ഇടതിന്റെ ഉരുക്കുകോട്ടയാണ് കൊല്ലം. അത് നിലനിർത്തുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. എന്നാൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. 2016-ലും 2021-ലും നടൻ കൂടിയായ എം. മുകേഷ് മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ തൊഴിലാളി നേതാവ് എസ്. ജയമോഹനാണ് എൽഡിഎഫിനായി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുകേഷിനോട് ഇഞ്ചോടിഞ്ച് മത്സരിച്ച്, ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാക്കിയ ബിന്ദു കൃഷ്ണ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. 2016-ൽ 63,103 വോട്ടുനേടി, 17,611 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച മുകേഷ്, 2021 ആയപ്പോൾ, 58,524 വോട്ടിലെത്തി. ഭൂരിപക്ഷം 2072 ആയി ചുരുങ്ങി. ആ തിരഞ്ഞെടുപ്പിൽ 56,452 വോട്ടുകളാണ് ബിന്ദു കൃഷ്ണ നേടിയത്. എൻഡിഎ സ്ഥാനാർഥി എം. സുനിൽ 14,252 വോട്ടുകളാണ് നേടിയത്. ഇത്തവണ എൻഡിഎയ്ക്കായി ഡോ. എൻ. പ്രതാപ് കുമാറാ(ബിജെപി)ണ് രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാക്കാനായതാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്. ഇവർക്കുപുറമെ, ആംആദ്മി പാർട്ടിക്കുവേണ്ടി എൽ.ആർ. സിനു, ബിഎസ്പിക്കുവേണ്ടി മൈലോട് സുധൻ എന്നിവരും മത്സരരംഗത്തുണ്ട്. 4 ചവറ ചവറയിൽ ആർഎസ്പിക്ക് ഇത്തവണ ജീവൻമരണ പോരാട്ടമാണ്. 2016-ലും 2021-ലും മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയ ആർഎസ്പിക്ക് ഇത്തവണ ചവറയിൽ വിജയിച്ചേ മതിയാവൂ. പാർട്ടി സെക്രട്ടറി കൂടിയായ ഷിബു ബേബി ജോണിന് ഈ തിരഞ്ഞെടുപ്പ് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ബേബി ജോൺ ആറുതവണ മത്സരിക്കുകയും ആറു തവണയും വിജയിക്കുകയും ചെയ്ത മണ്ഡലമാണ് ചവറ. ഇത്തവണയും ഡോ. സുജിത് വിജയൻപിള്ള തന്നെയാണ് ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി. 63,282 വോട്ടുകൾക്കാണ് 2021-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചത്. 1069 വോട്ടുകളുടെ നിസാരഭൂരിപക്ഷം. 2021-ൽ 62,186 വോട്ടുകളാണ് ഷിബു ബേബി ജോണിന് ലഭിച്ചത്. അതിനുമുമ്പ്, 2016-ൽ സുജിത്തിന്റെ അച്ഛൻ വിജയൻ പിള്ളയോടാണ് ഷിബു പരാജയപ്പെട്ടത്. സ്ഥാനാർഥിയെ തീരുമാനിക്കാൻ അൽപം വൈകിയെങ്കിലും എൻഡിഎയും ശക്തമായി മത്സരരംഗത്തുണ്ട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തവണ ബിജെപിക്കായി കളത്തിലിറങ്ങിയ വിവേക് ഗോപൻ 14,211 വോട്ടുകളാണ് നേടിയത്. മുൻ ആർഎസ്പിക്കാരനാണ് ഇത്തവണത്തെ എൻഡിഎ സ്ഥാനാർഥി കെ.ആർ. രാജേഷ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആർഎസ്പി ബന്ധമുള്ള മൂന്നുപേരുടെ പോരാട്ടമാണ് ഇക്കുറി ചവറയിൽ നടക്കുന്നത്. 5 കുന്നത്തൂർ സംസ്ഥാനത്ത് ഏത് തരംഗം ആഞ്ഞുവീശിയാലും ഇടതിനെ കൈവിടാത്ത മണ്ഡലമായിരുന്നു കുന്നത്തൂർ. കർഷകരും കശുവണ്ടി തൊഴിലാളികളും വിധി നിർണയിച്ചിരുന്ന നാട്. കാലങ്ങളോളം ആർഎസ്പി എന്ന പ്രസ്ഥാനത്തിന്റെ ചുവന്ന മണ്ണായിരുന്ന കുന്നത്തൂർ. എന്നാൽ ഇന്ന് കുന്നത്തൂരിലെ രാഷ്ട്രീയം പ്രവചനാതീതമാണ്. എങ്ങോട്ടും ചായാവുന്ന അവസ്ഥ. പിളർപ്പിലൂടെ ആർഎസ്പിയുടെ ശക്തി ക്ഷയിച്ചതാണ് അതിന് പ്രധാനകാരണം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലേയും പോലെ ഇത്തവണയും ആർഎസ്പികൾ തമ്മിൽ ഏറ്റുമുട്ടുന്നു. 1967-ലാണ് മണ്ഡലം പട്ടികജാതി സംവരണത്തിലേക്ക് വരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടിയ കോവൂർ കുഞ്ഞുമോൻ (എൽഡിഎഫ്), ഉല്ലാസ് കോവൂർ (യുഡിഎഫ്), രാജി പ്രസാദ് (എൻഡിഎ) എന്നിവർ തമ്മിലാണ് ഇത്തവണയും ഏറ്റുമുട്ടുന്നത്. സ്വതന്ത്രനായി മാന്തറ വേലായുധനും എസ്​യുസിഐ സ്ഥാനാർഥി ടി. ശശിധരനും മത്സരരംഗത്തുണ്ട്. 2016-ൽ 75,725 വോട്ടുകൾ നേടി, 20,529 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോവൂർ കുഞ്ഞുമോന് ഉണ്ടായിരുന്നത്. 2021-ആയപ്പോഴേക്കും ഭൂരിപക്ഷം 2790 ആയി കുറയ്ക്കാനായി ഉല്ലാസ് കോവൂരിന്. 69,436 വോട്ടാണ് കഴിഞ്ഞ തവണ കോവൂർ കുഞ്ഞുമോന് ലഭിച്ചത്. ഉല്ലാസ് കോവൂരിന് 66,646 വോട്ടുകൾ ലഭിച്ചു. വോട്ടുകളുടെ വ്യത്യാസം ഇത്തവണ നികത്താമെന്നും വിജയിക്കാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21,760 വോട്ടുകളാണ് രാജി പ്രസാദിന് ലഭിച്ചത്. 6 കരുനാഗപ്പള്ളി ഇടതുകോട്ടയായിരുന്ന കരുനാഗപ്പള്ളിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൊടിനാട്ടി, അതിന് കാരണക്കാരനായ സി.ആർ. മഹേഷ് തന്നെയാണ് ഇത്തവണയും യുഡിഎഫിനായി മത്സരരംഗത്തുള്ളത്. എം.എസ്. താര (എൽഡിഎഫ്), വി.എസ്. ജിതിൻദേവ് (എൻഡിഎ), ലത്തീഫ് (എസ്ഡിപിഐ), ട്വിങ്കിൽ പ്രഭാകർ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)) എന്നിവരാണ് മണ്ഡലത്തിലെ മറ്റ് മത്സരാർഥികൾ. 94,225 വോട്ടുനേടി, 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടാം അങ്കത്തിനിറങ്ങിയ മഹേഷ് 2021-ൽ കരുനാഗപ്പള്ളി പിടിച്ചെടുത്തത്. എൽഡിഎഫിന്റെ ആർ. രാമചന്ദ്രന് 65,017 വോട്ടുകളാണ് ലഭിച്ചത്. 2016-ൽ 69,902 വോട്ടുകളോടെ 1759 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആർ. രാമചന്ദ്രനായിരുന്നു വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ബിറ്റി സുധീർ 12,144 വോട്ട് നേടിയിരുന്നു. 7 പുനലൂർ കന്നിയങ്കക്കാരായ ആറ് സ്ഥാനാർഥികളാണ് ഇത്തവണ പുനലൂരിൽ ജനവിധി തേടുന്നത്. എൽഡിഎഫിനായി സി. അജയപ്രസാദ് (എൽഡിഎഫ്), യുഡിഎഫിനായി നൗഷാദ് യൂനുസ് (മുസ്ലിം ലീഗ്), എൻഡിഎ സ്ഥാനാർഥിയായി രഘുനാഥ് കമുകുംചേരി (ട്വന്റി 20), ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി നെടുമൺകാവ് ഗോപാലകൃഷ്ണൻ, എസ്യുസിഐ പ്രതിനിധിനായി കെ. മഹേഷ്, ബഹുജൻ സമാജ് പാർട്ടി പ്രതിനിധിയായി ജോസ് സാരാനാഥ് എന്നിവരാണ് മത്സരരംഗത്ത്. കഴിഞ്ഞ 30 വർഷമായി ഇടതുമുന്നണിയാണ് മണ്ഡലത്തിൽ ജയിക്കുന്നത്. സിപിഐ നേതാക്കളായ പി.എസ്. സുപാൽ, കെ. രാജു എന്നിവർ മൂന്നുതവണ വീതം നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തിലാണ് 2021-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. ഭൂരിപക്ഷത്തിൽ വർധനവുണ്ടായെങ്കിലും വോട്ടുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. 2016-ൽ 82,136 വോട്ടുനേടി, 33,582 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. രാജു വിജയിച്ചത്. 2021 ആയപ്പോഴേക്കും ഭൂരിപക്ഷം 37,057 ആയി വർധിപ്പിച്ചു പി.എസ്. സുപാൽ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം 80,428 ആയിരുന്നു. യുഡിഎഫിനായി മത്സരിച്ച അബ്ദുറഹ്‌മാൻ രണ്ടത്താണി 43,371 വോട്ടുകളാണ് നേടിയത്. എൻഡിഎയ്ക്കായി മത്സരിച്ച ആയൂർ മുരളി 20,069 വോട്ടുകൾ നേടി. 8 ചടയമംഗലം ചുവപ്പിന്റെ മണ്ണാണ് ചടയമംഗലം, കൊല്ലങ്ങളായി. ചരിത്രത്തിൽ ഒരു തവണ മാത്രമേ മണ്ഡലം വലത്തോട്ട് ചാഞ്ഞിട്ടുള്ളൂ. ജെ. ചിഞ്ചുറാണി (എൽഡിഎഫ്), എം.എം. നസീർ (കോൺഗ്രസ്), ആർ.എസ്. അരുൺരാജ് (എൻഡിഎ), ഷറാഫത്ത് മല്ലത്ത് (എസ്ഡിപിഐ), സ്വതന്ത്രനായ ജി. ജയൻ മൂൺലൈറ്റ് എന്നിവരാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. ചെങ്കൊടി പാറുന്ന മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ചിഞ്ചുറാണി. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ അഞ്ചിലും നേടിയ വിജയമാണ് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്. ബിജെപിക്ക് വളക്കൂറുള്ള മണ്ണിൽ വിജയം പ്രതീക്ഷിച്ച് തന്നെയാണ് എൻഡിഎയും രംഗത്തുള്ളത്. 2016-ൽ മുല്ലക്കര രത്നാകരൻ 71,262 വോട്ടുകൾ നേടി, 21,928 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തിൽ അതേവിജയം നേടാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിഞ്ചുറാണിക്ക് ആയിട്ടില്ല. 2021-ൽ 67,252 വോട്ടുകൾ നേടി, 13,678 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അവർ വിജയിച്ചത്. കഴിഞ്ഞ തവണയും ചിഞ്ചുറാണിയെ നേരിട്ട എം.എം. നസീറിന് 53,573 വോട്ടുകളാണ് നേടാനായത്. എൻഡിഎ സ്ഥാനാർഥി വിഷ്ണു പട്ടത്താനത്തിന് 22,238 വോട്ടുലഭിച്ചു. മുൻ കോൺഗ്രസ് പ്രവർത്തകനായ ആർ.എസ്. അരുൺ രാജാണ് ഇത്തവണ എൻഡിഎ സ്ഥാനാർഥി. 9 ചാത്തന്നൂർ ചാത്തന്നൂരിലും ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫിന് വേണ്ടി ആർ. രാജേന്ദ്രനും യുഡിഎഫിന് വേണ്ടി സൂരജ് രവിയും എൻഡിഎയ്ക്കു വേണ്ടി ബി.ബി. ഗോപകുമാറും. 2016,21 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് ചാത്തന്നൂർ. ഗോപകുമാർ തന്നെയായിരുന്നു ആ രണ്ടുതവണയും സ്ഥാനാർഥി. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ക്യാമ്പ് മത്സരത്തെ കാണുന്നത്. സിപിഐയുടെ ജി.എസ്. ജയലാൽ ആയിരുന്നു 2011 മുതൽ 21 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 17206 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021-ൽ ഇദ്ദേഹം സഭയിലെത്തിയത്. നേടിയ വോട്ടുകൾ 59296. ബിജെപിക്കു വേണ്ടി ഗോപകുമാറിന് സമാഹരിക്കാനായത് 42090 വോട്ടായിരുന്നു. 10 ഇരവിപുരം ചവറയ്ക്ക് പുറമേ ആർഎസ്പി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇരവിപുരം. സ്ഥാനാർഥിനിർണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പൊട്ടലും ചീറ്റലും ഉയർന്നിരുന്നു. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേര് ഉയർന്നുകേട്ടെങ്കിലും സ്ഥാനാർഥിത്വം ലഭിച്ചത് ആർവൈഎഫ് യുവനേതാവായ വിഷ്ണുമോഹന് ആണ്. സിറ്റിങ് എംഎൽഎയായ എം. നൗഷാദ് എൽഡിഎഫിന് വേണ്ടിയും സജി ഡി. ആനന്ദ് ബിഡിജെഎസിനു വേണ്ടിയും കളത്തിലിറങ്ങുന്നു. പത്തുകൊല്ലമായി മണ്ഡലം കയ്യടക്കിവെച്ചിരിക്കുന്ന എൽഡിഎഫിൽനിന്ന് പിടിച്ചുവാങ്ങുക എന്നതു മാത്രമാണ് യുഡിഎഫ് ലക്ഷ്യം. 2021-ൽ 28121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് വിജയിച്ചത്. യുഡിഎഫിന്റെ ബാബു ദിവാകരന് നേടാനായത് 43452 വോട്ടായിരുന്നു. 11 കുണ്ടറ 2021-ൽ അന്ന് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പി.സി. വിഷ്ണുനാഥ് കുണ്ടറ മണ്ഡലം പിടിച്ചെടുത്തത്. 76341 വോട്ടുകൾ നേടി 4454 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു  വിജയം. മണ്ഡലം നിലനിർത്തുക എന്നൊരു ലക്ഷ്യം മാത്രമാണ് യുഡിഎഫ് ക്യാമ്പിനുള്ളത്. അത് പി.സി. വിഷ്ണുനാഥിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. എസ്.എൽ. സജികുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. സാമൂഹികമാധ്യമങ്ങളിൽ താരമായ ഡോ. റോബിൻ രാധാകൃഷ്ണനാണ് ബിജെപിക്കുവേണ്ടി മത്സരത്തിനിറങ്ങുന്നത്. തദ്ദേശ ഫലം ഇങ്ങനെ കൊല്ലം കോർപ്പറേഷൻ ആകെ വാർഡുകൾ-56 യുഡിഎഫ്- 27 എൽഡിഎഫ്- 16 എൻഡിഎ- 12 മറ്റുള്ളവർ-1 ജില്ലാ പഞ്ചായത്ത് കക്ഷിനില എൽഡിഎഫ്- 17 യുഡിഎഫ്- 10 എൻഡിഎ- 0 നഗരസഭകൾ-4 എൽഡിഎഫ്- 3 യുഡിഎഫ് 1 എൻഡിഎ 0 ഗ്രാമപ്പഞ്ചായത്ത്-68 യുഡിഎഫ്- 34 (രണ്ടിടത്ത് നറുക്കെടുപ്പ് വഴി) എൽഡിഎഫ്- 33 എൻഡിഎ- 1

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വലതുമാറുമോ കൊല്ലം ചെങ്കോട്ട, അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്… | Boolokam