വള്ളികുന്നം : വേനൽ കടുത്തതോടെ വള്ളികുന്നത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. മേഖലയിലെ ഭൂരിഭാഗം കിണറുകളും കുളങ്ങളും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളും വറ്റിവരണ്ടു. ജലക്ഷാമം പരിഹരിക്കാൻ കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ രണ്ടുതവണ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ, കനാൽ ശുചീകരണം പൂർത്തിയാവാത്തതിനാൽ ഭൂരിഭാഗം മേഖലകളിലും വെള്ളമെത്തിയില്ല. കനാലിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതുമൂലം ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രധാന കനാലിലും ഉപകനാലുകളിലും ഭൂരിഭാഗം മേഖലകളിലും വെള്ളം എത്താഞ്ഞതിനു കാരണം. To advertise here, കനാലിലൂടെ വെള്ളമെത്തിയാൽ കിണറുകളിലും കുളങ്ങളിലും ഉറവയെത്തി ജലക്ഷാമം പരിഹരിക്കാൻ കഴിയും. കല്ലട ജലസേചനപദ്ധതിയുടെ വലതുകര മെയിൻ കനാലും ഉപകനാലുകളും തുടർച്ചയായി തുറന്ന് വെള്ളമെത്തിച്ചാൽ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും. എന്നാൽ, മിക്കപ്പോഴും കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ കുളങ്ങളിലും മറ്റ് ജലസ്രോതസ്സുകളിലും ഉറവയെത്തുംമുൻപേ കനാൽ അടയ്ക്കുക പതിവായിരിക്കുകയാണ്. ഇതുമൂലം കനാൽ തുറന്നുവിടുന്നതിന്റെ ഗുണം കർഷകർക്കു ലഭിക്കാതെപോകുന്നതായി ആക്ഷേപമുണ്ട്. പരിയാരത്തുകുളങ്ങര, രാമൻചിറ, ലക്ഷംവീട് ജങ്ഷൻ, വള്ളികുന്നംചിറ എന്നിവിടങ്ങളിലെ നാലു ചെറുകിട കുടിവെള്ള പദ്ധതികളിൽനിന്നാണ് ജലവിതരണ അതോറിറ്റി വള്ളികുന്നത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത്. വള്ളികുന്നത്തിന്റെ രൂക്ഷമായ ദാഹം ശമിപ്പിക്കാൻ നിലവിലുള്ള നാലു കുഴൽക്കിണറുകൾ ഉപയോഗിച്ചുള്ള ചെറുകിട കുടിവെള്ള പദ്ധതികൾക്ക് കഴിയുന്നില്ല. ജലസംഭരണിയില്ലാത്തതിനാൽ നേരിട്ട് പമ്പുചെയ്താണ് ജലവിതരണം. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നില്ല. മൂന്നുദിവസത്തിൽ ഒരു തവണയെന്ന നിലയിലാണ് ഇവിടെനിന്ന് ഓരോ മേഖലയിലേക്കും വെള്ളമെത്തുന്നത്. പടയണിവെട്ടത്ത് സമ്പൂർണ കുടിവെള്ള പദ്ധതിക്കായി ജലജീവൻ മിഷൻ ജലസംഭരണി നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. ജലസംഭരണിയിലേക്ക് പ്രായിക്കര പ്ലാന്റിൽനിന്ന് കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇവിടേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള കാലതാമസം കാരണം പദ്ധതി വൈകുന്ന നിലയിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ റവന്യൂവകുപ്പ് വള്ളികുന്നത്തെ 13 സ്ഥലങ്ങളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ക്ഷാമം രൂക്ഷമായിട്ടും കിയോസ്‌കുകളിൽ വെള്ളം നിറയ്ക്കാൻ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. ക്ഷാമം രൂക്ഷമായ മേഖലകളിൽ പഞ്ചായത്ത് ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, മേഖലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇത് പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്. ജലക്ഷാമം മേഖലയിലെ പാടങ്ങളിലെ നെൽക്കൃഷികളെയും പച്ചക്കറി, വാഴ, മറ്റ് ഇടവിളക്കൃഷികൾ തുടങ്ങിയ കരക്കൃഷികളെയും രൂക്ഷമായി ബാധിക്കുന്ന നിലയിലാണ്.
