BoolokamBoolokam

വാക്കുകളിൽ വിസ്മയം, കണക്കുകളിൽ കരുത്ത്: വി.ഡി. സതീശൻ എന്ന തിരുത്തൽ ശക്തി

M
MathrubhumiSource Link
കേരള നിയമസഭയുടെ ചരിത്രത്തിൽ വാക്കുകൾ കൊണ്ട് വിസ്മയം തീർത്തവർ ഏറെയുണ്ട്. എന്നാൽ, കൃത്യമായ കണക്കുകൾ നിരത്തി എതിർപക്ഷത്തിന്റെ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന 'ഡാറ്റാ അധിഷ്ഠിത' രാഷ്ട്രീയത്തിന്റെ വക്താവായി പറയാൻ ഒറ്റ നേതാവേ ഉള്ളൂ- വി.ഡി. സതീശൻ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിനെ പുതുജീവനിലേക്ക് നയിക്കാൻ ഹൈക്കമാൻഡ് കണ്ടെത്തിയ ആ 'തലമുറ മാറ്റത്തിന്റെ' പ്രതിരൂപം ഇന്ന് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ചുവടുവെക്കുമ്പോൾ, അത് ഓരോ രാഷ്ട്രീയ പ്രവർത്തകനും പാഠപുസ്തകമാവുകയാണ്. പാർട്ടിപ്രവർത്തകനിൽ നിന്ന് സംഘാടകനിലേക്കും അവിടെനിന്ന് നേതാവിലേക്കും കേവലമൊരു പരകായപ്രവേശമല്ലത്, വർഷങ്ങളുടെ കഠിനാധ്വാനവും തോൽവികളിൽനിന്നുള്ള കൃത്യമായ ഗൃഹപാഠവുമാണ് സതീശനെ സതീശനാക്കിയത്. To advertise here, പടവുകൾ കയറിയ നേതൃപാടവം 1964 മേയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ കെ.ദാമോദര മേനോന്റെയും വി.വിലാസിനി അമ്മയുടെയും മകനായി ജനനം. പനങ്ങാട് ഹൈസ്‌കൂളിലെ സ്‌കൂൾ ലീഡറിൽ നിന്ന് തുടങ്ങിയ നേതൃപാഠം തേവര എസ്.എച്ച് കോളേജിലും തിരുവനന്തപുരം ലോ അക്കാദമിയിലുമായി പടർന്നു പന്തലിച്ചു. എം.ജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതോടെ സതീശൻ എന്ന പ്രാസംഗികൻ ശ്രദ്ധിക്കപ്പെട്ടു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകനായി 1996-ൽ കന്നിപ്പോരാട്ടവുമായാണ് സതീശൻ പറവൂരിലെത്തുന്നത്. എന്നാൽ സി.പി.ഐയിലെ പി. രാജുവിനോട് നേരിയ വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. തോൽവിയിൽ തളരാതെ അഞ്ച് വർഷം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ച സതീശൻ 2001-ൽ പി. രാജുവിനെ തന്നെ പരാജയപ്പെടുത്തി തന്റെ ആദ്യ നിയമസഭാ വിജയം കുറിച്ചു. ഒരിക്കൽ തോൽപിച്ച പറവൂരുകാർ പിന്നീട് മറ്റൊരു എഎഎൽഎയെപ്പറ്റി ചിന്തിച്ചിട്ടില്ല. 2001-ൽ പറവൂരിൽ നിന്ന് നിയമസഭയിലെത്തിയ വി.ഡി സതീശനും പിന്നീട് മറ്റൊരു മണ്ഡലം തേടിപ്പോയില്ല. 2001, 2006, 2011, 2016, 2021... കാൽനൂറ്റാണ്ടിന്റെ ചരിത്രം. 2012ൽ മികച്ച നിമസഭാസാമാജികനായും തിരഞ്ഞടുക്കപ്പെട്ടു. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവാണ് സതീശനെ നിയമസഭയിൽ വേറിട്ട് നിർത്തിയത്. ഡേറ്റാ മൈനിങ് മുതൽ സാമ്പത്തിക നയങ്ങൾ വരെ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായി പ്രതിപക്ഷ നേതാവ് എന്ന തിരുത്തൽ ശക്തി അപ്രതീക്ഷിതമായാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശൻ എത്തുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ മറികടന്ന് 'ഗ്രൂപ്പുകൾക്ക് അതീതനായ നേതാവ്' എന്ന ഇമേജ് ഉയർത്തിപ്പിടിച്ച് ഏറ്റെടുത്ത നേതൃപദവി. 'പ്രതിപക്ഷം എന്നാൽ വെറുമൊരു എതിർപ്പല്ല, അത് സർക്കാരിനെ തിരുത്താനുള്ള ശക്തിയാണ്' എന്നായിരുന്നു പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നിയമസഭയിൽ നടത്തിയ സതീശന്റെ ആദ്യ പ്രസംഗം. ആരോഗ്യകരമായ സംവാദങ്ങൾക്ക് താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച പ്രസംഗം പ്രതീക്ഷയേറ്റി. പിണറായി വിജയൻ എന്ന 'കരുത്തനായ' മുഖ്യമന്ത്രിയെ നേരിടാൻ പ്രതിപക്ഷ നേതാവ് തിരഞ്ഞെടുത്തത് 'പ്രൊഫഷണലിസം' കലർന്ന, ഡാറ്റാ അധിഷ്ഠിത രാഷ്ട്രീയമായിരുന്നു. കൃത്യമായ കണക്കുകൾ,ശാസ്ത്രീയത, നിയമവശങ്ങൾ, ചരിത്രം...ഓരോ വാർത്താ സമ്മേളനത്തിലും രേഖകൾ ഹാജരാക്കുന്ന 'സതീശൻ സ്റ്റെൽ' സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും വലിയ സ്വീകാര്യത നൽകി. പ്രതിപക്ഷനേതാവായി സ്ഥാനമേറ്റ വി.ഡി സതീശനല്ല ഇന്നത്തെ വി.ഡി സതീശൻ. ഒന്നുമില്ലാതായിപ്പോയേക്കാമായിരുന്ന, അനൈക്യത്തിന്റെ നിഴലിലായിരുന്ന ഒരു പാർട്ടിയെ ആണ് കരളുറപ്പോടെ അയാൾ മുന്നിൽനിന്ന് നയിച്ചത്. ശാസിച്ചും തലോടിയും ആത്മവിശ്വാസം പകർന്നും അയാൾ കോൺഗ്രസിന് പുതുജീവൻനൽകി. ഗ്രൂപ്പുകളിയും മുന്നണി നാടകങ്ങൾക്കും, സാമുദായിക സംഘാടനകൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ചവാക്കുകൾ അയാളെ നിലപാടുകളുടെ രാജാവാക്കി. നയിക്കാൻ മുന്നിലൊരാളുണ്ടെന്ന തോന്നൽ പാർട്ടിക്കും ഊർജമേകി. ഈ തെരഞ്ഞെടുപ്പിൽ തോൽവിയെങ്കിൽ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന കടുത്ത നിലപാടും സതീശനെ വേറിട്ടുനിർത്തി. നൂറ് സീറ്റെന്ന സതീശന്റെ പ്രഖ്യാപനം യുഡിഎഫ് ഏറ്റെടുത്തു. വിമർശകരും നിരീക്ഷകരും ഒരേ സമയം പറഞ്ഞു- 'ക്ലിനിക്കൽ' കൃത്യതയുള്ള രാഷ്ട്രീയം കെ-റെയിൽ വിരുദ്ധ സമരം, ലൈഫ് മിഷൻ അഴിമതി, എഐ ക്യാമറ വിവാദം, കെ-ഫോൺ... സർക്കാരിനെതിരെ ഉയർന്ന ഓരോ വിഷയവും സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി കൃത്യമായി ഉപയോഗിച്ചു. കേവലം രാഷ്ട്രീയ പ്രസംഗത്തിനപ്പുറം, ആധികാരികമായ രേഖകളും കണക്കുകളും സഭയിൽ നിരത്തിയുള്ള പ്രതിരോധത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് പോലും ഉത്തരംമുട്ടി. ഘടകകക്ഷികളുമായുള്ള മികച്ച ബന്ധവും ഗ്രൂപ്പ് വൈരങ്ങൾക്കിടയിലും യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർക്കാനായാതുമായിരുന്നു സതീശന്റെ ഏറ്റവും വലിയ വിജയം 'മതനിരപേക്ഷത എന്നത് ഒരു അലങ്കാരമല്ല, അതൊരു അതിജീവനമാണ്' വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയക്കെതിരെ നടത്തിയ സംവാദം മുതൽ നെല്ലിയാമ്പതി തോട്ടം വിഷയത്തിലെ പരിസ്ഥിതി നിലപാടുകൾ വരെ സതീശനെ 'മിസ്റ്റർ ക്ലീൻ' ഇമേജിലേക്ക് നയിച്ചു. സ്വന്തം മുന്നണിയിലെ നേതാക്കളുടെ നിലപാടുകളെപ്പോലും തിരുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. രണ്ടാം പിണറായി സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു കെ-റെയിലിന്റെ സാമ്പത്തിക പ്രായോഗികതയെയും പാരിസ്ഥിതിക ആഘാതത്തെയും കുറിച്ച് നിയമസഭയിൽ സതീശൻ നടത്തിയ പ്രസംഗം. കണക്കുകൾ നിരത്തിക്കൊണ്ട് 'ഇത് കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ്' എന്ന് അദ്ദേഹം സമർത്ഥിച്ചു. കോവിഡ് കാലത്ത് സർക്കാർ സ്പ്രിംക്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെതിരെയും വി.ഡി സതീശൻ ആഞ്ഞടിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ ഭരണഘടനാപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന്റെയും ഗവർണറുടെയും വീഴ്ചകൾ സതീശൻ ഒരുപോലെ എടുത്തുകാട്ടി. രാഹുൽമാങ്കൂട്ടത്തിലിനെതിരെ വന്ന കേസും ആരോപണങ്ങളും വി.ഡി സതീശനും ക്ഷീണമുണ്ടാക്കിയെങ്കിലും അതിവേഗമുണ്ടായ നടപടി ചർച്ചയായി പരമ്പരാഗത ശൈലികളിൽ നിന്ന് മാറി, സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്ന സതീശൻ പൊതുസമൂഹത്തിലും സ്വീകാര്യനായി. 'മതനിരപേക്ഷത എന്നത് ഒരു അലങ്കാരമല്ല, അതൊരു അതിജീവനമാണ്' എന്ന് സതീശൻ ഓരോ തവണയും ആവർത്തിച്ചു. നെല്ലിയാമ്പതി തോട്ടം വിഷയത്തിലടക്കമെടുത്ത പരിസ്ഥിതി സൗഹൃദ നിലപാടുകൾ, മൃദുഹിന്ദുത്വ നയങ്ങളെയും തീവ്രവാദ ചിന്താഗതികളെയും എതിർത്ത മതേതര നിലപാട്, പ്രളയകാലത്തും മഹാമാരിക്കാലത്തും സർക്കാരിനൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങൾ, പിന്നീട് വന്ന വീഴ്ചകൾ അക്കമിട്ട് നിരത്തിയ വിളിച്ച വാർത്താസമ്മേളനങ്ങൾ.....വി.ഡി സതീശനെ കേരളം ഓരോ തവണവും കൃത്യമായി, സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടേയിരുന്നു. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, വിജയങ്ങളിലേക്ക് പാർട്ടിയെ നയിച്ച ചാണക്യന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ഒപ്പം മുന്നണിയെ ഒരേ സ്വരത്തിൽ അഞ്ച് വർഷം നയിക്കുകയെന്ന ഉത്തരവാദിത്തവും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!