മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജയകൃഷ്ണൻെറ വാക്കോളം എന്ന പുസ്തകത്തെക്കുറിച്ച്; To advertise here, ' മ ഞ്ഞുകാലമാണ്. ഒഴുകുന്ന നദിയെപ്പോലും ശിലാരൂപിയാക്കുന്ന തണുപ്പുകാലം. എങ്കിലും, സന്തോഷത്തിന്റെ ഊഷ്മളതയാണ് നിങ്ങളുടെയുള്ളിൽ' നോർവീജിയൻ എഴുത്തുകാരൻ താർയെയ് വേസസ് എഴുതിയ ദി ഐസ് പാലസ് എന്ന നോവലിനെപ്പറ്റി 'വാക്കോള'ത്തിൽ ജയകൃഷ്ണൻ എഴുതിയ 'തുറക്കാത്ത വാതിലുകളുടെ മഞ്ഞുകൊട്ടാരം' എന്ന ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാണ്. The Ice Palace ഞാൻ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃഭൂമി പത്രത്തിലെ പംക്തിയിൽ ജയകൃഷ്ണൻ ഈ പുസ്തകത്തെക്കുറിച്ച് എഴുതുന്നത്. യുക്തിക്ക് നിരക്കാത്തതാണെങ്കിലും എങ്ങനെ ഈ ആകസ്മികത സംഭവിച്ചു എന്നത് അത്ഭുതപ്പെടുത്തി. സ്ഥിരമായി ഈ പംക്തി വായിക്കാറുണ്ടായിരുന്നു(ഇപ്പോഴും തുടരുന്നു). അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ്. ഞാൻ ഒരിക്കലും കേൾക്കാൻ സാധ്യത പോലുമില്ലാത്ത പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു, അവയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നു. അങ്ങനെ ആ വായനാബന്ധം എന്റെ വായനയെ പുതിയ തലങ്ങളിലേക്ക് എത്തിച്ചു. The Ice Palace ഒരു യാത്രയാണ്. ഉന്നിന്റേയും സിസിന്റെയും യാത്ര. എന്റെ പരിമിതമായ സംവേദനഭൂമികയിൽ ഇത്തരം ലോലമായ പദവിന്യാസങ്ങൾക്കാണ് കൂടുതലായും ഇടമുള്ളത്. ഈ നോവലിൽ ഞാൻ വായിച്ചെടുത്ത മൂർത്തതയുടെ തലത്തിന്നപ്പുറമുള്ള വിചിന്തനത്തെ ജയകൃഷ്ണൻ ഈ ലേഖനത്തിലൂടെ മനസ്സിലാക്കി തന്നു. ഈ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഈ പുസ്തകത്തിലെ എല്ലാ ലേഖനങ്ങളുടെയും അന്തസ്സത്ത. 'നിറങ്ങളുടെ സ്വപ്നം പോലെയൊരു പുസ്തകം' എന്ന മനോഹരമായ ശീർഷകത്തിൽ ജയകൃഷ്ണൻ എഴുതുന്ന റഫയേൽ സാഞ്ചെസ് ഫെർലോഷ്യോയുടെ The Adventures of the Ingenious Alfanhui എന്ന നോവൽ ഒരു എഴുത്തുകാരന്റെ ഭാവന എത്രകണ്ട് വ്യവസ്ഥാപിതരീതിയിൽ നിന്ന് വ്യത്യസ്തമായി ചിറകുവിരിക്കാം എന്നുള്ളതിന്റെ ഒരു സാക്ഷ്യപത്രമാണ്. പത്രത്തിൽ ഈ ലേഖനം വായിച്ചയുടനെ ഞാൻ ഈ പുസ്തകം വാങ്ങി വായിച്ചു. നിറങ്ങളുടെ മായികമായ പ്രപഞ്ചമാണ് ലേഖനത്തിലെ പ്രതിപാദ്യം. വീണ്ടും പുസ്തകത്തിൽ വായിക്കുമ്പോഴും ഇതേ അനുഭവമാണ് എനിക്കുണ്ടായത്. ഏരിയൽ ദോർഫ്മന്റെ Death and the Maiden എന്ന നാടകത്തെക്കുറിച്ചള്ള 'ചോദ്യവും ഉത്തരവും ഒരേ കണ്ണാടിയിൽ' എന്ന ലേഖനവും എന്നെ ഈ പുസ്തകത്തിന്റെ വായനയിലേക്ക് കൊണ്ടുപോയി. വെറും കഥാസാരം പറയുകയല്ലാതെ, ഇതിലെ രാഷ്ട്രീയത്തെപ്പറ്റിയും (ഔഗുസ്‌തോ പിനോച്ചെയുടെ ഏകാധിപത്യ ഭരണത്തെക്കുറിച്ചുള്ള പരാമർശം.), ദോർഫ്മന്റെ മനോഹരമായ കവിതയെക്കുറിച്ചും എഴുതുന്നു. ഈ ലേഖനമാണ് ദോർഫ്മന്റെ മറ്റ് രചനകളിലേക്ക് എന്നെ കൊണ്ടുപോയത്. (Exorcising Terror, Mascara). 'വാക്കോള'ത്തിലെ ഈ ലേഖനം കണ്ടില്ലായിരുന്നെങ്കിൽ ഒരിക്കലും കേൾക്കാൻ പോലും സാധ്യതയില്ലാത്ത ഈ മികച്ച എഴുത്തുകാരനെ ഞാൻ ജീവിതത്തിൽ വായിക്കുകയേ ഉണ്ടാകില്ല. ഏതൊരു പുസ്തകത്തിനും പൂർവജീവിതവും (Fore Life) പശ്ചാത്ജീവിതവും (After Life) ഉണ്ടെങ്കിൽ മാത്രമേ ആ പുസ്തകത്തിന്റെ ദൗത്യം പൂർത്തിയാകുകയുള്ളൂ എന്ന് അൽബെർത്തോ മാംഗ്വെലിന്റെ ഒരു അഭിമുഖത്തിൽ കണ്ടിട്ടുണ്ട്. ഇത് തന്നെയാണ് 'വാക്കോള'ത്തിലെ ലേഖനങ്ങളും ചെയ്യുന്നത്. ഹിഷം മത്താറിന്റെ Anatomy of Disappearance മുതലായ ആത്മകഥാപരമായ കൃതികൾ വായിച്ചിട്ടുണ്ടെങ്കിലും, ഈ പുസ്തകത്തിലുള്ള 'നിറങ്ങളുടെ അപരലോകം' എന്ന അതിമനോഹരമായ ലേഖനം വായിച്ചപ്പോഴാണ് എങ്ങനെ എഴുത്തും ചിത്രകലയും ഒരേ പോലെ ആസ്വദിക്കാം എന്ന് മനസ്സിലായത്. ഈ ലേഖനത്തിന്റെ ആവേശത്തിൽ ഞാൻ മാരിയോ വർഗാസ് യോസയുടെ Way to Paradise തുടങ്ങിയ നോവലുകളും വായിച്ചു. അതാണ് After Life കൊണ്ട് ഉദ്ദേശിക്കുന്നത്. മാംഗ്വെൽ പറയുന്ന Fore Life ഈ പുസ്തകത്തിലെ എല്ലാ ലേഖനങ്ങളിലും കാണാം. താൻ എഴുതുന്ന ലേഖനങ്ങളിലേക്ക് എങ്ങനെ എത്തി എന്നതിന്റെ വിവരണം, ഈ രചനകൾക്ക് ഒരു രൂഢമൂലമായ ആധികാരികത നൽകുന്നു (ഈ പ്രയോഗത്തിന് ബോർഹെസിനോട് കടപ്പെട്ടിരിക്കുന്നു). ബോർഹെസിനെപ്പറ്റി പറയാതെ ഒരു സാഹിത്യവിചാരവും സമഗ്രമാകില്ല എന്ന എന്റെ (ജയകൃഷ്ണന്റെയും) വിചാരത്തെ സാർഥകമാകുന്ന രണ്ട് ലേഖനങ്ങളാണ് ഇതിൽ ഉള്ളത്. ഷുസെ എദ്വാർദു അഗ്വാലുസയുടെ A Practical Guide to Levitation എന്ന കൃതിയുടെ ആസ്വാദനമായ 'മാർകേസിന്റെ സ്വർഗം, ബോർഹേസിന്റെ നരകം' എന്ന ലേഖനമാണ് ഈ പുസ്തകത്തിലേക്ക് എന്നെ എത്തിച്ചത്. ഒരു വിഭ്രാന്തമായ് മിസ്റ്റിക് അനുഭവമാണ് ഈ കൃതി എനിക്ക് തന്നത്. അതിന് കാരണം ജയകൃഷ്ണന്റെ ലേഖനം തന്നെ. ഇല്ലെങ്കിൽ ഞാൻ ഇത് വായിക്കുമായിരുന്നില്ല. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയുടെ മറ്റൊരു പാഠഭേദമായ ഐസ്ലാന്റിക് നോവൽ Powers of Darkness നെക്കുറിച്ചുള്ള പരിഭാഷയിലെ ഡ്രാക്കുള രക്തം കുടിക്കുന്നില്ല.' എന്ന ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ഈ പുസ്തകത്തിനായി ഒരു ഗവേഷകൻ അന്വേഷിച്ചതും കണ്ടെത്തിയതും, പിന്നീട് പ്രസിദ്ധീകരിച്ചതും കൗതുകകരമായ ഒരു വായനയായിരുന്നു. സ്വാഭാവികമായും ഇതിന്റെ വായനയിലേക്ക് എന്നെ ഈ ലേഖനം നയിച്ചു. പൊതുവെ പാശ്ചാത്യ കവിതകൾ വളരെ സംശയത്തോടെ കാണുന്ന ആളാണ് ഞാൻ. ഫിക്ഷൻ എന്ന സങ്കേതത്തിനോടുള്ള പാഷൻ ആയിരിക്കാം ഇതിന് കാരണം. പക്ഷെ 'വാക്കോള'ത്തിൽ വായിച്ച കവിതകളുടെ ആസ്വാദനങ്ങൾ കവിതയിലേക്കും എന്റെ വായന നീങ്ങി. 'സാമ്രാജ്യങ്ങൾ വരും പോകും'എന്ന ലേഖനമാണ് നജ്വാൻ ദർവീഷിന്റെ Exhausted on the Cross എന്ന കവിതാ സമാഹാരം വായിക്കാൻ കാരണമായത്. പിന്നീട് 'വാക്കോള'ത്തിൽ പരാമർശിച്ച സെർഹി ഷെദാന്റെ What We Live For , What We Die For എന്ന സമാഹാരവും മറ്റു പലതും വായിച്ചു. അതിന് ശേഷമാണ് കുറച്ചെങ്കിലും പാശ്ചാത്യ കവിതകൾ മനസ്സിലാക്കാൻ തുടങ്ങിയത്. ഈ സമാഹാരത്തിലെ 65 ലേഖനങ്ങളിലും ഒരു വായനക്കാരൻ ഉണ്ട്. ഒരിക്കൽ പോലും വിധിപ്രസ്താവന നടത്താതെ, പുസ്തകത്തിന്റെ കഥാസാരവർണനകളിൽ ഒതുങ്ങാതെ, ഒരു ജൈവപ്രക്രിയ പോലെ വായനയെ കാണുന്ന എന്നെ പോലെയുള്ളവരെ ഏറെ സന്തോഷപ്പെടുത്തിയ ലേഖനങ്ങളാണ് ഇവയെല്ലാം. പല ദിവസങ്ങളിലായി വായിച്ച ഈ ലേഖങ്ങൾ, ഒന്നിച്ചു വായിക്കുവാനും, പിന്നീട് എപ്പോഴെങ്കിലും എടുത്തു നോക്കാനും, അതുകൊണ്ടുതന്നെ സൂക്ഷിച്ചു വെക്കാനും ഉള്ള പുസ്തകമാണ് 'വാക്കോളം'. Content Highlights: Explores the transformative power of literary essays in shaping reading habits., Highlights the 'After Life' of books through critical analysis and reader engagement., Showcases how cross-cultural literature bridges gaps in personal reading interests., Evaluates the impact of 65 curated literary essays on contemporary readers. Published: 01 Apr 2026, 03:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
