വാൽപ്പാറ ദുരന്തം: അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു

വാൽപ്പാറ ദുരന്തം: അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു

പെരിന്തൽമണ്ണ: വാൽപ്പാറയിൽ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽനിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീൻ എന്ന പത്തുവയസ്സുകാരി ആശുപത്രി വിട്ടു. To advertise here, വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീൻ നാലു ദിവസമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. മസ്‌നീൻ പൂർണമായി സുഖം പ്രാപിച്ചതായി ഡോക്ടർമാർ പറഞ്ഞു. പിതാവ് പാങ്ങ് ഇല്ലിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമിനും ബന്ധുക്കൾക്കും ഒപ്പം അവൾ വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ മാതാവ് മരണപ്പെട്ട വിവരം ഇപ്പോഴും മസ്‌നീൻ അറിഞ്ഞിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിനുശേഷം കുട്ടിയെ വിവരം അറിയിച്ചാൽ മതിയെന്ന് സൈക്കോളജിസ്റ്റുകൾ നിർദേശിക്കുകയായിരുന്നു. മാതാവ് പാങ്ങ് ജി.യു.പി. സ്‌കൂളിലെ എൽ.പി. വിഭാഗം അധ്യാപികയായ ഷക്കീല സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ചുരത്തിന്റെ 13-ാം വളവിൽനിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്നടിഞ്ഞ വാഹനത്തിന്റെ ഉള്ളിൽനിന്ന് അപകടം കണ്ട് ഓടിയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് മസ്‌നീനെ പുറത്തെടുത്തത്. പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിതാവ് അബ്ദുൾ ഹക്കീമും സുഹൃത്തുമെത്തി ശനിയാഴ്ചതന്നെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാങ്ങ് ജി.യു.പി. സ്‌കൂളിൽനിന്ന് അഞ്ചാംതരം പരീക്ഷ കഴിഞ്ഞിരിക്കുകയാണ് മസ്‌നീൻ. ടൂർ പോയ പാങ്ങ് ജി.എൽ.പി. സ്‌കൂളിലാണ് നാലാംക്ലാസ് വരെ പഠിച്ചത്. പാങ്ങുകാർ കൈകോർത്തു ഇനി കരുതലിന്റെ ദിനങ്ങൾ... പാങ്ങ്: തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി സ്‌നേഹിച്ചവർ ഒറ്റദിവസം ഇല്ലാതായതിന്റെ മരവിപ്പ് മറികടക്കാൻ കൈകോർത്തുപിടിക്കുകയാണ് പാങ്ങുകാർ. കുട്ടികൾക്കു മാത്രമല്ല, രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം ഈ അപകടം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇവരുടെയെല്ലാം മാനസികാരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് വലിയ ദൗത്യമാണ്. കൗൺസലിങ്ങിന്റെ ഭാഗമായി കുറുവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാനസിക വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗംചേർന്നു. പാങ്ങ് ചേണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു യോഗം. ദുരന്തത്തിന്റെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷമായിരിക്കും പല വ്യക്തികളിലും പ്രത്യക്ഷപ്പെടുകയെന്ന് മാനസികാരോഗ്യ വിദഗ്ധ ഡോ. ഷാന്റി തോമസ് പറഞ്ഞു. നമ്മളോരോരുത്തരും അവരുടെ കൂടെയുണ്ടെന്ന തോന്നൽ ജനിപ്പിക്കുകയാണ് പരിഹാരം. മാനസികാരോഗ്യ സംഘത്തിന്റെ നിർദേശങ്ങളെ മുൻനിർത്തി വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാലത്തിങ്ങൽ പറഞ്ഞു. പരിപാടിയിലേക്ക് അപ്രതീക്ഷിതമായി മുൻമന്ത്രി വി.എസ്. സുനിൽ കുമാറും വന്നുചേർന്നു. വാൽപ്പാറ ദുരന്തത്തിൽ അവശേഷിച്ചവരെ സംരക്ഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗം കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എം. സക്കീർ, കെ. അബ്ദുൽ അസീസ്, സി. മുംതാസ്, പി.ടി.എ. പ്രസിഡന്റ് കെ.വി. അലി, മുഹമ്മദ് കുട്ടി, ശാരിക, ഡോ. മർവ കുഞ്ഞീൻ, ഡോ. ഷംസുദ്ദീൻ പുലാക്കൽ, സിസ്റ്റർ ഫാത്തിമ എന്നിവർ സംസാരിച്ചു. പാങ്ങ് സ്‌കൂളിൽ പുതിയ അധ്യാപകർ ഇന്നെത്തും പാങ്ങ്: പള്ളിപ്പടി ജി.എൽ.പി. സ്‌കൂളിലേക്ക് പുതിയ അധ്യാപകർ ബുധനാഴ്ച എത്തും. ഉച്ചയ്ക്ക് രണ്ടിന് രക്ഷിതാക്കളും നാട്ടുകാരും പുതിയ അധ്യാപകരും സ്‌കൂളിൽ ഒത്തുചേരും. സ്‌കൂളിലേക്ക് വരാൻ സ്വയം തയ്യാറായവരെയാണ് നിയമിച്ചത്. അവരെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പരിചയപ്പെടുത്താനാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രഥമാധ്യാപകന്റെ താത്കാലിക ചുമതല വഹിക്കുന്ന എം. മുഹമ്മദ് കുട്ടി പറഞ്ഞു. വാൽപ്പാറയിലെ അപകടത്തിൽ അഞ്ച് അധ്യാപകരെ ഒറ്റദിവസംകൊണ്ട് നഷ്ടപ്പെട്ട സ്‌കൂളിന് പ്രത്യേക ഉത്തരവുവഴിയാണ് ഉടനടി അധ്യാപകരെ നിയമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്‌കൂൾ സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നു. Content Highlights: 10-year-old Masneen recovers and is discharged from Maulana Hospital., Psychological counseling initiated for victims and the local community in Pang., Government appoints new teachers for Pallypady GLP School following the tragic loss of staff., Community-led support systems established to manage long-term trauma. Published: 22 Apr 2026, 09:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാൽപ്പാറ ദുരന്തം: അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി… | Boolokam