Last Updated: 18 April 2026, 11:09 PM IST മലയോരപാതകളിലെ ഡ്രൈവിങ്ങിൽ അധികശ്രദ്ധ അനിവാര്യമാണെ ന്ന് വാൽപ്പാറ അപകടം നമ്മെ തെര്യപ്പെടുത്തുന്നു തമിഴ്‌നാട് വാൽപ്പാറ ചുരത്തിലുണ്ടായ അപകടത്തിൽ, മലപ്പുറം വളാഞ്ചേരിക്കടുത്ത പാങ്ങിൽനിന്നുള്ള വിനോദയാത്രാസംഘത്തിലുള്ളവർ മരിച്ചത് വല്ലാത്ത സങ്കടമായി. പാങ്ങ് ഗവ. എൽ.പി. സ്‌കൂളിൽനിന്നുള്ള സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് വാൽപ്പാറ-പൊള്ളാച്ചി ചുരം റോഡിൽ മുന്നൂറ് അടി താഴ്ചയിലേക്കു മറിഞ്ഞത്. സ്‌കൂളിലെ പ്രധാനാധ്യാപികയടക്കമുള്ളവർ മരിച്ചു. ഒരു സ്‌കൂളിനെ മുന്നോട്ടുനയിച്ച ഏതാണ്ടെല്ലാ അധ്യാപകരെയും മരണംകവർന്നു. പാങ്ങ് സ്‌കൂളിലെ ജീവനക്കാരിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപകരടക്കം നാലുപേർമാത്രമാണ്. വേനലവധി ആഘോഷിക്കാൻ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, വാൽപ്പാറ എന്നിവിടങ്ങൾ സന്ദർശിക്കാൻപോയതായിരുന്നു സംഘം. വാൽപ്പാറയിൽനിന്നു നാട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച വൈകീട്ട് ചുരത്തിലെ 13-ാംനമ്പർ ഹെയർപിൻ വളവുതിരിയുന്നതിനിടെ വാഹനം കീഴ്‌മേൽമറിഞ്ഞ് 9-ാംവളവിലേക്കു പതിക്കുകയായിരുന്നു. ഈ പാതയിൽ ആളിയാറിനും അട്ടകട്ടിക്കുമിടയിൽ 13 കിലോമീറ്ററിനുള്ളിൽ 20 കൊടുംവളവുകളാണുള്ളത്. ഇതിൽ എട്ടുമുതൽ 20 വരെയുള്ള വളവുകൾ ഏറ്റവും അപകടം പിടിച്ചവയാണ്. വീതി കുറഞ്ഞ റോഡും കുത്തനെയുള്ള ഇറക്കവുമായതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാം. എതിരേവരുന്ന വണ്ടികൾക്ക് സൈഡ് കൊടുക്കാൻപോലും പറ്റാതെവരും. ചുരമിറങ്ങുമ്പോൾ വാഹനം ഇടയ്ക്ക് നിർത്തിനിർത്തി വന്നില്ലെങ്കിൽ ബ്രേക്ക് ഡ്രം ചൂടായി അപകടത്തിനിടയാകും. കൃത്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്രേക്ക് ഇങ്ങനെ പെട്ടെന്ന് ഇല്ലാതാകുന്ന അവസ്ഥ(ബ്രേക്ക് ഫേഡിങ്) മലയോരപാതകളിൽ ഡ്രൈവർമാരുടെ പേടിസ്വപ്നമാണ്. സിറ്റി, ഹൈവേ ഡ്രൈവിങ് സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമാണ് മലയോരപ്രദേശങ്ങളിലേത്. കൂടുതലും ടോപ് ഗിയറുകളിൽ ഓടിച്ചുപരിചയിച്ച ഡ്രൈവർമാർ മലയോരപ്രദേശങ്ങളിലും ഇതേ രീതി പിന്തുടരുന്നത് അപകടത്തിനിടയാക്കും. മുപ്പതുവർഷംമുൻപ്, 1996 ജൂലായ് ഏഴിന് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് നാനൂറോളം അടി താഴ്ചയിലേക്കുമറിഞ്ഞ് പതിനൊന്നുപേർ മരിക്കുകയും അൻപതോളംപേർക്കു പരിക്കേൽക്കുകയുംചെയ്തിരുന്നു. കനത്ത മഞ്ഞും കോടയുമുള്ള പുലർനേരത്ത് ബസ് വളവുതിരിഞ്ഞ് കൊക്കയിലേക്കു പായുകയായിരുന്നു. അടുത്തകാലത്ത്, 2023 ഓഗസ്റ്റ് 25-ന് വയനാട് മാനന്തവാടിക്കടുത്ത് ജീപ്പ് ഇരുപത്തിയഞ്ച് അടിയോളം താഴ്ചയിലേക്കുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. കൊടുംവളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസുകളും ടെമ്പോ ട്രാവലറുകളും അപകടത്തിൽപ്പെടുന്നത് അടുത്തിടെ പതിവായിട്ടുണ്ട്. 2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിനുപിന്നിലിടിച്ച് ഒൻപതുപേർ മരിക്കുകയും അൻപതോളംപേർക്കു പരിക്കേൽക്കുകയുംചെയ്തു. നമ്മുടെ നാട്ടിൽ റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകൾക്ക് കൈയുംകണക്കുമില്ലാതായിട്ടുണ്ട്. എത്ര കുടുംബങ്ങളുടെ സന്തോഷമാണ് ഈ അപകടങ്ങൾ ഇല്ലാതാക്കുന്നത്? വാൽപ്പാറ ദുരന്തത്തിന്റെ കാരണങ്ങളിലൊന്ന് ഡ്രൈവറുടെ പരിചയക്കുറവാണെന്നാണ് പ്രാഥമികസൂചന. അതിവേഗവും ഡ്രൈവിങ്ങിലെ ധാർഷ്ട്യവുമടക്കമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ എത്രയോ ഉണ്ട്. മലയോരപാതകളിലെ ഡ്രൈവിങ്ങിൽ അധികശ്രദ്ധ അനിവാര്യമാണെന്ന് വാൽപ്പാറ അപകടം നമ്മെ തെര്യപ്പെടുത്തുന്നു. വാഹനമോടിക്കുന്നത് എവിടെയായാലും അതിജാഗ്രത അനിവാര്യംതന്നെ. To advertise here, Published: 18 Apr 2026, 11:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
