റാന്നി : വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള ജനകീയ മാനിഫെസ്റ്റോ വികസനരേഖ എൽ.ഡി.എഫ്. സ്ഥാനാർഥി പ്രമോദ് നാരായണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ.ഡി.എഫ്. പുറത്തിറക്കി. നോളജ് വില്ലേജ് രണ്ടാംഘട്ടം, പുതുതലമുറയെ നാളത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജരാക്കുന്ന റെഡി ഫോർ ടുമോറോ, പാത്ത് ഫൈൻഡർ പദ്ധതികൾ, മണ്ഡലത്തിലെ ചെറുപ്പക്കാർക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള നിക്ഷേപങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ജോബ് ഫെയറുകൾ എന്നിവയൊക്കെ വകസന രേഖയിൽ ഉൾപ്പെടുന്നു. To advertise here, റാന്നി കണക്ട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കും. റാന്നി കൾച്ചറൽ ഫെസ്റ്റ്, വഴിയോരം, റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ടൗൺ സൗന്ദര്യവത്‌കരിക്കാനും പ്രത്യേക പദ്ധതി, അർഹിക്കുന്ന മുഴുവൻ പേർക്കും പട്ടയം, എല്ലാ വീടുകളിലും കുടിവെള്ളം, ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം, കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അവയ്ക്ക് മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ ആക്കുന്നത് വഴി മികച്ച വിപണി ലഭ്യമാക്കാനും പദ്ധതി, ഷീ റൈസ് പദ്ധതിയുടെ രണ്ടാംഘട്ടം, റാന്നി ടൂറിസം സാധ്യതകൾ രണ്ടാംഘട്ടം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കൺവീനർ പി.ആർ. പ്രസാദ് വികസനരേഖ എൽ.ഡി.എഫ്. കൺവീനർ ജോജോ കോവൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വികസനരേഖ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ കരുത്തിൽ വികസനകുതിപ്പ് വാഗ്ദാനവുമായി യു.ഡി.എഫ്. റാന്നി : വികസന സെമിനാറിൽ ഉരുത്തിരിഞ്ഞ പ്രധാന നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. പഴകുളം മധുവിന്റെ വകസനരേഖ പ്രസിദ്ധീകരിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ മണ്ഡലത്തെ പുനരാവിഷ്‌കരിക്കുക എന്നതാണ് റാന്നി വികസന അജണ്ടയിൽ യു.ഡി.എഫ്. പ്രധാനമായും ലക്ഷ്യമടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ യുവതലമുറയെ പ്രാപ്തരാക്കുന്നതിലൂടെ റാന്നിയെ നോളജ് ഹബ്ബ് ആയി മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. കലാ-കായിക പ്രതിഭകളെ വളർത്താനും പമ്പാനദിയെയും മലയോര വിനോദസഞ്ചാര സാധ്യതകളെയും സുസ്ഥിരമായി വികസിപ്പിക്കാനും ഊന്നൽ നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളായ ശുദ്ധജല വിതരണം, പാർപ്പിട പദ്ധതി, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ എ.ഐ. ആൻഡ് റോബോട്ടിക്‌സ്, മെഷ്യൻ ലേണിങ് സ്മാർട്ട് ലാബുകൾ സ്ഥാപിക്കും. തൊഴിലന്വേഷകർക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിൽ ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക് എന്നിവയിൽ ദേശീയ-അന്തർദ്ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. പ്രാദേശിക ഡിജിറ്റൽ ടാസ്‌ക് ഫോഴ്‌സ്, സിവിൽ സർവീസ് അക്കാദമി, പമ്പാനദിയെ കേന്ദ്രീകരിച്ചുള്ള റിവർ ടൂറിസം ഭാഗമായി കയാക്കിങ്, റിവർ റാഫ്റ്റിങ്, പെഡൽ ബോട്ടിങ്. മൾട്ടി-പർപ്പസ് ഇൻഡോർ സ്റ്റേഡിയം, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളിൽ കൾച്ചറൽ സെന്ററുകളും സാംസ്‌കാരിക പരിപാടികളും, റാന്നി പുതിയപാലം പൂർത്തിയാക്കൽ എന്നിവയൊക്കെ ഇതിൽപ്പെടുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന്നുവേണ്ട ശ്രമം നടത്തും.

വികസന രേഖയുമായി എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾ
M
MathrubhumiSource Link
about 1 month ago