പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും മത്സരിച്ച വിജയ് രണ്ടിടത്തും മികച്ചവിജയം നേടി രാഷ്ട്രീയകക്ഷികൾക്കും നിരീക്ഷകർക്കും നിശ്ശബ്ദതരംഗം തിരിച്ചറിയാൻ പറ്റിയില്ല. To advertise here, ചെന്നൈ : ആറുപതിറ്റാണ്ടോളം മാറിമാറി തമിഴ്‌നാട് ഭരിച്ച ഡി.എം.കെ.യെയും അണ്ണാ ഡി.എം.കെ.യെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) നാടകീയ മുന്നേറ്റം. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 234 അംഗ സഭയിൽ 107 സീറ്റുനേടി ടി.വി.കെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ചെറുകക്ഷികളുടെ സഹായത്തോടെ മന്ത്രിസഭ രൂപവത്കരിക്കാനാണ് പാർട്ടി അധ്യക്ഷൻ വിജയ്ന്റെ നീക്കം. അഞ്ചുവർഷത്തെ ഭരണത്തിന്റെ മികവും കേന്ദ്രവിരുദ്ധ പോരാട്ടങ്ങളുടെ നേതൃപദവിയും ഉയർത്തിക്കാണിച്ച് അമിത ആത്മവിശ്വാസത്തോടെ അധികാരത്തുടർച്ച സ്വപ്നംകണ്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ. മുന്നണിയെ തകർത്തെറിഞ്ഞാണ് രണ്ടുവർഷം മുൻപുമാത്രം നിലവിൽവന്ന ടി.വി.കെ.യുടെ ജൈത്രയാത്ര. ഡി.എം.കെ. സഖ്യത്തിന് 74 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ പരാജയപ്പെട്ടു. വിജയിച്ച ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുതിയ സഭയിൽ പ്രതിപക്ഷനേതാവായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പലതവണ വന്ന് പ്രചാരണത്തിന് നേതൃത്വം നൽകിയെങ്കിലും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും നേതൃത്വംനൽകിയ എൻ.ഡി.എ. 53 സീറ്റോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ നാല് എം.എൽ.എ.മാരുണ്ടായിരുന്ന ബി.ജെ.പി.ക്ക് സംസ്ഥാനത്ത് ഒരു സീറ്റുമാത്രമാണ് കിട്ടിയത്. പാർട്ടി സംസ്ഥാനപ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ, തെലങ്കാന മുൻഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവരെല്ലാം പരാജയമറിഞ്ഞു. എൻ.ഡി.എ.യുടെ ഭാഗമായ പി.എം.കെ.യ്ക്ക് അഞ്ചുസീറ്റു കിട്ടി. ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും മത്സരിച്ച ടി.വി.കെ. നേതാവ് വിജയ് രണ്ടിടത്തും മികച്ചവിജയം നേടി. എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, ആധവ് അർജുന തുടങ്ങിയ ടി.വി.കെ. നേതാക്കളും പാർട്ടിയുടെ പുതുമുഖ സ്ഥാനാർഥികളും ജയിച്ചു. ഡി.എം.കെ. സഖ്യത്തിൽ 28 സീറ്റിൽ മത്സരിച്ച കോൺഗ്രസ് അഞ്ചിടത്ത് ജയിച്ചപ്പോൾ പാർട്ടി അധ്യക്ഷൻ കെ. സെൽവപെരുന്തുഗൈ പരാജയപ്പെട്ടു. വിളവങ്കോട് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മലയാളിയായ ടി.ടി. പ്രവീൺ ജയിച്ചു. സി.പി.എം., സി.പി.ഐ., മുസ്‌ലിംലീഗ്, വി.സി.കെ., ഡി.എം.ഡി.കെ. കക്ഷികൾക്ക് രണ്ടുസീറ്റുവീതം ലഭിച്ചു. കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമെതിരേ ശക്തമായ നിലപാടെടുത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശബ്ദമുയർത്തിയ വിജയ്‌ക്ക് യുവാക്കളിൽനിന്നും സ്ത്രീകളിൽനിന്നും ലഭിച്ച അതിശക്തമായ പിന്തുണയാണ് ടി.വി.കെ.യുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നാണ് കരുതുന്നത്. പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും നിരീക്ഷകർക്കും പക്ഷേ, ഈ നിശ്ശബ്ദതരംഗം തിരിച്ചറിയാൻ പറ്റിയില്ല.
