ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടുന്നത് വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടമായവർക്കുള്ള ടൗൺഷിപ്പാണ്. ഇതിനോടൊപ്പം കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന തുരങ്കപാതയും പുതിയ പ്രതീക്ഷയാണ് ഇടതുമുന്നണിക്ക് മുന്നിൽ തുറന്നിടുന്നത്. 2021-ൽ മാനന്തവാടിയിൽ ഒതുങ്ങിയ വിജയം ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും കൂടെപ്പോരുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് യുഡിഎഫിന് അനുകൂലമായ ഘടകം. ജില്ലാ പഞ്ചായത്ത് നിലനിർത്തിയതിനൊപ്പം വയനാട്ടിലെ 23 ഗ്രാമപഞ്ചായത്തുകളിൽ 16 എണ്ണത്തിലും ഭരണമുറപ്പിക്കാൻ യുഡിഎഫിനായി. നഗരസഭയിൽ സുൽത്താൻ ബത്തേരി യുഡിഎഫ് തിരിച്ചു പിടിച്ചപ്പോൾ കൽപറ്റ അവരെ കൈവിട്ടു. മാനന്തവാടി നിലനിർത്തുകയും ചെയ്തു. To advertise here, കല്പറ്റയിൽ ആരായിരിക്കും? കോൺഗ്രസിനും മുസ്ലിം ലീഗിനും രാഷ്ട്രീയ മുൻതൂക്കമുള്ള മണ്ഡലങ്ങളിലൊന്നാണെങ്കിലും ഇരുമുന്നണികൾക്കും അപ്രതീക്ഷിത വിജയവും പരാജയവും ഒരുപോലെ സമ്മാനിച്ചിട്ടുണ്ട് കല്പറ്റ. കഴിഞ്ഞ തവണ താമരശ്ശേരി ചുരം കയറിയെത്തിയ ടി. സിദ്ദീഖ് വിജയക്കൊടി പാറിച്ചു. ഇത്തവണ താൻ കല്പറ്റക്കാരൻ തന്നെയാണ് എന്ന് പറഞ്ഞാണ് സിദ്ദിഖ് രാഷ്ട്രീയ പോരിനിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രകടമായ രാഷ്ട്രീയവോട്ടിലെ മുൻതൂക്കവും അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിലുടനീളം ഉണ്ടാക്കിയ വ്യക്തിബന്ധങ്ങളും ടി. സിദ്ദിഖിന് ആത്മവിശ്വാസമാകുന്നു. എന്നാൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയില്ലെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള ടൗൺഷിപ്പ് യാഥാർഥ്യമാക്കാനായില്ലെന്നതും ഉൾപ്പെടെയുള്ള വികസന ചർച്ചകളാണ് ഇടതുക്യാമ്പ് ഉന്നയിക്കുന്നത്. ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് നൽകാമെന്നേറ്റ വീട് വരെ പൂർത്തിയാക്കാൻ സിദ്ദിഖിന് കഴിഞ്ഞില്ലെന്ന രാഷ്ട്രീയ ആരോപണമാണ് ഏറ്റവുമൊടുവിൽ ഇടതുമുന്നണി ഉന്നയിച്ചത്. ആർ.ജെ.ഡിയെ പ്രതിനിധീകരിച്ച് പി.കെ. അനിൽകുമാറാണ് കല്പറ്റയിൽ ഇടതുപക്ഷത്തിനായി മത്സരിക്കുന്നത്. സർക്കാർ ടൗൺഷിപ്പും തുരങ്ക പായും ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങളും ഇടതുക്യാമ്പ് ചർച്ചയാക്കുന്നു. തോട്ടംതൊഴിലാളി മേഖലയിൽനിന്നുള്ള നേതാവെന്നതും മുമ്പ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായിരിക്കുമ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളും പി.കെ. അനിൽകുമാറിന് തുണയാകുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. എൻ.ഡി.എ.യ്ക്കായി ബി.ജെ.പി. ജില്ലാപ്രസിഡന്റ് പ്രശാന്ത് മലവയൽ തന്നെയാണ് പോരാട്ടത്തിനിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വോട്ടുവിഹിതം ഉയർത്താനായതാണ് അവരുടെ ഏക ആത്മവിശ്വാസം. കല്പറ്റ മണ്ഡലമായി രൂപവത്കരിച്ചതിന് ശേഷം ആദ്യം പ്രതിനിധാനം ചെയ്തത് തൊഴിലാളി നേതാവായിരുന്ന ബി. വെല്ലിങ്ങ്ടൺ ആണ്. കല്പറ്റ മണ്ഡലത്തിൽ നിന്നുള്ള ആദ്യത്തെ മന്ത്രിയും അദ്ദേഹം തന്നെയായിരുന്നു. തുടർച്ചയായ രണ്ടു ജയങ്ങളോടെ അദ്ദേഹം 1970 വരെ കല്പറ്റയെ പ്രതിനിധാനം ചെയ്തു. പിന്നീട് രണ്ടു തവണ കോൺഗ്രസ് പ്രതിനിധികൾ. പി. സിറിയക് ജോണും കെ.ജി. അടിയോടിയും. 1980-ൽ എം. കമലം ജനതാപാർട്ടിയെ പ്രതിനിധീകരിച്ചും 1982-ൽ യു.ഡി.എഫ്. സ്വതന്ത്രയായും വിജയിച്ചു. 1987-ൽ ജനതാപാർട്ടിയെ പ്രതിനിധീകരിച്ച് എം.പി. വീരേന്ദ്രകുമാർ വിജയിച്ചു. 1991 മുതൽ മൂന്നുതവണ കോൺഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രനാണ് കല്പറ്റയെ പ്രതിനിധീകരിച്ചത്. 2006-ലും 2011-ലും എം.വി. ശ്രേയാംസ്‌കുമാർ എം.എൽ.എയായി. 2016-ൽ സി.പി.എമ്മിനൊപ്പം കല്പറ്റ നിന്നു. സി.കെ. ശശീന്ദ്രൻ വിജയിച്ചു. 2021-ൽ ടി. സിദ്ദിഖ് വിജയിച്ചു. മണ്ഡലത്തിന്റെ ഭാഗമായി കല്പറ്റ നഗരസഭയും പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട്, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളുമാണുള്ളത്. പതിവ് രാഷ്ട്രീയചായ്വുകൾ മാറ്റി വൈത്തിരിയും പൊഴുതനയും വെങ്ങപ്പള്ളിയും തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. അതേസമയം, പഞ്ചായത്ത് രൂപവത്കരണം മുതൽ യു.ഡി.എഫിനൊപ്പം നിന്ന മൂപ്പൈനാട് എൽ.ഡി.എഫിലേക്ക് മാറി. മുട്ടിൽ പഞ്ചായത്തിലും കൽപറ്റ നഗരസഭയിലും കൂടി എൽ.ഡി.എഫ്. ഭരണത്തിലെത്തിയപ്പോൾ മറ്റു പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ്. കൃത്യമായ മേൽക്കൈ നേടി. തദ്ദേശതിരഞ്ഞെടുപ്പിലെ ആകെ വോട്ടുനില പരിശോധിക്കുമ്പോൾ 17,669 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് മണ്ഡലത്തിലുള്ളത്. ജില്ലാ പഞ്ചായത്തിലും കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലും നേടിയ വലിയ വിജയങ്ങളും യു.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നു. അതിനാൽത്തന്നെ വിജയമല്ല, ഭൂരിപക്ഷത്തിൽ ഊന്നിയാണ് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുഫലം നോക്കേണ്ടതില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ മാറിമറിയുമെന്നുമാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. ബത്തേരിയിൽ ആര് ഭരണമുറപ്പിക്കും? കർഷക കുടിയേറ്റ മണ്ഡലമായ സുൽത്താൻ ബത്തേരിയുടെ ചായ്‌വ് പലപ്പോഴും വലത്തോട്ടായിരുന്നെങ്കിലും ഇത്തവണ കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മണ്ഡലം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും തന്ത്രങ്ങൾ മെനയുന്നു. കഴിഞ്ഞ മൂന്നുതവണ ബത്തേരിയുടെ എം.എൽ.എയായ ഐ.സി. ബാലകൃഷ്ണനെയാണ് യു.ഡി.എഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ തന്നെയാണ് ഇത്തവണയും പോരിനിറങ്ങുന്നത്. ബി.ജെ.പി. ബത്തേരി മണ്ഡലം പ്രസിഡന്റായ എ.എസ്. കവിതയാണ് എൻ.ഡി.എ.യുടെ സ്ഥാനാർഥി. മണ്ഡലത്തിലെ സുപരിചിതനായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ജനകീയതയും സ്വീകാര്യതയുമാണ് യു.ഡി.എഫിന്റെ പ്രധാന ആയുധം. 2011-ലെ തിരഞ്ഞെടുപ്പിൽ 7583 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ഐ.സി. ബാലകൃഷ്ണൻ 2016-ൽ 11,198 ഉം 2021-ൽ 11,822 ഉം ഭൂരിപക്ഷം ഉയർത്തിയാണ് വിജയിച്ചത്. മുൻ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണനെതിരെ ഉയർന്ന സഹകരണ നിയമന കോഴ ആരോപണങ്ങളും ഗ്രൂപ്പുപോരുമാണ് യു.ഡി.എഫിനെ അലട്ടുന്നത്. രൂക്ഷമായ വന്യമൃഗശല്യം, കാർഷികമേഖലയിലെ പ്രതിസന്ധികൾ, ജപ്തിഭീഷണി, നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത, രാത്രിയാത്രാനിരോധനം, കടമാൻതോട് പദ്ധതി തുടങ്ങിയ ഒട്ടേറെപ്രശ്‌നങ്ങൾ ഇക്കുറി ബത്തേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവ ചർച്ചാവിഷയങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ്. വോട്ടുതേടുന്നത്. എം.എസ്. വിശ്വനാഥനെ സ്ഥാനാർഥിയാക്കുന്നതിലൂടെ മണ്ഡലത്തിൽ നിർണായകസ്വാധീനമുള്ള കുറുമസമുദായത്തിന്റെ വോട്ടുകളും യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്നവരുടെ വോട്ടുകളും തങ്ങൾക്കനുകൂലമാക്കാനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ. ബ്രഹ്‌മഗിരി നിക്ഷേപത്തട്ടിപ്പാണ് അവരെ പ്രതിരോധത്തിലാക്കുന്ന ഘടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമുണ്ടാക്കിയ എൻ.ഡി.എ. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ചപ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 1977-ൽ ബത്തേരി നിയമസഭാ മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. 1966-ൽ പി.വി. വർഗീസ് വൈദ്യരും 2006-ൽ പി. കൃഷ്ണപ്രസാദുമാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ ഭൂരിപക്ഷം ഇവർക്കായിരുന്നു. പി.വി. വർഗീസ് വൈദ്യർ 1296 വോട്ടുകളുടെ ഭൂരിപക്ഷത്തിനും പി. കൃഷ്ണപ്രസാദ് 25,540 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്. പി. കൃഷ്ണപ്രസാദിന്റെ വിജയത്തിനുശേഷം മണ്ഡലം പട്ടികവർഗ സംവരണ മണ്ഡലമായി മാറി. ഇതിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യു.ഡി.എഫിലെ ഐ.സി. ബാലകൃഷ്ണനാണ് വിജയം. മണ്ഡലം രൂപംകൊണ്ട് 1977-ൽ കെ. രാഘവനും 1980, 1982, 1987 വർഷങ്ങളിൽ കെ.കെ. രാമചന്ദ്രനും 1991-ൽ കെ.സി. റോസക്കുട്ടിയും 2001-ൽ എൻ.ഡി. അപ്പച്ചനും യു.ഡി.എഫ്. സ്ഥാനാർഥികളായി വിജയിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷമുയർത്തിയാണ് ഐ.സി. ബാലകൃഷ്ണൻ വിജയം നേടിയത്. എൻ.ഡി.എ. ജില്ലയിലെ അവരുടെ ശക്തികേന്ദ്രമായാണ് ബത്തേരിയെ കാണുന്നത്. ത്രിതലപഞ്ചായത്ത്, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടുനിലയിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ഏറ്റവും ഒടുവിൽനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. 82,718 വോട്ടുനേടിയപ്പോൾ എൽ.ഡി.എഫ്. 68,664 വോട്ടും എൻ.ഡി.എ. 30,026 വോട്ടുമാണ് നേടിയത്. മണ്ഡലത്തിന്റെ പരിധിയിൽവരുന്ന എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചിടത്തും യു.ഡി.എഫിനാണ് ഭരണം. എൽ.ഡി.എഫിന് മൂന്നിടത്തേ ഭരണം ലഭിച്ചുള്ളൂ. പൂതാടിയിലും പുൽപ്പള്ളിയിലും മീനങ്ങാടിയിലുമാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. ഇതിൽ പൂതാടിയിൽ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. പുൽപ്പള്ളിയിലും ഏറ്റവുംവലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്കാണ് എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിനാണ് ഭരണം. മണ്ഡലത്തിന്റെ പരിധിയിലുള്ള ആറ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ അഞ്ചിടത്തും യു.ഡി.എഫ് വിജയിച്ചു. മാനന്തവാടിയുടെ മനസ് ആർക്കൊപ്പം? ഒരു കാലത്ത് യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്നു മാനന്തവാടി. എന്നാൽ കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി എൽഡിഎഫ് അധികാരത്തിലെത്തി. നിഷ്പക്ഷ വോട്ടുകൾ നിർണായകമാകുന്ന മണ്ഡലം കൂടിയാണിത്. കഴിഞ്ഞ പത്തുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫും. റോഡും പാലവും മാത്രവുമല്ല വികസനം എന്നുപറഞ്ഞ് യു.ഡി.എഫും വോട്ടുതേടുകയാണ്. രണ്ടുമുന്നണിയും മാറിമാറി ഭരിച്ചിട്ടും മണ്ഡലത്തിൽ ഒരു വികസനവുമുണ്ടായിട്ടില്ലെന്നാണ് എൻ.ഡി.എ.യുടെ ആരോപണം. എൽഡിഎഫിനായി ഇത്തവണയും ഒ.ആർ കേളുവാണ് മത്സരരംഗത്തുള്ളത്. രണ്ട് പതിറ്റാണ്ടായി ജനപ്രതിനിധിയായി പ്രവർത്തിച്ച ഉഷാ വിജയനാണ് യുഡിഎഫിന്റെ സ്ഥാനാർഥി. യുവനേതാവായ പി.ശ്യാംരാജിനെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. ആദിവാസി ഊരുകളിലെ അടിസ്ഥാനസൗകര്യമില്ലായ്മയും വന്യമൃഗശല്യവും വയനാട് ഗവ. മെഡിക്കൽ കോളേജുമാണ് മാനന്തവാടി മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. തിരുനെല്ലിയിലെ ഗവ. ആശ്രമം സ്‌കൂൾ കണ്ണൂർ ആറളത്തേക്ക് മാറ്റിയതും പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ ആശ്രമം സ്‌കൂളിനായി പണി തുടങ്ങിയ കെട്ടിടം തുടർന്നുഭരണത്തിലെത്തിയ എൽ.ഡി.എഫ്. സർക്കാർ നശിപ്പിക്കുകയാണ് ചെയ്തതെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. മുൻപ് പട്ടികവർഗ ഹോസ്റ്റലായി പ്രവർത്തിച്ച കെട്ടിടമാണ് സ്‌കൂളായി രൂപാന്തരപ്പെട്ടതെന്നും കെട്ടിടം അപകടഭീഷണിയിലായതിനെത്തുടർന്ന് കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് താത്കാലികമായി മാറ്റിയതെന്നും വാദിക്കുന്ന എൽ.ഡി.എഫ്., വന്യമൃഗശല്യം ഏറെയുള്ള വാഹനഗതാഗതസൗകര്യമില്ലാത്ത മക്കിമലയിൽ ആശ്രമം സ്‌കൂളിന് കെട്ടിടം നിർമിക്കാനുദ്ദേശിച്ചത് ആദിവാസികളെ മൂന്നാംകിടക്കാരായി കാണുന്നതിനാലാണെന്നും കുറ്റപ്പെടുത്തുന്നു. കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കർണാടകയിലെ കുടക്, മൈസൂരു ജില്ലകളോട് അതിത്തി പങ്കിടുന്നതാണ് മാനന്തവാടി നിയോജകമണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടുതവണയും ഇപ്പോഴത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ. കേളുവിനായിരുന്നു ജയം. എന്നാൽ, അടുത്തിടെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും അതിനുമുന്നേനടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ലോക്സഭാതിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേടിയത്. തിരുനെല്ലി, എടവക, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട്, പനമരം ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി നിയോജകമണ്ഡലം. ഈ പഞ്ചായത്തുകളിൽ തിരുനെല്ലിയൊഴികെ എല്ലായിടത്തും ഭരണം യു.ഡി.എഫിനാണ്. മുസ്ലിംലീഗ് വോട്ട് മണ്ഡലത്തിൽ നിർണായകമാണ്. രണ്ടരപ്പതിറ്റാണ്ടോളം ജനപ്രതിനിധിയായി പ്രവർത്തിച്ച ഒ.ആർ. കേളുവും രണ്ടുപതിറ്റാണ്ടായി ജനപ്രതിനിധിയായി പ്രവർത്തിച്ച ഉഷാ വിജയനും തിരഞ്ഞെടുപ്പിൽ ഇതുവരെ പരാജയത്തിന്റെ രുചിയറിയാത്തവരാണെന്ന പ്രത്യേകതകൂടിയുണ്ട്. മുൻപ് വടക്കേ വയനാട് എന്ന പേരിലറിയപ്പെട്ടിരുന്ന മണ്ഡലം 2008-ലാണ് പേരുമാറ്റി മാനന്തവാടിയായത്. മാനന്തവാടി മണ്ഡലമായതിനുശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമാണ് മണ്ഡലം നിലകൊണ്ടത്. കന്നിയങ്കത്തിനിറങ്ങിയ പി.കെ. ജയലക്ഷ്മി എം.എൽ.എ പിന്നീട് മന്ത്രിയുമായി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളും മാനന്തവാടി താലൂക്കും ഉൾപ്പെടുത്തി 1957-ലാണ് വടക്കേ വയനാട് നിയമസഭാമണ്ഡലം രൂപവത്കരിച്ചത്. 1965 മുതലാണ് പട്ടികവർഗ സംവരണമണ്ഡലമായത്. ഇതിനുമുൻപുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ കോൺഗ്രസിനായിരുന്നു ജയം. ഇടതുസ്വതന്ത്രനായി മത്സരിച്ച കെ.കെ. അണ്ണനാണ് 1965-ൽ മണ്ഡലം ഇടത്തോട്ടേക്ക് തിരിച്ചത്. 1967-ൽ നടന്ന തിരഞ്ഞെടുപ്പിവും അണ്ണൻ വിജയമാവർത്തിച്ചു. 1970-ൽ നടന്ന തിരഞ്ഞെടുപ്പിൽ എം.വി. രാജനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. 1977-ലും 1980-ലും എം.വി. രാജന് വിജയത്തുടർച്ചയുണ്ടായി. തുടർന്നുള്ള തിരഞ്ഞെടുപ്പിലും കോൺഗ്രസിനുതന്നെയായിരുന്നു മേൽക്കോയ്മ. 1982-ലും 1987-ലും 1991-ലും നടന്ന തിരഞ്ഞെടുപ്പിലൂടെ കെ. രാഘവൻ ഹാട്രിക് വിജയം നേടി. 1996-ലും 2001-ലും കെ. രാഘവന്റെ ഭാര്യ രാധാ രാഘവനിലൂടെ കോൺഗ്രസ് തേരോട്ടം നടത്തി. തുടർച്ചയായി 36 വർഷം കോൺഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം, 2006-ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.സി. കുഞ്ഞിരാമനിലൂടെ എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു. മുസ്ലിംലീഗിലെ പി. ബാലനോട് 15,115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.സി. കുഞ്ഞിരാമൻ വിജയിച്ചത്. മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയെങ്കിലും 2011-ലെ തിരഞ്ഞെടുപ്പിൽ തുടക്കക്കാരിയായ പി.കെ. ജയലക്ഷ്മിയോട് 12,734 വോട്ടിന് തോറ്റു. 2008-ൽ കൊട്ടിയൂർ, കേളകം ഗ്രാമപ്പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തിലേക്ക് ലയിപ്പിച്ച് മാനന്തവാടിയെന്ന പേരുമാറ്റിയശേഷം 2011-ലാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച ഒ.ആർ. കേളു, പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിനാണ് പരാജയപ്പെടുത്തി മണ്ഡലം എൽ.ഡി.എഫിന്റെ കൈകളിലെത്തിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 9282 ആക്കി ഉയർത്തി ഒ.ആർ. കേളു വിജയമാവർത്തിച്ചു.

വിധി നിർണയിക്കുമോ ടൗൺഷിപ്പും തുരങ്കപാതയും? പ്രതീക്ഷയോടെ എൽഡിഎഫ്, തദ്ദേശം ആവർത്തിക്കാൻ യുഡിഎഫ്?
M
MathrubhumiSource Link
about 1 month ago