വിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കുകയർ! ഇസ്രയേലിന്റെ പുതിയ വധശിക്ഷാ നിയമം ലക്ഷ്യമിടുന്നതാരെ?

വിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കുകയർ! ഇസ്രയേലിന്റെ പുതിയ വധശിക്ഷാ നിയമം ലക്ഷ്യമിടുന്നതാരെ?

M
MathrubhumiSource Link
ഇസ്രയേലിന്റെ പുതിയ നിയമത്തിനെതിരെ പലസ്തീൻ ഭരണകൂടവും വിവിധ അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രയേലിന്റെ ഈ നീക്കത്തെ പ്രകോപനമാണെന്നാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇസ്രയേൽ പാർലമെന്റ് പാസാക്കിയ വധശിക്ഷാ ബില്ലിനെതിരെ മുനമ്പിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്നവർ. | Photo : Eyad Baba / AFP ഇ സ്രയേൽ പാർലമെന്റ് പാസാക്കിയ ‘ഭീകരർക്കുള്ള വധശിക്ഷാ നിയമം’ (Death Penalty for Terrorists Bill) ആഗോളതലത്തിൽ വലിയ നയതന്ത്ര-മനുഷ്യാവകാശ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 120 അംഗ പാർലമെന്റിൽ 62 പേർ അനുകൂലിച്ചും 48 പേർ എതിർത്തും വോട്ട് ചെയ്താണ് നിയമം പാസാക്കിയത്. ഇസ്രയേലിൽ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അവയൊന്നും ഇതുവരെ ലക്ഷ്യത്തിലെത്തിയിരുന്നില്ല. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ സജീവമായത്. ഇസ്രയേൽ സൈനിക-ക്രിമിനൽ കോടതികൾ ശിക്ഷിക്കുന്ന പലസ്തീനികൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. To advertise here, 1962-ൽ നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐക്മാന്റെ വധശിക്ഷയ്ക്ക് ശേഷം 60 വർഷത്തിലേറെയായി രാജ്യത്ത് ആർക്കും വധശിക്ഷ നൽകിയിട്ടില്ല. പുതിയ നിയമം ഈ ചരിത്രപരമായ നിലപാടിൽ നിന്നുള്ള വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. പുതിയ നിയമം രാജ്യത്തിനെതിരായ ആക്രമണങ്ങളെ തടയുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോൾ, ഇത് വെറും രാഷ്ട്രീയ പ്രതികാരം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.   പതിറ്റാണ്ടുകളായി   ഇസ്രയേൽ പിന്തുടർന്ന നിയമവ്യവസ്ഥയിൽ വരുത്തുന്ന മാറ്റം വികസിത രാജ്യങ്ങൾക്കിടയിൽ അപൂർവമായ ഒന്നാണ്. ഇത് ഇസ്രയേലിന്റെ ജനാധിപത്യ പ്രതിച്ഛായയെ എങ്ങനെയെല്ലാം ബാധിക്കുമെന്നതാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. വധശിക്ഷ ഇസ്രയേലിൽ ചരിത്രത്തിലിന്നോളം വളരെ കുറച്ച് മാത്രം വധശിക്ഷ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. പലസ്തീനുമായുള്ള നിരന്തര സംഘർഷങ്ങൾക്കിടയിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ, വധശിക്ഷ നടപ്പിലാക്കുന്നതിൽ ഇസ്രയേൽ എല്ലാക്കാലത്തും വലിയ വിമുഖത കാണിച്ചിരുന്നു. രാജ്യം രൂപീകൃതമായതിനുശേഷം ഇതുവരെ രണ്ട് വ്യക്തികളെ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങൾ, ജൂതവംശഹത്യ, തീവ്രവാദം, സുരക്ഷയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾ എന്നിവയാണ് ഇസ്രയേലിലെ വധശിക്ഷാ നിയമങ്ങളെ രൂപപ്പെടുത്തിയത്. വധശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും അവ നടപ്പിലാക്കുന്നത് അത്യപൂർവമാണ്. ഇസ്രയേൽ രാഷ്ട്രം രൂപീകരിക്കുന്നതിന് മുമ്പുള്ള ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും അടിയന്തര സാഹചര്യങ്ങളിലും വധശിക്ഷ നടപ്പാക്കിയിരുന്നു. ആദ്യകാല ഇസ്രയേൽ ഭരണകൂടത്തിലും ഈ നിയമവ്യവസ്ഥയുടെ സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സ്ഥാപകരിൽ പലരും വധശിക്ഷയെ കൊളോണിയൽ അടിച്ചമർത്തലിന്റെ അടയാളമായാണ് കണ്ടിരുന്നത്. 1948-ൽ ഇസ്രയേൽ സ്ഥാപിതമായപ്പോൾ അതുവരെ തുടർന്നുവന്ന ബ്രിട്ടീഷ് നിയമങ്ങളാണ് രാജ്യം താത്കാലികമായി പിന്തുടർന്നത്. ബ്രിട്ടീഷ് കാലത്തെ വധശിക്ഷാ നിയമങ്ങൾ നിലനിർത്തിയെങ്കിലും അവയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. മാത്രമല്ല, സിവിൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തിവെയ്ക്കുകയും ചെയ്തു. ഇസ്രയേലിന്റെ ചരിത്രത്തിലെ ആദ്യത്തെ വധശിക്ഷ ഒരു പിഴവായിരുന്നു. 1948-ൽ ചാരവൃത്തി ആരോപിച്ച് സൈനിക ഉദ്യോഗസ്ഥനായിരുന്ന മെയർ ടോബിയാൻസ്കിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. കോടതി നടപടികൾ പാലിക്കാതെ നടന്ന ഒരു വധശിക്ഷയായിരുന്നു അത്. പക്ഷേ, മരണശേഷം അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതോടെ അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽനിന്നും ഒഴിവാക്കി മരണാനന്തര ബഹുമതി നൽകി ആദരിച്ചു. സംഭവം ഇസ്രയേലിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. രാജ്യത്ത് വധശിക്ഷക്കെതിരായ വികാരം ശക്തമാകാനിത് കാരണമായി. രാജ്യത്തെ വധശിക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാനും സുതാര്യമാക്കാനും ഈ സംഭവം പ്രേരണയായി. ബെഞ്ചമിൻ നെതന്യാഹു | Photo: AFP 1954-ലെ വധശിക്ഷ നിരോധനം ഇസ്രയേലിന്റെ നിയമചരിത്രത്തിലെ വിപ്ലവകരമായ ഒരു നീക്കമായിരുന്നു 1954-ലെ വധശിക്ഷാ നിരോധനം. സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന രീതി പൂർണമായും നിർത്തലാക്കിയ ഈ നിയമം, ഇസ്രയേലിനെ ആഗോളതലത്തിൽ ഒരു ലിബറൽ ജനാധിപത്യരാജ്യമായി അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ഇസ്രയേൽ രൂപീകൃതമായ 1948 മുതൽ 1954 വരെ ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളാണ് പിന്തുടർന്നിരുന്നത്. ബ്രിട്ടീഷ് നിയമപ്രകാരം കൊലപാതകത്തിന് വധശിക്ഷ നിർബന്ധമായിരുന്നു. എന്നാൽ, ജൂത പാരമ്പര്യത്തിൽ വധശിക്ഷ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇതിനൊപ്പം 1948-ൽ ടോബിയാൻസ്കിയെ കോടതി നടപടിക്രമങ്ങൾ പാലിക്കാതെ വധിച്ച സംഭവം ഇസ്രയേലി സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിച്ചു. 1954-ൽ ഇസ്രയേൽ പാർലമെന്റ് വധശിക്ഷ സംബന്ധിച്ച നിയമം പരിഷ്കരിക്കുകയും സാധാരണ കൊലപാതകക്കേസുകളിൽ പ്രതിക്ക് വധശിക്ഷ നൽകുന്നത് നിയമം വഴി നിരോധിക്കുകയും ചെയ്തു. പകരം പരമാവധി ശിക്ഷ ജീവപര്യന്തം (Life Imprisonment) ആയി നിശ്ചയിച്ചു. ജീവൻ പ്രധാനപ്പെട്ടതാണ് എന്ന ജൂതദർശനത്തിന്റെ അടിസ്ഥാനത്തിലാണ് സോഷ്യലിസ്റ്റ് പാർട്ടിയായ മാപ്പായി (Mapai) ഈ നിയമം കൊണ്ടുവന്നത്. വധശിക്ഷ നിരോധിച്ചെങ്കിലും ചില പ്രത്യേക കുറ്റകൃത്യങ്ങൾക്ക് ഇത് പ്രയോഗിക്കാൻ നിയമം അനുമതി നൽകിയിരുന്നു. 1950-ലെ പ്രത്യേക നിയമപ്രകാരം നാസി കുറ്റവാളികൾക്കും അവർക്ക് സഹായം ചെയ്തവർക്കും വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. യുദ്ധസമയത്ത് രാജ്യത്തിന്റെ പരമാധികാരത്തെ അപകടപ്പെടുത്തുന്ന രീതിയിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്കും വംശഹത്യകൾക്ക് നേതൃത്വം നൽകുന്നവർക്കും വധശിക്ഷ നൽകാനും നിയമം അനുവദിച്ചിരുന്നു. ലോകത്തെ പല രാജ്യങ്ങളും വധശിക്ഷ നടപ്പാക്കിയിരുന്ന കാലഘട്ടത്തിൽ ഇസ്രയേലിന്റെ തീരുമാനം പുരോഗമനപരമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈ നിയമം പാസാക്കിയ ശേഷം ഒരേയൊരു വധശിക്ഷ മാത്രമാണ് ഇസ്രയേൽ നടപ്പാക്കിയത്. ഇസ്രയേലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വധശിക്ഷയായിരുന്നു അത്. ജർമ്മനിയിലെ നാസി പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന അഡോൾഫ് ഐക്മാനെ 1962-ൽ തൂക്കിലേറ്റി. ഇസ്രയേലിന്റെ ചരിത്രത്തിൽ നിയമപരമായി വധശിക്ഷ നടപ്പിലാക്കിയ ഏക   സാധാരണക്കാരനായിരുന്നു ഐക്മാൻ. നാസി ജർമ്മനിയിൽ ദശലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയതിന്റെ പ്രധാന സൂത്രധാരനായിരുന്നു ഇയാൾ. ഇസ്രയേൽ ചാരസംഘടനയായ മൊസാദ് അർജന്റീനയിൽനിന്ന് ഇയാളെ പിടികൂടി ഇസ്രയേലിലെത്തിച്ചു. വിചാരണയ്ക്ക് ശേഷം 1962 ജൂൺ 1-ന് ഐക്മാനെ തൂക്കിലേറ്റി. ഐക്മാന്റെ വധശിക്ഷയ്ക്ക് ശേഷം 60 വർഷത്തിലേറെയായി രാജ്യം ആർക്കും വധശിക്ഷ നൽകിയിട്ടില്ല. ഇസ്രയേലിന്റെ പുതിയ വധശിക്ഷാനിയമം സിവിൽ കോടതികളിൽ വധശിക്ഷ നിരോധിച്ചെങ്കിലും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ സൈനിക കോടതികളിൽ ഭീകരവാദ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നൽകാൻ നിയമം അനുവദിച്ചിരുന്നു. വെസ്റ്റ് ബാങ്ക് പോലുള്ള പ്രദേശങ്ങളിൽ സൈനിക കോടതികൾ വഴി വധശിക്ഷ വിധിക്കാൻ നിയമം അനുവദിച്ചിരുന്നുവെങ്കിലും, പ്രായോഗികമായി ഇത് നടപ്പിലാക്കിയിരുന്നില്ല. വിധിക്കണമെങ്കിൽ ജഡ്ജിമാരുടെ സമിതിയിലെ എല്ലാവരും ഒരേപോലെ സമ്മതിക്കണം എന്നതായിരുന്നു ഇതിലെ കടുപ്പമേറിയ നിബന്ധന. മാത്രമല്ല, ഭൂരിഭാഗം കേസുകളിലും പ്രോസിക്യൂട്ടർമാർ വധശിക്ഷ ആവശ്യപ്പെടാറില്ലായിരുന്നു. കാലങ്ങളായി പിന്തുടർന്ന ഈ അലിഖിത കീഴ്വഴക്കത്തിന് തടയിടുക ലക്ഷ്യമിട്ടാണ് 2026 മാർച്ച് 30-ന് നെതന്യാഹു സർക്കാർ ഭീകരവാദികൾക്ക് വധശിക്ഷ നൽകാനുള്ള പുതിയ നിയമം പാസാക്കിയത്. ‌ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി, കൊലപാതകങ്ങൾ നടത്തുന്ന ഭീകരർക്ക് വധശിക്ഷ നൽകുക എന്നതാണ് ഈ നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇസ്രയേൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, അവിടുത്തെ ഒരു പൗരനെയോ താമസക്കാരനെയോ മനഃപൂർവം കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷയോ അല്ലെങ്കിൽ ജീവപര്യന്തം തടവോ നൽകണമെന്ന് നിയമം അനുശാസിക്കുന്നു. പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സൈനിക കോടതികൾക്ക് വധശിക്ഷ ഒഴിവാക്കി അത് ജീവപര്യന്തമായി കുറയ്ക്കാൻ സാധിക്കൂ. ശിക്ഷാവിധി വന്ന് ഏകദേശം 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കണമെന്നും ഇതിൽ പറയുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രധാനമന്ത്രിക്ക് ഇത് 180 ദിവസം വരെ നീട്ടാം. നേരത്തെ വധശിക്ഷ വിധിക്കാൻ മൂന്ന് ജഡ്ജിമാരുടെ  ഏകകണ്ഠമായ തീരുമാനം ആവശ്യമായിരുന്നു. പുതിയ നിയമപ്രകാരം ഭൂരിപക്ഷാഭിപ്രായം മതിയാകും. ഇതിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം പുതിയ നിയമത്തിൽ റദ്ദാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് റിപ്പോർട്ടുകൾ. സൈനിക കോടതികൾക്കും സിവിൽ കോടതികൾക്കും ഈ നിയമം നടപ്പിലാക്കാൻ അധികാരം നൽകുന്നു. എന്നാൽ ക്രിമിനൽ കോടതികൾക്കും അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലെ സൈനിക കോടതികൾക്കും ഈ നിയമം രണ്ട് രീതിയിലാണ് ബാധകമാകുന്നതെന്നാണ് പ്രധാന വിമർശനം. വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളിൽ പലസ്തീനികളെയാണ് പ്രധാനമായും വിചാരണ ചെയ്യുന്നത്. അതിനാൽ തന്നെ നിയമം പ്രധാനമായും പലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഇസ്രയേൽ പൗരന്മാരല്ലാത്തവർക്കും വെസ്റ്റ് ബാങ്കിലെ താമസക്കാർക്കും എതിരെയാണ് ഇത് കൂടുതൽ കർക്കശമായി പ്രയോഗിക്കപ്പെടുക എന്നാണ് വിമർശനം. യഹൂദ വിഭാഗത്തിൽപ്പെട്ടവർ ചെയ്യുന്ന സമാനമായ കുറ്റകൃത്യങ്ങൾക്ക് ഈ നിയമം എത്രത്തോളം ബാധകമാകുമെന്ന ചോദ്യം അന്താരാഷ്ട്രതലത്തിൽ ഉയരുന്നുണ്ട്. ഇസ്രയേൽ പാർലമെന്റ് പാസാക്കിയ വധശിക്ഷാ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ. | Photo by Eyad Baba / AFP എതിർപ്പുകൾ പ്രതിഷേധങ്ങൾ ദശകങ്ങളായി ഇസ്രയേൽ പുലർത്തിപ്പോന്ന 'അലിഖിത വധശിക്ഷ നിരോധനം' ആണ് പുതിയ നിയമത്തിലൂടെ മാറ്റിമറിക്കപ്പെട്ടത്. ഭീകരവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ നൽകുന്നത് എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ നിയമം. ഭീകരാക്രമണങ്ങൾ തടയാൻ ഇത്തരം കഠിനമായ ശിക്ഷകൾ അത്യാവശ്യമാണെന്ന് തീവ്രവലതുപക്ഷ നേതാക്കൾ വാദിക്കുന്നു. രാജ്യത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നവർക്ക് കനത്ത തിരിച്ചടി നൽകുക എന്നതാണ് ലക്ഷ്യം. ഇസ്രയേൽ പുതിയ വധശിക്ഷാ നിയമം കൊണ്ടുവരുമ്പോൾ, അത് 1954-ൽ രാജ്യം സ്വീകരിച്ച നയപരമായ തീരുമാനത്തിൽ നിന്നുള്ള വലിയൊരു പിന്മാറ്റം കൂടിയാണ്. അരനൂറ്റാണ്ടിലേറെയായി ഇസ്രയേൽ കാത്തുസൂക്ഷിച്ച നിയമപരമായ ഔന്നത്യമാണ് ഈ പുതിയ നീക്കത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്രയേലിന്റെ പുതിയ നിയമത്തിനെതിരെ പലസ്തീൻ ഭരണകൂടവും വിവിധ അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രയേലിന്റെ ഈ നീക്കത്തെ പ്രകോപനമാണെന്നാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന് പരമാധികാരമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഇതിനെ വിവേചനപരം എന്ന് വിശേഷിപ്പിച്ചു. ഇസ്രയേലിന്റെ ഈ നീക്കം ആഗോളതലത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിൽ പിന്നോട്ടുള്ള നടത്തമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ രാജ്യങ്ങളും ഈ നീക്കത്തെ ശക്തമായി അപലപിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് ഇസ്രയേൽ പിന്നാക്കം പോകുന്നു എന്നാണ് അവരുടെ പക്ഷം. വിവേചനപരമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇസ്രയേലിനുള്ളിലും രാജ്യാന്തരതലത്തിലും വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. തീരുമാനം ഇസ്രയേലിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബാധിക്കുമെന്ന് രാജ്യത്തെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഈ നിയമം യഹൂദർക്ക് ബാധകമാകുമോ? ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്. ജൂതന്മാർ ഈ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്. പൊതുവിൽ നിയമം എല്ലാ പൗരന്മാർക്കും ബാധകമാണ്. എന്നാൽ പ്രായോഗിക തലത്തിൽ, ഇത് പലസ്തീനികളെയും ഇസ്രയേലിലെ അറബ് വംശജരെയും ലക്ഷ്യം വെച്ചുള്ളതാണ് എന്നതാണ് യാഥാർഥ്യം. ജൂതർക്കെതിരായ ഇത്തരം കേസുകൾ 'ഭീകരവാദം' എന്നതിന് പകരം 'ക്രിമിനൽ കുറ്റം' എന്ന നിലയിലാകും കൈകാര്യം ചെയ്യപ്പെടുക. അതിനാൽ തന്നെ യഹൂദ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഈ നിയമപ്രകാരം വധശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതാണ് ഈ നിയമത്തെ 'വിവേചനപരം' എന്ന് ലോകരാഷ്ട്രങ്ങൾ വിളിക്കാൻ കാരണവും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിധി വന്ന് 90 ദിവസത്തിനുള്ളിൽ തൂക്കുകയർ! ഇസ്രയേലിന്റെ പുതിയ… | Boolokam