പത്തനംതിട്ട : കനത്ത ചൂട് കാരണം മത്സ്യലഭ്യത കുറഞ്ഞത് ജില്ലയിലെ പ്രാദേശിക വിപണികളെ സാരമായി ബാധിച്ചുതുടങ്ങി. ചെറുകിട കടകളിൽ വലിയതോതിൽ മത്സ്യക്ഷാമം നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതോടെ ദിനംപ്രതി മീനിന് വിലയും കൂടുന്നുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ മീനും വ്യാപകമായി എത്തുന്നുവെന്ന് പറയുന്നു. To advertise here, സാധാരണയായി കേരള തീരത്തുനിന്നുള്ള മീനിനേക്കാൾ വിലക്കുറവാണ് പുറത്തുനിന്ന് വരുന്നവയ്ക്ക്. എന്നാൽ, ഇവിടത്തെ മത്സ്യലഭ്യത കുറഞ്ഞതോടെ പുറത്തുനിന്നെത്തുന്നവയ്ക്കും വില കൂടിയിട്ടുണ്ട്. ചൂട് കനത്തതോടെ തീരക്കടലിലെ മത്സ്യലഭ്യതയിൽ കുറവ് വന്നതാണ് മത്സ്യക്ഷാമത്തിന് കാരണമായി പറയുന്നത്. ചൂട് കാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയതായി ഈ മേഖലയിലുള്ളവർ പറയുന്നു. ആഴക്കടലിലേക്ക് പോകാൻ പലർക്കും വേണ്ടത്ര സംവിധാനങ്ങളില്ല. മീനൊഴിഞ്ഞ തട്ടുകൾ ജില്ലയിലെ പ്രാദേശിക മേഖലകളിൽ സജീവമായിരുന്ന മീൻതട്ടുകളിൽ പലതും ഇപ്പോൾ പേരിന് പ്രവർത്തിക്കുകയാണ്. മത്തിയും അയലയുമൊക്കെ വലുപ്പം കുറഞ്ഞവയാണ് കൂടുതലും എത്തുന്നത്. വലിയ മത്തി കിലോ 200, വലിയ അയല 300, കിളിമീൻ 200, കേര 400, മങ്കട 200 തുടങ്ങിയവയാണ് ജില്ലയിൽ ഇപ്പോൾ മീനുകളുടെ ശരാശരി വില. കടൽമീൻ കുറഞ്ഞതോടെ വളർത്തുമീനുകൾ വിപണിയിൽ കൂടുതലായി എത്തുന്നുണ്ട്. എന്നാൽ, ഇവയ്ക്ക് വിലക്കൂടുതലായതിനാൽ സാധാരണക്കാർക്ക് വാങ്ങാൻ ബുദ്ധിമുട്ടാണ്. പുറത്തെ മീനെത്തുന്നുണ്ട് കേരളത്തിലെ മത്സ്യക്ഷാമത്തെ തുടർന്ന് ജില്ലയിലും വ്യാപകമായി ഇതര സംസ്ഥാന മീനുകൾ വിപണിയിലെത്തുന്നുണ്ട്. പുറത്തുനിന്നെത്തുന്ന മത്തിപോലെയുള്ള മീനുകൾക്ക് വലുപ്പം കൂടുതലാണ്. എന്നാൽ, ഇവയിൽ പലതിന്റെയും ഗുണനിലവാരവും പഴക്കവുമൊന്നും അറിയാൻ സാധിക്കില്ല. ഇപ്പോൾ ലഭിക്കുന്ന പല മീനുകളും അധികം ദിവസം ഫ്രിഡ്ജിൽവെച്ച് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് സ്ഥിരമായി മീൻ വാങ്ങുന്നവരും പറയുന്നു. ചൂട് ഇങ്ങനെ തുടർന്നാൽ മേയ് അവസാനംവരെയും മത്സ്യക്ഷാമം തുടർന്നേക്കുമെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. അങ്ങനെയെങ്കിൽ മീനിന്റെ വില ഇനിയും ഉയർന്നേക്കാം.
